Foto

ഹൃദയഴാങ്ങളില്‍ സ്നേഹകരുതല്‍ നിറച്ച വിശുദ്ധ ചൈതന്യം.

Taniya George M.Id (Missionary Idente)
 

 

ചുവന്ന തിരുവസ്ത്രങ്ങള്‍, മുഖത്ത്  കടലാഴങ്ങളുടെ ശാന്തത, സ്നേഹവായ്പ്പിന്റെ ആര്‍ദ്രത, കോര്‍ത്ത് വച്ച കൈകളില്‍ ജപമാല...., നിത്യതയിലേക്ക് മടങ്ങുകയാണ് സ്നേഹനിധിയായ ബെനഡിക്ട് പതിനാറാമന്‍ മാര്പാപ്പ...വിരമിക്കലിന് ശേഷം പാപ്പ താമസിച്ച വത്തിക്കാന്‍ തോട്ടത്തിലെ മാത്തര്‍ എക്ലേസിയ ആശ്രമത്തിലെ ചെറിയ ചാപ്പലില്‍ ഒരുവട്ടം കൂടെ പാപ്പക്കൊപ്പമാകാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നു....ഈ കൂടിക്കാഴ്ച, ഏറെ പ്രാര്‍ത്ഥിച്ചൊരുങ്ങി പപ്പാ ആഗ്രഹിച്ചിരുന്ന  നിത്യതയിലേക്കുള്ള യാത്രാവസരത്തിലാണെന്നറിയുമ്പോള്‍, ഇനിയൊരിക്കലും ഒരു നേര്‍ക്കാഴ്ച ഈ ഭൂമിയിലില്ലെന്നറിയുമ്പോള്‍ ഉള്ളു വിങ്ങുന്നു......  

പാപ്പായോട് വിടപറയാന്‍ ഇങ്ങനെയൊരു അവസരമുണ്ട് എന്ന കേട്ടപാടെ  വെമ്പലോടെ ഓടിയെത്തിയത് വിദൂരതകളില്‍ വായിച്ചും കേട്ടുമറിഞ്ഞ കത്തോലിക്കാ സഭാതലവനായ പാപ്പായെ കാണാനായിരുന്നില്ല; കരുതലോടും സ്നേഹത്തോടും കൂടെ എന്നെയടക്കം സഭയിലെ ഓരോ മക്കളേയും ചേര്‍ത്തു നിറുത്തിയിരുന്ന വലിയ പിതാവിന്‍റെ സ്വര്‍ഗയാത്രയില്‍ അല്‍പനേരം കൂടെയാകാനായിരുന്നു...വിതുമ്പലുകളടക്കി, നിറമിഴികളോടെ, ഹൃദയത്തില്‍ പ്രാര്‍ത്ഥനകള്‍ നിറച്ച്  ഏറെ നേരം...
ഇടക്കൊന്നു കണ്ണോടിച്ചപ്പോള്‍, ആദ്യമായി ഇവിടെ പരിശുദ്ധകുര്ബ്ബാനയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന  പാപ്പയുടെ സെക്രട്ടറി ആര്ച്ച്ബഷപ്പ് ഗ്യോര്ഗ്ക് ഗാന്സ്വഅയിനും, “memores domini” സമര്പ്പി ത സമൂഹത്തിലെ സഹോദരിമാരും, വിയോഗത്തിന്റെ വ്യഥകള്‍ക്കും  സ്വര്‍ഗസമ്മാനത്തിനു യാത്രയായ തങ്ങളുടെ വത്സലപിതാവിന്റെ ഓര്‍മകള്‍ക്കും ഒപ്പം  നിതാന്ത പ്രത്യാശയുടെ  പ്രതീക്ഷകളോടെ അരികിലുണ്ട്...

കണ്ടു കോരിത്തരിച്ചിരുന്ന സമയം... വിശ്വാസികളെ ഇരു കൈകളുമുയര്‍ത്തി  അനുഗ്രഹിക്കുമ്പോള്‍ ഹൃദയത്തില്‍  ആഴത്തിൽ പതിഞ്ഞ മാർപാപ്പയുടെ നോട്ടം...  പലതവണ പല പരിപാടികളിലായി ദൂരെയും അടുത്തുമൊക്കെയായി പലതവണ കണ്ട പപ്പാ....വത്തിക്കാനിലെ ജോലിക്കിടെ, സംഗീതപ്രിയനായ പാപ്പ ഒരിക്കല്‍ പങ്കെടുത്ത ക്ലാസിക്കല്‍ സംഗീത നിശക്കിടെ  കൂട്ടുകാരി മിറിയത്തോടൊപ്പം ഒരുമിനിട്ടു ഒരുവാക്ക് സംസാരിച്ചു കൈകൊടുത്തു അത്ഭുതമൂറി നിന്ന പാപ്പ..മനസ്സില്‍ ഒരുപ്പാട്‌ ജീവനുള്ളഓര്‍മ്മകള്‍ നിറഞ്ഞു...ആ പാപ്പ  എന്നോടൊപ്പം നില്‍ക്കുന്നു, സംസാരിക്കുന്നു അനുഗ്രഹിക്കുന്നു...  

