Foto

ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമെന്നു കെസിവൈഎം കൊല്ലം രൂപത

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന ക്രിസ്മസ് ദിനങ്ങളില്‍ രാജ്യത്താകമാനം ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന  സംഘടിത ആക്രമണങ്ങളെ കെസിവൈഎം കൊല്ലം രൂപത ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. മതാന്ധത ബാധിച്ച വര്‍ഗീയ വാദികളുടെ ഇത്തരം ചെയ്തികള്‍ ഒരു ജനാധിപത്യ സമൂഹത്തിനു യോജ്യമല്ലാത്ത പ്രവൃത്തി ആണ്. ഉത്തര്‍പ്രദേശില്‍ മാത്രം വ്യത്യസ്ത ഇടങ്ങളിലായി 6 അക്രമസംഭവങ്ങള്‍ ഒരേ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞും, അരാധനാലയങ്ങളില്‍ ക്രിസ്മസ് പ്രത്യേക പ്രാര്‍ഥനകള്‍ അലങ്കോലപ്പെടുത്തിയും, സാന്റക്ലോസിന്റെ കോലം കത്തിച്ചുമൊക്കെയാണ് അക്രമകാരികള്‍ അഴിഞ്ഞാടിയത്.
ഹരിയനയില്‍ യേശുക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്തുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക്  സമൂഹവിരുദ്ധര്‍ തുടക്കമിട്ടത്.  കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്‌കൂളുകളില്‍ അതിക്രമിച്ചു കയറി അവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും, മതവികാരം വൃണപ്പെടുത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
അക്രമികള്‍ ക്രൈസ്തവ വിശ്വാസികളെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു മതവിദ്വേഷ പ്രചരണം നടത്തുകയുമാണ്.
മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യപ്പെടേണ്ടതു  തന്നെയാണ്. ഇത്തരം അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രതയും നടപടികളും അധികാരികളില്‍ നിന്നും ഉണ്ടാകുകയും വേണമെന്നു  കെ.സി.വൈ.എം രൂപത പ്രസിഡന്റ്  കിരണ്‍ ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടു.

കെസിവൈഎം രൂപതാ ആസ്ഥാനത്ത് വച്ചു കൂടിയ പ്രതിഷേധ യോഗത്തില്‍ രൂപത പ്രസിഡന്റ് കിരണ്‍ ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേഡ് രാജു , ജനറല്‍ സെക്രട്ടറി മനീഷ് മാത്യൂസ്, രൂപതാ ഡയറക്ടര്‍ ഫാ. ബിന്നി മാനുവല്‍ മറ്റ് രൂപതാ സമിതി അംഗങ്ങളായ മരിയ ഷെറിന്‍, മാനുവല്‍ ആന്റണി, അലക്‌സ് ആന്റണി, സയന, ബ്രൂട്ടസ്, അമല്‍, സൊണാലി, ഡെലിന്‍ ഡേവിഡ് , നിധിന്‍, വിജിത, നിഥിന്‍ എഡ്വേര്‍ഡ്, പ്രിന്‍സ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി രജനി, ലേ ആനിമേറ്റര്‍ നീതു മാത്യു എന്നിവര്‍ പ്രസംഗിച്ചു .


 

Comments

leave a reply

Related News