എത്യോപ്യന്‍ ക്രൈസ്തവര്‍
നേരിടുന്നത് ക്രൂര പീഡനം;
പട്ടാളക്കാര്‍ അഴിഞ്ഞാടുന്നു
ക്രൈസ്തവര്‍ക്കു മുന്‍തൂക്കമുള്ള ടിഗ്രേയിലെ കൊലപാതകങ്ങള്‍ക്ക്
വംശഹത്യയുടെ സ്വഭാവമെന്ന് കത്തോലിക്കാ സന്നദ്ധ സംഘടന
ആഫ്രിക്കാ വന്‍കരയില്‍ നൈജീരിയക്കു പുറമേ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാകുന്ന സമൂഹമായി മാറുന്നു എത്യോപ്യയിലെയും ക്രൈസ്തവര്‍. എത്യോപ്യയിലെയും സമീപ രാജ്യമായ എറിത്രിയയിലെയും പട്ടാളക്കാര്‍ വടക്കന്‍ മേഖലയിലെ ടിഗ്രേ പ്രദേശത്ത് സന്യാസിനികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ വിവരം കത്തോലിക്കാ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് 'കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടുവന്നു.
കഴിഞ്ഞ നവംബറില്‍ നടത്തിയ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടനയുമായുള്ള പോരാട്ടത്തിന് എത്യോപ്യന്‍ സൈനികരെ സഹായിക്കാന്‍ എറിത്രിയന്‍ സൈനികരെയും പ്രധാനമന്ത്രി അബി അഹമ്മദ് നിയോഗിച്ചതോടെയാണ് രാജ്യം നിഷ്ഠുര മനുഷ്യാവകാശ ലംഘനങ്ങളുടെ ഇടമായി മാറിയത്.എറിത്രിയ എത്യോപ്യയുടെ ഭാഗമായിരുന്നുവെങ്കിലും 1990 -കളുടെ തുടക്കത്തില്‍ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് വേര്‍പെട്ടുപോയി.സിവിലിയന്മാരുടെ കൊലപാതകവും കൊള്ളയും ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ടിഗ്രേയില്‍ വ്യാപകം.ആഹാരം അസുലഭ വസ്തുവായി. ക്രൈസ്തവര്‍ക്കു മുന്‍തൂക്കമുള്ള ടിഗ്രേയിലെ കൊലപാതകങ്ങള്‍ക്ക് വംശഹത്യയുടെ സ്വഭാവമാണുള്ളതെന്ന് സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ചിലര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോടു പറഞ്ഞു.
എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നിരവധി പുരോഹിതര്‍ക്കു ജീവന്‍ നഷ്ടമായി. സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഒരുപാട് ആളുകള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ സമീപ രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുന്നു. പ്രദേശത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ വംശഹത്യയാണെന്നാണ് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രിയര്‍ക്കീസ് മത്തിയാസ് കഴിഞ്ഞ മാസം പറഞ്ഞത്.
എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് പ്രകാരം ഗര്‍ഭിണികളും, വികലാംഗരും, വയോധികരും അഭിമുഖീകരിക്കുന്നത് നരക യാതനയാണ്.
കലാപത്തില്‍ നിരവധി മരണങ്ങള്‍ സംഭവിച്ചു, കൃഷി നശിച്ചു.
മൂന്നാഴ്ച മുമ്പ് ടിഗ്രേയിലെ അന്താരാഷ്ട്ര പ്രശസ്തമായ പാറക്കൂട്ടത്തോടു ചേര്‍ന്നുള്ള ഗ്രാമത്തില്‍ 19 സിവിലിയന്മാരെ എറിത്രിയന്‍ സൈനികര്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും ചെറിയ കുട്ടികളുമാണ്. അബുന യെമറ്റയിലെ കല്ല് കൊണ്ടു നിര്‍മ്മിച്ച അഞ്ചാം നൂറ്റാണ്ടിലെ പള്ളിക്ക് താഴെയുള്ള കുത്തനെയുള്ള ചരിവുകളിലുള്ള ചെറിയ ഗ്രാമത്തിലാണ് പട്ടാളക്കാര്‍ അഴിഞ്ഞാടിയത്. 'ഈ പ്രദേശത്തിനിപ്പോള്‍ അന്താരാഷ്ട്ര പിന്തുണ ഏറ്റവും ആവശ്യമായിരിക്കുന്നു. ടിഗ്രേയിലെ നിലവിലെ പ്രതിസന്ധി, ഓര്‍മയില്‍ നമുക്കറിയാവുന്ന ഏത് മാനുഷിക പ്രതിസന്ധികളുമായി സമാനതകളില്ലാത്തതാണ്.'- കത്തോലിക്കാ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക, സാമൂഹിക അടിത്തറ ഇളകിയ നാട്ടില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നതിനാല്‍ ടിഗ്രേയിലേ അവസ്ഥ വലിയൊരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. പലയിടത്തും പള്ളികള്‍ക്കു നേരെ ബോംബെറിഞ്ഞു. 2019ന് ശേഷം ദേവാലയങ്ങളുടെയും, ആശ്രമങ്ങളുടെയും പുനര്‍നിര്‍മ്മാണം, ഗതാഗത സൗകര്യ വികസനം ഉള്‍പ്പെടെ നൂറോളം പദ്ധതികള്‍ക്ക് എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എത്യോപ്യയില്‍ സഹായം നല്‍കിയിട്ടുണ്ട്. കൂടാതെ കന്യാസ്ത്രീകള്‍ക്കും സന്യാസിമാര്‍ക്കും സ്‌റ്റൈപ്പന്‍ഡ് ഉള്‍പ്പെടെയുള്ള പിന്തുണയും നല്‍കിപ്പോന്നു.
സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പ്രാദേശിക നേതാക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സായുധ ആക്രമണം പ്രഖ്യാപിച്ചതിനുശേഷമാണ് പീഡനത്തിന്റെയും, കൊലപാതകത്തിന്റെയും നീണ്ട പരമ്പര അരങ്ങേറിയത്്. 2012 വരെ മൂന്ന് പതിറ്റാണ്ടായി എത്യോപ്യ ഭരിച്ചിരുന്ന ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ആക്രമണം നടത്തുന്നതെന്ന് അഹമ്മദ് പറഞ്ഞു.സംഘര്‍ഷ ഭരിതമായ ടിഗ്രേ മേഖലയില്‍ ഭയാനകമായ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നതായി കഴിഞ്ഞ മാസാദ്യം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തോക്ക് ചൂണ്ടി സ്ത്രീകളെ കൂട്ടമാനഭംഗം നടത്തുകയും, സ്വന്തം കുടുംബാംഗങ്ങളെ തന്നെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി ഐക്യരാഷ്ട്രസഭാ നിരീക്ഷകര്‍ക്കും വിവരം ലഭിച്ചു. വടക്കന്‍ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ സെന്ററുകളില്‍ അഞ്ഞൂറിലധികം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, യഥാര്‍ത്ഥ എണ്ണം വളരെ ഉയര്‍ന്നതായിരിക്കാമെന്ന് എത്യോപ്യയിലെ യു എന്‍ എയ്ഡ് കോര്‍ഡിനേറ്റര്‍ വഫാ സെയ്ദ് പറഞ്ഞു.
സായുധസേനാംഗങ്ങള്‍ തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് സ്ത്രീകള്‍ പറഞ്ഞതായി വഫാ സെയ്ദ് അറിയിച്ചു. കൂട്ടബലാത്സംഗം, കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് ബലാത്സംഗം, അക്രമ ഭീഷണിയെത്തുടര്‍ന്ന് പുരുഷന്മാര്‍ സ്വന്തം കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യാന്‍ നിര്‍ബന്ധിതരാവുക തുടങ്ങിയ കൊടും ക്രൂരതകളാണ് അവിടെ നടക്കുന്നത്. ഈ അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ബ്രിട്ടന്റെ ചാനല്‍ 4 സംപ്രേഷണം ചെയ്തു.ഇരയായ ശേഷം ജീവനോടെ തിരിച്ചുവന്ന ഒരു സ്ത്രീ അവര്‍ അനുഭവിച്ച 10 ദിവസത്തെ കഠിനമായ അഗ്‌നിപരീക്ഷ വിശദമാക്കി. അവരെയും മറ്റ് അഞ്ച് സ്ത്രീകളും എറിത്രിയന്‍ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സൈനികര്‍ ഫോട്ടോയെടുക്കുകയും മയക്കുമരുന്ന് കുത്തിവയ്ക്കുകയും പാറയില്‍ അവരെ കെട്ടിയിടുകയും കുത്തി മുറിവേല്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി ബലാത്സംഗ വിധേയരാക്കി. സൈനികര്‍ ഒരു സ്ത്രീയുടെ രഹസ്യ ഭാഗങ്ങളില്‍ നടത്തിയ ക്രൂരത വിവരിക്കാനാകാത്ത വിധത്തിലുള്ളതാണെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
ഏറ്റവും വലിയ മനുഷ്യാവകാശ അതിക്രമങ്ങളാണ് എറിത്രിയന്‍ സേനയുടെ മേല്‍ ആരോപിക്കപ്പെടുന്നത്. അക്രമം അവസാനിപ്പിക്കാന്‍ എത്യോപ്യക്കു മേല്‍ നയതന്ത്ര സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ട്. അതിക്രമങ്ങളെ അമേരിക്കയും ഐക്യരാഷ്ട്രസഭയും ആവര്‍ത്തിച്ച് അപലപിച്ചിട്ടും, ക്രൂരത തുടരുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അബിയെ ബന്ധപ്പെട്ടിരുന്നു. അയല്‍രാജ്യമായ എറിത്രിയയില്‍ നിന്നുള്ള സൈനികരെയും ഉള്‍പ്പെടുത്തി വംശീയ അക്രമത്തിന്റെ ഒരു തരംഗം അഴിച്ചുവിടുകയാണ് സര്‍ക്കാരെന്ന ആരോപണം ശക്തമാണ്. ഇത് ജനങ്ങളെ വിവേചനരഹിതമായി കൊന്നൊടുക്കാനും, ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാനും, ഭക്ഷണമില്ലാതാകാനും കാരണമായി. ആളുകള്‍ ഉടുതുണിയോടെ പ്രാണഭയം കൊണ്ട് രായ്ക്കുരാമാനം ഓടി രക്ഷപ്പെടുകയായിരുന്നു. 'അവര്‍ പൊതുവെ പരിഭ്രാന്തരാണ്. സുരക്ഷ തേടി അവര്‍ നടത്തിയ പ്രയാസകരമായ യാത്രയുടെ കഥകള്‍ വേദനയൂറുന്നതാണ്. ചിലര്‍ രണ്ടാഴ്ചയെടുത്ത് 300 മൈല്‍ വരെ നടന്നതായി റിപ്പോര്‍ട്ടുണ്ട്' യു എന്‍ എയ്ഡ് കോര്‍ഡിനേറ്റര്‍ പറഞ്ഞു.