വായിച്ചതും കേട്ടതുമായ അറിവാകാനിടയില്ല  ആളുകളെ അടുത്തറിയുമ്പോഴെന്നത് പലപ്പോഴും ഞാനറിഞ്ഞ സത്യമാണ്... പാപ്പയെ കേട്ടിരിക്കുമ്പോള്‍ അത് കൂടുതല്‍ ബോധ്യമാവുകായിരുന്നു. 2005ല്‍ ജോണ്പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്ഗാമിയായി ജര്‍മ്മന്‍കാരനായ കര്ദിനാള്‍ റാറ്റ്സിങ്ങര്‍ സ്ഥാനമേറ്റപ്പോള്‍ രണ്ടര പതിറ്റാണ്ടുകാലം വിശ്വാസകാര്യങ്ങള്ക്കു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവനായത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ ധീര പോരാളി, സംരക്ഷകന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ക്കൊപ്പം കര്ക്കകശക്കാരന്‍, വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുള്ളയാല്‍, എന്നു മുതല്‍ ജർമ്മൻ ഷെപ്പേർഡ് എന്നുവരെ  മാധ്യമങ്ങള്‍ തലകെട്ടുകള്‍ ഒരുക്കി... അല്ലെങ്കിലും മാധ്യമങ്ങള്‍ക്ക് പലപ്പോഴും പാപ്പയെ  ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. വത്തിക്കാന്‍റെ മാധ്യമരംഗത്ത്  ശുശ്രൂഷ ചെയുന്ന കാലത്ത്  മാധ്യമങ്ങളും മാര്പാ്പ്പയും തമ്മിലധികം അടുത്തു പോകാത്തതിന്റെ് ചില കാരണങ്ങളിലൊന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അഗാധ പാണ്ഡിത്യമുള്ള പാപ്പയുടെ   ഓരോ വാക്കിന്‍റെയും അര്ത്ഥ തലങ്ങള്‍ തിരിച്ചറിഞ്ഞ്, ജനകീയ ഭാഷയിലേക്ക് മാറ്റിയെടുക്കുന്നത് കഠിനമാണ്. അദ്ദേഹത്തിന്റെയ വാക്കുകളും ചിന്തകളും വാർത്തകൾ ആക്കുക എളുപ്പമല്ല,  ദൈവശാസ്ത്ര പരിശീലനമോ, സഭാചരിത്രമോ ഒക്കെ അറിയാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസിലാക്കാനോ വ്യാഖ്യാനിക്കാനോ ബുദ്ധിമുട്ടാണ്.അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഉള്കൊള്ളുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു, വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, മനസാ വാച അറിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടു. സെന്സേ്ഷണിലിസത്തിന്റെ, തിരകളില്‍ പലതവണ ഇരയാക്കപ്പെട്ട അദ്ദേഹം അതിന്റെ് പേരിലും ആരോടും കലഹിച്ചില്ല, വേദനയോടെ അതുള്ക്കൊണ്ടു കാണണം. എന്നാല്‍ ഭൂകമ്പം പോലെ അപ്രതീക്ഷിതമായെത്തിയ രാജിയോടെ അദ്ദേഹത്തോടുള്ള മാധ്യമ നിലപാട് കുറേ മാറി. അന്നുവരെ രൂക്ഷമായി ആക്രമിച്ചിരുന്ന മാധ്യമപ്രവര്ത്തകകരില്‍ പലരും ഞൊടിയിടയില്‍ മലക്കം മറിഞ്ഞു, അദ്ദേഹത്തെ പുകഴ്ത്തി, വാഴ്ത്തി. മാധ്യമങ്ങളുടെ ആക്രമണങ്ങളെപ്പോലെ തന്നെ അവയുടെ പ്രശംസയും അദ്ദേഹം നിസംഗതയോടെ കണ്ടിരിക്കണം. ലോകത്തോടല്ലല്ലോ ദൈവത്തോടായിരുന്നില്ലേ അദ്ദേഹത്തിന് കൂറ്. ദൈവ സന്നിധിയില്‍ 

