ടോണി ചിറ്റിലപ്പിള്ളി
ഡൽഹിയിലെ ദൈവാലയം തകർത്തത് ദില്ലിയിൽ മാത്രമല്ല,രാജ്യത്തുടനീളമുള്ള സമാധാന സ്നേഹമുള്ള ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്.വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉൾപ്പെടെ സമീപകാലത്ത് ഇത്തരം സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.13 വർഷത്തിലേറെയായി ആയിരക്കണക്കിന് ആളുകൾ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ഉപയോഗിക്കുന്ന ദൈവാലയമാണ് ഫരീദാബാദ് രൂപതയുടെ ലാഡോസരായി അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദൈവാലയം.
2015 മുതൽ കോടതിയുടെ സ്റ്റേ ഓർഡർ നിലനിൽക്കുന്ന സ്ഥലമാണിത്.പതിമൂന്നു വർഷത്തിലേറെയായി നിലനിൽക്കുന്ന ആരാധനാലയം പൊളിച്ചുനീക്കാൻ സർക്കാരിന് എന്താണ് ഇത്ര തിടുക്കം? പൊളിക്കുന്നതിനുമുമ്പ് നിയമപരമായ സഹായം തേടുന്നതിന് മുനിസിപ്പൽ കോർപ്പറേഷൻ രൂപതാധികൃതികർക്കു ഉദ്യോഗസ്ഥർക്ക് മതിയായ സമയം നൽകണമായിരുന്നു. ഇത്തരത്തിലുള്ള തിടുക്കത്തിലുള്ള നടപടി ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല,പ്രാദേശിക ഭരണകൂടത്തിന്റെ മറഞ്ഞിരിക്കുന്ന അജണ്ട പുറത്തു വരികയും ചെയ്യുന്നു.
കഴിഞ്ഞ 40 വർഷങ്ങളായി, ആദ്യം ഈ ഇടവകക്കാരനും തുടർന്ന് പതിമൂന്നു വർഷങ്ങളായി ഇടവകയും കൈവശമായി വച്ചിരിക്കുന്നതും ഉപയോഗിക്കുന്നതുമായ സ്ഥലമാണ് ഇത്. നിയമാനുസൃതമായ രീതിയിൽ നികുതികൾ അടയ്ക്കുകയും മറ്റും ചെയ്തുപോന്നിരുന്നു. ലാഡോസറായി ഏരിയയിൽ ഇപ്രകാരം സ്ഥലം കൈവശം വച്ചുപയോഗിക്കുന്ന അനേക വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്.അവർക്കില്ലാത്ത നിയമ നടപടി എന്ത് കൊണ്ട് ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദൈവാലയത്തിനു നേരെ മാത്രം ഉണ്ടായി എന്നതിന് ഡൽഹി സർക്കാർ ഉത്തരം പറയണം.
ഭൂമി സംബന്ധമായ നടപടികൾക്ക് പരമാധികാരമുള്ളതും പോളിസികൾ സ്വീകരിക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി ഡവലപ്പ്മെന്റ് അതോറിറ്റി (ഡിഡിഎ) ആണ്. അതിനാൽ ഇത്തരമൊരു നടപടി ഡിഡിഎയുടെ അറിവോടെയാണോ എന്നതും വെളിയിൽ വരേണ്ട വസ്തുതയാണ്.
മറ്റെല്ലാവർക്കും ഈ സ്ഥലത്ത് നിരുപാധികം ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കെ, ഒരു കത്തോലിക്കാ ദേവാലയത്തിന് മാത്രം അനുമതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട്?വൈകിയവേളയിൽ നോട്ടീസ് ലഭിച്ചപ്പോൾ പോലും കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങളെ മറികടന്ന് എന്തിന് ഉടനടി ഒരു പൊളിച്ചുനീക്കൽ നടപടി ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ (ബിഡിഒ) എടുത്തു എന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടണം.
ഈ ദൈവാലയത്തില്‍ ആരാധന തടസപ്പെടുത്തരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവ് നിലനിൽക്കെ സ്വഭാവിക നീതി നിഷേധിച്ച് നടത്തിയ ഈ അതിക്രമം ഇടവകയിലെ 450 കുടുംബങ്ങളിലായി രണ്ടായിരത്തോളം വിശ്വാസികളെ മാത്രമല്ല,ഭാരതത്തിലെ എല്ലാ ക്രൈസ്തവരെയും ആശങ്കയിലാഴ്ത്തുന്നു.
അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയ വിശ്വാസികൾ നിർണ്ണായകമായ പ്രവർത്തനമേഖലകളിലായിരുന്ന് രാജ്യസേവനം നടത്തിവരുന്ന ഒരു വിഭാഗമാണ്.ഇവരെയാണ് ശത്രുതാപരമായ നീക്കത്തിലൂടെ ഭരണകൂടം മുറിവേൽപ്പിച്ചിരിക്കുന്നത് എന്നുള്ളത് നിസാരമായ കാര്യമല്ല.
മതപരമായ പുണ്യസ്ഥലത്തോടുള്ള ആദരവു പോലുമില്ലാതെ മണിക്കൂറുകൾക്കുള്ളിൽ എല്ലാം നശിപ്പിച്ച നടപടികൾ ഏറ്റവും പ്രതിഷേധാർഹമാണ്.പലപ്പോഴും ക്രൈസ്തവര്‍ നേരിട്ട പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ അനുവദിക്കാനാവില്ല.
