ഒരുപാട് കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച് രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ചരിത്രമാണ് ക്രൈസ്തവരുടേത്. പിന്നിട്ട വഴികളില്‍ കടുത്ത പീഡനങ്ങളും അടിച്ചമര്‍ത്തലുകളും മര്‍ദ്ദനങ്ങളും കൂട്ടക്കൊലകളും രക്തപ്പുഴകളും എല്ലാമുപേക്ഷിച്ചുള്ള പലായനങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ക്രിസ്തുവിന്റെ പീഡാസഹനത്തിനും കുരിശുമരണത്തിലും, ശേഷമുള്ള ഉത്ഥാനത്തിലും വേരാഴ്ത്തിയ ക്രൈസ്തവാധ്യാത്മികത വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറുന്ന ഒന്നല്ല. മറിച്ച്, പീഡാനുഭവത്തില്‍നിന്ന് ഉത്ഥാനത്തിനുള്ള ശക്തി സംഭരിക്കുന്ന സവിശേഷമായ ഒന്നാണത്. മാനുഷികമായ കണക്കുകൂട്ടലുകള്‍ക്കും ആശങ്കകള്‍ക്കും അതീതമായി ദൈവത്തിന്റെ പരിപാലനയില്‍ ആശ്രയിച്ച അനുഭവങ്ങളാണ്, പിന്നോട്ടുനോക്കിയാല്‍, എവിടെയും കാണാനാവുക.
വിവിധ രീതികളിലുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് നമുക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടന്ന ഒരു വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. കേരളത്തില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരേയും ക്രൈസ്തവവിശ്വാസത്തിനെതിരേയും നടക്കുന്ന പലതരം അതിക്രമങ്ങള്‍ മുതല്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തില്‍ പല രാജ്യങ്ങളിലും ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളും ഒട്ടേറെ ചര്‍ച്ചകള്‍ക്കും നിരന്തരമായ പ്രതികരണങ്ങള്‍ക്കും വഴിയൊരുക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി, ഇനിയുള്ള കാലത്ത് സംഭവിക്കില്ല എന്ന് മുമ്പ് നാം കരുതിയിരുന്ന വലിയ ഞെരുക്കങ്ങള്‍ ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതിന് കഴിഞ്ഞ വര്‍ഷത്തെ എണ്ണമറ്റ പത്രറിപ്പോര്‍ട്ടുകള്‍തന്നെ സാക്ഷ്യം നല്‍കുന്നു.
തീവ്രവാദസ്വഭാവമുള്ള വര്‍ഗ്ഗീയ സംഘടനകള്‍, മതമൗലികവാദികള്‍, നിരീശ്വരവാദികള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഗൂഢമായ ലക്ഷ്യങ്ങളോടെ സഭയ്ക്കും സഭയുടെ സ്ഥാപനങ്ങള്‍ക്കും എതിരേ നീക്കങ്ങള്‍ നടത്തുന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായാണ് ക്രൈസ്തവരും ക്രൈസ്തവ വിശ്വാസവും സഭയും നിരന്തരമായി പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്. വിപരീത ധ്രുവങ്ങളിലുള്ള പ്രത്യയശാസ്ത്രങ്ങള്‍ ഒരേസമയം ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി കാണാറുണ്ട്. ഇതുപോലുള്ള വിഷയങ്ങളെ സമഗ്രമായി മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവര്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇതുമൂലം രൂപപ്പെടാറുമുണ്ട്.