സ്വന്തം മനസാക്ഷി പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ആള്‍ വേറെ ആരെബോധ്യപ്പെടുത്തണം, എന്തിനെ ഭയപ്പെടണം? ഒരിക്കലും മാധ്യമങ്ങൾ അതുവരെ ഉണ്ടാക്കി വെച്ചിട്ടുള്ള ഇമേജല്ല ശരിക്കും മാര്പാപ്പയുടേത്.. ഒരുപാട് സ്നേഹമുള്ള,മിതഭാഷിയായ, സ്വല്പം ലജ്ജാലുവായിട്ടുള്ള പണ്ഡിതശ്രേഷ്ഠന്‍റെ  ഒരംശംമാത്രമേ ലോകം മാധ്യമങ്ങളിലൂടെ കണ്ടുള്ളൂ . അറിവിന്റെ ആഴത്തിനപ്പുറം ലളിതമായൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തോട് അടുത്തിടപഴകിയ ആര്ക്കും  അദ്ദേഹത്തിന്റെട വാത്സല്യപൂര്വ്വരമായ പെരുമാറ്റം മറക്കാനാവില്ല. കർദിനാൾ ആയിരിക്കുമ്പോഴും വത്തിക്കാന്റെ‍ തെരുവുകളിലൂടെ സ്വന്തം ബാഗും കയ്യിലേന്തി നടക്കുന്ന അദ്ദേഹം എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ ഇഷ്ടപ്പെട്ടു.സാത്വികനും സാധുവുമായ അദ്ദേഹം ആരോടെങ്കിലും കയര്ത്തു  സംസാരിച്ചതായോ ബഹളമുണ്ടാക്കിയതായോ പറഞ്ഞു കേട്ടിട്ടില്ല. അതേസമയം സത്യം പറയുന്നതില്‍  നിന്നോ സഭയുടെ ധാര്മ്മിസക മൂല്യങ്ങളും ദൈവശാസ്ത്ര സത്യങ്ങളും ഉയര്ത്തി പ്പിടിക്കുന്നതില്‍ നിന്നോ അദ്ദേഹം അണുവിട വ്യതിചലിച്ചുമില്ല.   
സഭയുടെ പഞ്ചക്ഷതങ്ങള്‍ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ സഭയിലെ വീഴ്ചകള്‍ പരസ്യമായി ചൂണ്ടിക്കാണിച്ച അന്തോണിയോ റോസ്മിനിയെ വാഴ്ത്തപ്പെട്ട പദത്തിലേക്കുയര്ത്തിയതും, മാമോദീസ സ്വീകരിക്കാതെ മരണമടയുന്ന കുട്ടികൾ ലിംബോ എന്ന ശുദ്ധീകരണ സ്ഥലത്തേക്ക് പോകുമെന്ന് പറയുന്നത് ദൈവശാസ്ത്ര സത്യമല്ല, ഒരഭിപ്രായമായിരുന്നു എന്നും യാതൊരു പാപവും ചെയ്യാതെ അങ്ങനെ മരണമടയുന്ന കുഞ്ഞുങ്ങള്‍ ദൈവതിരുമുഖം കണ്ട് ആനന്ദിക്കുമെന്ന പ്രത്യാശയാണ് സഭയ്ക്കുള്ളതെന്നും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ സ്ഥിരീകരിച്ചതും  അദ്ദേഹത്തിന്റെ് ഭരണകാലത്താണ്. (20 April 2007) ഇനിയും ഒരു പരിഹരിക്കാത്ത ദൈവശാസ്ത്ര പ്രശ്നങ്ങൾ സഭയിലുണ്ട് എന്ന് എളിമയോടെ അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്.  