ആ യാത്രയില്‍ പലരും കൊല്ലപ്പെട്ടു, സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളായി, ചിലര്‍ ഗര്‍ഭിണികളായി, ചിലര്‍ വഴിയോരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എറിത്രിയന്‍ പട്ടാളക്കാര്‍ പതിവായി സാധാരണക്കാരെ കൊല്ലുകയും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും, പീഡിപ്പിക്കുകയും, വീടുകളും വിളകളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ടിഗ്രേയിലെ ഡസന്‍ കണക്കിന് സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അതിക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അക്രമത്തെ 'വംശീയ ഉന്മൂലനം' എന്ന് വിശേഷിപ്പിച്ചു. ബലാത്സംഗമോ മറ്റ് യുദ്ധക്കുറ്റങ്ങള്‍ക്കോ കാരണക്കാരായ സൈനികര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു. അതേസമയം ഈ മേഖലയിലെ സാഹചര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അമേരിക്ക അനാവശ്യമായി തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതായി എത്യോപ്യന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു.
എത്യോപ്യയിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ടിഗ്രേയില്‍ ഭരണകക്ഷിക്കെതിരെ ആക്രമണം നടത്താന്‍ അഹമ്മദ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് നവംബറില്‍ സംഘര്‍ഷം ആരംഭിച്ചത്. തലസ്ഥാനമായ അഡിസ് അബാബയിലെ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും അഹമ്മദിന്റെ കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷത്തിന്റെ ഫലമായിരുന്നു അത്. എത്യോപ്യയിലെ ഭരണകക്ഷിയായിരുന്നു ടിപിഎല്‍എഫ്, അനേകം പതിറ്റാണ്ടുകളായി രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തി വലിയ സാമ്പത്തിക ശക്തിയായി മാറിയ പ്രസ്ഥാനം.
ടിപിഎല്‍എഫ് ചുക്കാന്‍ പിടിച്ച സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം അലയടിക്കുമ്പോഴാണ് 2018 -ല്‍ അബി അധികാരത്തില്‍ വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക സ്വയംഭരണാധികാരം കുറയ്ക്കാനും അദ്ദേഹം ഉടന്‍ ശ്രമിച്ചു. ടിപിഎല്‍എഫ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. ചിലരില്‍ അഴിമതി ആരോപിച്ചു. നവംബറില്‍ സായുധ പോരാട്ടം ആരംഭിക്കുന്നതുവരെ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം വളര്‍ന്നു കൊണ്ടിരുന്നു. അബിയുടെ സൈന്യത്തില്‍ ചേരാന്‍ എറിത്രിയന്‍ സൈന്യം അതിര്‍ത്തി കടന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
എത്യോപ്യയ്ക്കുള്ളില്‍ എറിത്രിയന്‍ സേനയുടെ സാന്നിധ്യം ഉണ്ടെന്ന ആരോപണം അബിയും സര്‍ക്കാരും ആദ്യം നിഷേധിച്ചു. പക്ഷേ, തെളിവുകള്‍ പുറത്തായപ്പോള്‍, എറിത്രിയന്‍ സൈന്യം അതിര്‍ത്തി കടന്നതായി സമ്മതിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എത്യോപ്യ-എറിത്രിയന്‍ യുദ്ധത്തിന് പ്രധാന കാരണക്കാരായ ടിപിഎല്‍എഫ്, സര്‍ക്കാരിനെ ആക്രമിക്കുമോ എന്ന ഭയത്താലാണ് അവര്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടാണ് എത്യോപ്യയും എറിത്രിയയും തമ്മിലുള്ള നീണ്ട യുദ്ധം അവസാനിപ്പിച്ചതിന് 2019 -ല്‍ അബിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.
ബാബു കദളിക്കാട്
Comments