പ്രതിസന്ധികള്‍ക്ക് പരിഹാരങ്ങള്‍ അന്വേഷിക്കുന്നവര്‍
സാമുദായികവും വിശ്വാസപരവുമായി ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളെയും പീഡനങ്ങളെയും എങ്ങനെ അഭിമുഖീകരിക്കണം എന്നുള്ളത് കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒരു ചോദ്യമാണ്. എല്ലാ സമുദായങ്ങളും എല്ലാക്കാലത്തും ഏതെങ്കിലും വിധത്തിലുള്ള വെല്ലുവിളികളെ നേരിടുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യംതന്നെയാണ്. എന്നാല്‍, മറ്റുള്ള സമുദായങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില സാമൂഹിക സംഘടനകളുടെയും പിന്തുണയും സഹായവും അത്തരം ഘട്ടങ്ങളില്‍ ഉണ്ടാവാറുണ്ട്. അതേസമയം, ക്രൈസ്തവരുടെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടാന്‍ തയ്യാറുള്ള രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സാമൂഹിക സംവിധാനങ്ങളോ മുഖ്യധാരാമാധ്യമങ്ങളോ ഒന്നുംതന്നെയില്ല എന്നതാണ് അനേകരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വസ്തുത. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെയും പൊതുമാധ്യമങ്ങളിലൂടെയും പ്രചരിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകവും അവാസ്തവവുമായ റിപ്പോര്‍ട്ടുകള്‍ ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തിലും ക്രൈസ്തവര്‍ക്കിടയില്‍ത്തന്നെയും ആശയക്കുഴപ്പങ്ങളും യഥാര്‍ത്ഥ വിഷയങ്ങളെക്കുറിച്ചുള്ള അവ്യക്തതയും രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
ശരിയായ പരിഹാരങ്ങള്‍ മുഖ്യമായും സര്‍ക്കാരുകള്‍ക്കാണ് കണ്ടെത്താന്‍ കഴിയുന്നത്. ഭരണസംവിധാനത്തില്‍ സ്വാധീനമുള്ള വ്യക്തികളോ പ്രസ്ഥാനങ്ങളോ ഭരണാധികാരികളെയും സമൂഹത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമങ്ങളോ സഹായത്തിനില്ലെങ്കില്‍ വേണ്ടവിധമുള്ള പരിഗണന ഇക്കാലത്ത് ലഭിക്കില്ല എന്നുള്ളത് വ്യക്തം. പ്രത്യേകമായ അന്വേഷണങ്ങളും രാഷ്ട്രീയ ഇടപെടലുകളും ആവശ്യമുള്ള ഗൗരവമായ വിഷയങ്ങളില്‍നിന്ന് അധികാരികളും ഭരണകൂടവും മുഖംതിരിക്കുകയും നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യം തികച്ചും ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറെ കാലമായി ഇത്തരമൊരു പ്രതികൂലസാഹചര്യത്തിലൂടെയാണ് ഭാരതത്തിലെയും, വിശിഷ്യാ കേരളത്തിലെയും, ക്രൈസ്തവര്‍ കടന്നുപോകുന്നത്.
ഒരു വര്‍ഗ്ഗീയ ശക്തിയെ നേരിടാന്‍ മറ്റൊരു വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിക്കാമോ?
ഇന്ത്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിധത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോള്‍ സഹായം എവിടെനിന്ന് കിട്ടും എന്ന ചോദ്യത്തിന് ചിലര്‍ ഉത്തരമായി കണ്ടെത്തിയത് 'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്ത്വമാണ്. ഇത്തരത്തില്‍, രക്ഷപ്പെടാന്‍ കൂട്ടുപിടിക്കാമെന്ന് കുറെപ്പേര്‍ 'തിരിച്ചറിഞ്ഞ' പ്രസ്ഥാനങ്ങളെല്ലാംതന്നെ തീവ്ര വര്‍ഗ്ഗീയ പ്രത്യയ ശാസ്ത്രങ്ങളാല്‍ ഭരിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഒരു വര്‍ഗ്ഗീയ പ്രത്യയശാസ്ത്രം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ മറ്റൊരു വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത് യുക്തമാണോ എന്നുള്ളതാണ് ഇവിടെ പ്രധാനമായി ഉയരുന്ന ചോദ്യം. അത്തരമൊരു പരിഹാരം ഒരിക്കലും പ്രായോഗികമോ ശാശ്വതമോ അല്ല എന്ന് വളരെ വ്യക്തമാണ്. അതുപോലുള്ള പരിഹാര ശ്രമങ്ങള്‍ ക്രിസ്തീയമല്ലാത്തതുമാണ്.
ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ പതിവായി ഉയരുന്ന ചോദ്യം, 'പിന്നെ ആരാണ് സഹായിക്കാനുള്ളത്' എന്നതാണ്. പുറമെയുള്ള ആരുടെയെങ്കിലും സഹായംകൂടാതെ ക്രൈസ്തവര്‍ക്ക് അതിജീവനം സാധ്യമല്ല എന്ന ചിന്ത പ്രബലമായിരിക്കുന്നു. ക്രൈസ്തവര്‍ എന്ന നിലയില്‍ അത്തരമൊരു ധാരണയുടെ യുക്തിരാഹിത്യം നാം തിരിച്ചറിയണം. മാത്രമല്ല, ക്രൈസ്തവ സമൂഹങ്ങളെ മുന്‍നിര്‍ത്തി ഇക്കാലങ്ങളില്‍ താല്‍ക്കാലികമായ ചില മുതലെടുപ്പുകള്‍ നടത്താനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചില വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ മുഖംമൂടി ധരിച്ചും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചും ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായി രക്ഷകവേഷം ചമയുന്നു. അതേസമയം, ലോകമെമ്പാടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും, നിരവധി റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ കേരളത്തില്‍ത്തന്നെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതായി വ്യക്തമാക്കപ്പെട്ടിരിക്കുകയും ചെയ്തിട്ടുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ സഹകാരികള്‍ മറ്റു സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളും, നിയമ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ഉയര്‍ത്തിക്കാണിച്ച് സഹകാരികളുടെ വേഷം എടുത്തണിയാന്‍ ശ്രമിക്കുന്നു.
വിശ്വാസപരവും സാമുദായികവുമായി ക്രൈസ്തവ സമൂഹം നേരിടുന്ന എല്ലാവിധത്തിലുംപെട്ട പ്രതിസന്ധികളെക്കുറിച്ച് സമഗ്രമായി നാം പഠിക്കുകയും ഏറ്റവും യുക്തമായ രീതിയില്‍ അവയെ കൈകാര്യം ചെയ്യുകയും വേണം എന്നുളളത് നിസ്തര്‍ക്കമാണ്. എന്നാല്‍, ഏതു മാര്‍ഗ്ഗമുപയോഗിച്ചും പരിഹാരം കണ്ടെത്താമെന്നുള്ള ചിന്ത കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് ഈ സമൂഹത്തെ നയിക്കും എന്നത് തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരു പ്രതിസന്ധി മാത്രമല്ല പരിഹരിക്കപ്പെടേണ്ടതായി ഇന്ന് നമുക്കിടയിലുള്ളത്. ഒരേ വിശ്വാസസമൂഹം എന്ന നിലയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ത്തന്നെ പീഡനങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും അടിച്ചമര്‍ത്തലിനും കാരണമാകുന്ന ചില ആസൂത്രിത നീക്കങ്ങളോടൊപ്പം, വിശ്വാസത്തെയും ആത്മീയ ബോധ്യങ്ങളെയും ചോദ്യം ചെയ്യുകയും ഗുരുതരമായ രീതിയില്‍ വിശ്വാസ സമൂഹത്തെ സ്വാധീനിക്കുകയും ചെയ്യുന്ന മറ്റ് നിരവധി പ്രതിസന്ധികളുമുണ്ട്. സഭ എന്നാല്‍ സമുദായം മാത്രമാണ് എന്ന കാഴ്ചപ്പാടോടെ കത്തോലിക്കാവിശ്വാസത്തിനും സഭയുടെ പ്രബോധനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാതെയുള്ള നീക്കങ്ങളും കൈകോര്‍ക്കലുകളും വലിയ ദോഷം ചെയ്യുമെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടതുണ്ട്.
ഇതും കടന്നുപോകും
ഇന്ന് നാം കാണുന്നതിനെക്കാള്‍ ഭീകരമായ കടന്നുകയറ്റങ്ങളും മതമര്‍ദ്ദനങ്ങളും മുമ്പ് പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. അപവാദ പ്രചാരണങ്ങള്‍ ഇന്നത്തേക്കാള്‍ അധികമായി ഉണ്ടായിട്ടുള്ള കാലഘട്ടങ്ങളുമുണ്ട്.