ഇന്ത്യയെക്കുറിച്ച് , ഇന്ത്യൻ സംസ്ക്കാരത്തെക്കുറിച്ച്, ഇന്ത്യയിലെ വസ്ത്രധാരണ രീതികളെക്കുറിച്ച് ഒക്കെ പപ്പായ്ക്ക് അറിയാമായിരുന്നു. ഞാന്‍  കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ കേരള സഭയെക്കുറിച്ച് വ്യക്തമായ ധാരണകളോടെ  ഏറെ മതിപ്പോടെ കുറെ കാര്യങ്ങള്‍...."ജീവിക്കുന്ന സഭയെ ഞാൻ ഇവിടെ കാണുന്നു" എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച  പാപ്പയുടെ അവസാനത്തെ പൊതുകൂടിക്കാഴ്ച്ചയായിരുന്നു ആ നേരം എന്റെ മനസ്സില്‍..വലിയ മുക്കുവന്റെ കരുതല്‍ കാലങ്ങള്‍ക്കും സമയങ്ങള്‍ക്കും അതീതമാണെന്ന അമ്പരപ്പില്‍ ഞാനിരുന്നു...അറിവിന്റെ ആഴവും, വിശ്വാസത്തിന്റെ കരുത്തും, സഭയോടുള്ള വിശ്വസ്തതയും, നിലപാടുകളിലെ നിശ്ചയദാര്ഢ്യംവും അദ്ധേഹത്തിന്റെ വാക്കുകളില്‍ ലോകം അനുഭവിച്ചറിഞ്ഞതാണല്ലോ. പപ്പയോടുള്ള 'ആരാധന' മൂത്ത് ഞാന്‍ പണിപെട്ട് വായിച്ചെടുത്ത രചനകളെല്ലാം ഈ അറിവാഴങ്ങളുടെ അത്ഭുതങ്ങളാണ്...1968ല്‍ പ്രൊഫസറായിരുന്നപ്പോഴുള്ള ക്ലാസ് നോട്ടുകളില്‍ നിന്ന് പ്രസിദ്ധീകരണത്തിലേക്കെത്തിയ,  2000ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പുതിയൊരു ആമുഖത്തോടെ പരിഷ്കരിച്ച 

ഇറക്കിയ Introduction to Christianity എന്ന ഗ്രന്ഥം  വിശ്വാസത്തിന്റെ ദൈവശാസ്ത്ര അടിസ്ഥാനങ്ങളെ വ്യക്തമായി വ്യാഖ്യാനിച്ചു ബോധ്യപ്പെടുത്തുന്ന ഒരു ദൈവശാസ്ത്ര നിധിയാണ്‌. കൃസ്തുവുമായി വിജാതിയരെ പോലും വ്യക്തിബന്ധത്തിലേക്ക് നയിക്കുന്ന 'ജീസസ് ഓഫ് നസ്രത്ത്' (മൂന്ന് വാല്യങ്ങള്‍), വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ദൈവശാസ്ത്ര സഭാ പഠനങ്ങളെ പ്രയോഗികതയുടെ സാധ്യതകളായി ലോകത്തിനു മുന്നില്‍ തുറവിയോടെ അവതരിപ്പിക്കുന്ന 'ദേവൂസ് കാരിത്താസ് എസ്ത്' (2005), 'സ്പേ സാല്‍വി' (2007), കാരിത്താസ് ഇന്‍ വെരിത്താത്തെ'(2009)...ഇനിയുമേറെ...പ്രത്യേകിച്ച്, അത്താഴ വിരുന്നില്‍ നിന്നും കാല്‍വരിക്ക് യാത്രയായ  ക്രിസ്തുവിന്‍റെ  പ്രതിപുരുഷന്‍  പരമാധികാര സ്ഥാനത്തുനിന്ന് സന്ന്യാസാശ്രമത്തിലേക്കു പ്രവേശിക്കുന്നതിന് മുന്ന് നടത്തിയ പ്രഭാഷണങ്ങള്‍ പലതും പഠനമേഖലകളുടെ അനന്ത സാധ്യതാണ്... 

പിന്നീട് ഞാന്‍ അംഗമായിരിക്കുന്ന  നവീന സമര്‍പ്പിത സമൂഹം ഇദെന്തേ മിഷനറി സഭയെക്കുറിച്ചും (Idente Missionaries) സഭാ സ്ഥാപകന്‍റെ  നാമകരണ നടപടികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഞങ്ങളുടെ സഭാസ്ഥാപകനായ ഫെര്ണാണ്ടോ റിയലോയും (Fernando Rielo) നല്ലൊരു ചിന്തകനാണ്. തത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ നൂതനമായ പലകാര്യങ്ങളും ഒരുപാട് എഴുതിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ് ചിന്തകളൊക്കെ വത്തിക്കാൻ സസൂക്ഷ്മം നിരീക്ഷിച്ചതിനുശേഷമേ നാമകരണ നടപടികള്‍ തുടങ്ങാനാവൂ എന്നു പറഞ്ഞതോടൊപ്പം  “എഴുതുന്നത് കുഴപ്പമാണ്” എന്ന് ഒരു കുസൃതിചിരിയോടെ കൂട്ടി ചേര്‍ത്തു.  ഇത്രയധികം എഴുതിയിട്ടുള്ള മാർപ്പാപ്പതന്നെയാണോ അതു പറയുന്നെന്നതറിയാതെ അമ്പരന്നു നിന്നു.
സ്പെയിനില്‍ ആരംഭിച്ച ഞങ്ങളുടെ സഭയെ മാര്പാപ്പയുടെ നേരിട്ടുള്ള ഭരണപരിധിയിലേക്ക്  (Pontifical right) ഉയര്‍ത്തിയത്‌ ബെനഡിക്ട് പതിനാറാമന്‍ മാര്പാപ്പ തന്നെയാണ് (2009ല്‍) എന്നത് ദൈവീക പദ്ധതികളുടെ ചരിത്ര പൂര്‍ത്തീകരണമാകാം.  
  