ലാഡോസറായിയിൽ സ്ഥിതിചെയ്തിരുന്ന സിറോമലബാർ ദേവാലയം പോലെതന്നെ അതേ രീതിയിൽ ആ പരിസരങ്ങളിൽ നിലനിൽക്കുന്ന മറ്റ് മതസ്ഥരുടെയും അകത്തോലിക്കാരുടേതുമായ ആരാധനാലയങ്ങൾ പലതുണ്ട്.ലിറ്റിൽ ഫ്ളവർ ദേവാലയത്തോട് ചേർന്നുതന്നെ ഒരു മോസ്‌കും ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാലയവുമുണ്ട്.ഇതിൽ ലിറ്റിൽ ഫ്‌ളവർ ഇടവകയുടെ അവകാശം മാത്രം ചോദ്യം ചെയ്യപ്പെടുന്നത് ദുരൂഹമാണ്.
ഭരണസംവിധാനങ്ങളുടെ സമസ്തമേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ക്രൈസ്തവ വിരുദ്ധത വളരാൻ ഡൽഹിയിൽ വാതില്‍ തുറന്നു കൊടുത്തിരിക്കുന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്തുന്നു.ക്രൈസ്തവര്‍ക്കുനേരെയുള്ള ഇത്തരം സഹിഷ്ണുതയില്ലാത്ത അക്രമങ്ങളുടെ മറ്റൊരു പതിപ്പ് വടക്കേ ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത് ക്രൈസ്തവ സമൂഹവും തിരിച്ചറിയുന്നു.
ക്രൈസ്തവര്‍ ദേവാലയം നിര്‍മ്മിക്കുന്നത് ഉള്‍കൊള്ളുവാന്‍ കഴിയാത്ത അസഹിഷ്ണുത,കൊറോണ വൈറസിനേക്കാള്‍ മനുഷ്യത്വരഹിതമാണ്.ക്രിസ്ത്യാനികള്‍ നിരന്തരം ആക്രമങ്ങള്‍ക്കും, അപമാനങ്ങള്‍ക്കും, ഭീഷണികള്‍ക്കും ഇരയായി കൊണ്ടിരിക്കുകയാണെന്ന അവസ്ഥ ഭീതിജനകമാണ്.ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണിത്.
ജനങ്ങളുടെ മതവികാരം ലംഘിക്കരുതെന്നും രാജ്യത്തിന്റെ മതപരമായ ഐക്യത്തെ ബാധിക്കരുതെന്നുമുള്ള കാര്യങ്ങൾ ഇന്ത്യന്‍ ഭരണഘടനയുടെ ആധാരശിലയെന്ന് വിശേഷിപ്പിക്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് ഭരണഘടനയുടെ മൂന്നാംഭാഗത്തില്‍ അനുച്ഛേദം 12 മുതല്‍ 35 വരെഉള്ള ഭാഗങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.അനുച്ഛേദം 26 ൽ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്.ഈ സ്വാതന്ത്ര്യം പോലും കാറ്റിൽ പറത്തിയാണ് ദൈവാലയം തകർത്തത്.കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ഇങ്ങനെയൊരു നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മധ്യസ്ഥനായ വിശുദ്ധ തോമസ് ശ്ലീഹായുടെ ഓര്‍മ്മതിരുനാളായ ജൂലൈ 3ന്,ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് 2 കോടി രൂപ അനുവദിച്ചത് ഭാരത സമൂഹം കണ്ടു പഠിക്കണം.ജാതിയോ, മതമോ, ഗോത്രമോ കണക്കിലെടുക്കാതെ എല്ലാ ജനവിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാൻ ഒഡീഷ സർക്കാർ കാണിക്കുന്ന മതസൗഹാർദ്ദ ശ്രമങ്ങൾ അഭിനന്ദനീയമാണ്.
വര്‍ഗ്ഗീയവാദവും മതസ്പര്‍ദ്ധയും ഒരിക്കലും ഉയര്‍ത്താത്തവരാണ് ക്രൈസ്തവര്‍.എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിന്‍റെ മഹത്തരസൃഷ്ടിക്ക് ഏറ്റവും വില കല്പിക്കുകയും ചെയ്യുന്ന സമൂഹമാണിത്.ആരാധനാ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടാൻ ഭാരതത്തിൽ മനുഷ്യത്വമുള്ള ഏവരും ശ്രമിക്കേണ്ടിയിരിക്കുന്നു.
എന്തായാലും ഡൽഹിയിലെ ദൈവാലയം തകർത്തത് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിനേറ്റ വലിയ മുറിവാണ്.കോവിഡിനിടയിലും ഡൽഹിയിലെ ആശുപത്രികളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന ലിറ്റിൽ ഫ്ലവർ ഇടവകയിലെയും,മറ്റു സ്ഥലങ്ങളിലെ ക്രൈസ്തവ ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുന്ന നടപടിയാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. വേണ്ട രീതിയിലുള്ള തിരുത്തൽ നടപടികളും,മതസൗഹാർദ്ദം പരിരക്ഷിക്കുന്ന പ്രവർത്തനങ്ങളും ഡൽഹി സർക്കാർ അധികാരികളിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Comments