ക്രൈസ്തവ വിശ്വാസവും കത്തോലിക്കാസഭയും തകര്‍ന്നു എന്ന് പലരും കരുതിയ ഘട്ടങ്ങള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ച്ചകളെയും അതിജീവിച്ച് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുള്ള ചരിത്രമാണ് സഭയ്ക്കും ക്രൈസ്തവവിശ്വാസത്തിനുമുള്ളത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ അതതു കാലഘട്ടങ്ങളില്‍ പല മാര്‍ഗ്ഗങ്ങളും പലരും അവലംബിക്കുകയുണ്ടായിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനങ്ങളും യുദ്ധവിജയങ്ങളും പ്രശ്‌നപരിഹാരമാര്‍ഗ്ഗമായി കണ്ട കാലഘട്ടങ്ങള്‍ സഭാചരിത്രത്തിന്റെ ഏടുകളില്‍ കാണാനാകും. എന്നാല്‍, അത്തരം നീക്കങ്ങള്‍ ഒരിക്കലും ശാശ്വതമായ വിജയത്തിന് കാരണമായിട്ടില്ല എന്നുള്ളതാണ് ആ ചരിത്രങ്ങള്‍ ഒന്നൊഴിയാതെ നമുക്ക് നല്‍കുന്ന പാഠം. അത്തരം ചരിത്രങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സഭാനേതൃത്വം ഇന്ന് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൂല്യമേറിയവയാണ്. പ്രശ്‌നപരിഹാരത്തിനായി ഒരു യുദ്ധ പ്രഖ്യാപനമോ, വിരുദ്ധശക്തികളെ കൂട്ടുപിടിച്ചുള്ള നീക്കങ്ങളോ നടത്തുന്നതില്‍നിന്ന് മുഖ്യമായും നമ്മെ തടയുന്നത് ഈ കാലഘട്ടത്തിലെ നവയുഗപ്രവാചകനും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളും നിലപാടുകളും, അതിനുമപ്പുറം വിശുദ്ധ ഗ്രന്ഥവുമാണ്.
'ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍' എന്നുതുടങ്ങുന്ന ബൈബിള്‍ഭാഗം സൂചിപ്പിക്കുന്നത് ക്രൈസ്തവര്‍ പീഡനങ്ങളെ നേരിട്ടുകൊണ്ടിരിക്കും എന്നുതന്നെയാണ്. ജാഗ്രതയോടെയും വിവേകത്തോടെയുമായിരിക്കാന്‍ ശിഷ്യരോടും ശ്രോതാക്കളോടും ആവശ്യപ്പെടുന്ന ക്രിസ്തു കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചറിയാനും ഉദ്‌ബോധിപ്പിക്കുന്നുണ്ട്. 'ഭൂമിയുടെ ഭാവഭേദങ്ങള്‍ വിവേചിച്ചറിയാന്‍ കഴിയുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് കാലത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല' എന്ന അവിടുത്തെ ചോദ്യം ഇന്ന് നമ്മോടുമുള്ളതാണ്. ക്രൈസ്തവന്റെ യഥാര്‍ത്ഥ ശക്തിയും ബലവും എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള മുന്നേറ്റങ്ങള്‍ മാത്രമേ ചരിത്രത്തില്‍ ഇന്നോളം വിജയത്തിലെത്തിച്ചേര്‍ന്നിട്ടുള്ളൂ. ക്രൈസ്തവന്റെ ശക്തിയും അവന്റെ ഒരേയൊരു രക്ഷകനും ക്രിസ്തുവാണ്. ആ തിരിച്ചറിവില്ലായ്മയാണ് ചിലപ്പോഴെങ്കിലും മറ്റു രക്ഷകരെ കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും അബദ്ധങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കുന്നതും.
പുതിയ വര്‍ഷത്തില്‍ പരിശുദ്ധ കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കും ക്രിസ്തീയ ജീവിതസാക്ഷ്യത്തിനും പ്രാമുഖ്യം നല്‍കി പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കരുത്ത് സംഭരിക്കാന്‍ നമുക്ക് കഴിയട്ടെ.
Comments