അന്നത്തെ ആ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും വളര്‍ന്നു... ആവേശം കൊണ്ട്  ഞാന്‍ പാപ്പക്ക് പള്ളിയിലേയും ദൈവശാസ്ത്ര ക്ലാസിലേയും വിശേഷങ്ങളൊക്കെ വിശദീകരിച്ച് ഒരുപാടു കത്തുകളെഴുതി. . വിശേഷാവസരങ്ങളില്‍ കാര്ഡുകളോ പൂക്കളോ അയച്ചു. ഓരോ തവണയും  ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ എന്തെങ്കിലും ഒരു അടയാളം മറുപടി ആയി കിട്ടി...ഫോട്ടോ, കാര്ഡ്,  ഒരു ചിത്രം, ആശംസാവാചകങ്ങള്‍ അങ്ങനെ എന്തെങ്കിലും. നിത്യവ്രതവാഗ്ദാനത്തിന്റെ അവസരത്തില്‍ അദ്ദേഹത്തിൻറെ ആശീർവാദം അഭ്യര്ത്ഥിച്ചപ്പോള്‍, ആശീര്‍വാദം  കുറിച്ചിട്ട ഒരു പുസ്തകം സമ്മാനമായി അയച്ചു. നിറസ്നേഹത്തിന്റെ നേരടയാളങ്ങളായി നിധിപോലെ സൂക്ഷിക്കുന്ന ഈ കരുതല്‍ സമ്മാനങ്ങളെല്ലാം ഒരിക്കല്‍ തിരുശേഷിപ്പുകളാകുമെന്ന പ്രാര്‍ത്ഥനയും പ്രത്യശയുമാണിപ്പോള്‍.  
ഔദ്യോഗികതയുടെ കാര്‍ക്കശ്യതകള്‍ക്കൊപ്പം അതിരുകളാല്‍ വലം വക്കാനാവാത്ത സ്നേഹ നന്മകളുടെ കാവലാളയിരുന്നു പാപ്പാ.. ഗുരു പഠിപ്പിച്ച സ്നേഹ പ്രമാണത്തിന്‍റെ പ്രായോഗിക സുവിശേഷമായിരുന്നു അടുത്തറിയുന്നവര്‍ക്കെല്ലാം ഈ വിശുദ്ധ ജീവിതം...ക്രിസ്തുവിനോടും സഭയോടും സഭാതനയരോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവാത്സല്യം ആ ജീവിത്തിലെ ലക്ഷ്യവും സുകൃതവുമായിരുന്നിരിക്കണം. “ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു” എന്ന അവസാന വാക്യം അദ്ദേഹത്തിന്‍റെ  ജീവിതം തന്നെയാണ്. മറ്റേതു വിശേഷണത്തെക്കാളും അധികമായി സ്നേഹമുള്ള പിതാവ് എന്നതാകാം ചരിത്രം അദ്ദേഹത്തിനു ചേര്‍ത്തു നല്‍കുന്ന അടയാളവാക്യം.  ദൈവശാസ്ത്ര പണ്ഡിതനും ബൈബിള്‍ വിജ്ഞാനിയുമായ അദ്ദേഹം  സഭയിലെ വേദപാരംഗതരിലൊരാളായി ഉയര്‍ത്തപ്പെടുമ്പോള്‍ സ്നേഹകരുതലില്‍ പുതുലോകത്തിന്റെ  ഹൃദയാഴങ്ങളില്‍ ക്രിസ്തുസക്ഷ്യമൊരുക്കിയ യുഗപുരുഷനാകുമെന്നത് ചരിത്രമാകട്ടെ.
 

Comments

leave a reply

Related News