Foto

വത്തിക്കാന്‍ പീനല്‍ കോഡ് കാലാനുസൃതം പുതുക്കി ഫ്രാന്‍സിസ് മാര്‍പാപ്പ

ബാബു കദളിക്കാട്


'അസാന്നിധ്യ' വിചാരണ നിര്‍ത്തലാക്കി; ശിക്ഷാ കാലാവധിയില്‍
 തുടര്‍ന്ന് ഇളവു കിട്ടാം, പുനരധിവാസ പരിപാടികള്‍ നടപ്പാകും


വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ക്രിമിനല്‍ നീതിന്യായ നടപടികളിലും പീനല്‍ കോഡിലും കാലം ആവശ്യപ്പെടുന്ന നിരവധി പരിഷ്‌കരണങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ണ്ണായക നടപടി. പ്രതികളുടെ അസാന്നിധ്യത്തിലുള്ള വിചാരണ ഇനിയുണ്ടാകില്ല. വിധിക്കപ്പെട്ട ശിക്ഷാ കാലാവധിയില്‍ തുടര്‍ന്ന് ഇളവു കിട്ടാനും വഴി തെളിഞ്ഞു. ശിക്ഷിക്കപ്പെട്ടവര്‍ക്കായുള്ള പുനരധിവാസ പരിപാടികള്‍, ശിക്ഷയുടെ ഭാഗമായുള്ള സാമൂഹിക സേവനം എന്നിവയും ഉള്‍പ്പെടുന്നതാണ് 'വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പീനല്‍ കോഡ് ' പരിഷ്‌കരണം.

ക്രിമിനല്‍ നീതിന്യായ മേഖലയുടെ കാര്യത്തില്‍ നിരന്തരമായ ശ്രദ്ധ ആവശ്യമുണ്ടെന്നും കാലഹരണപ്പെട്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മാറേണ്ടത് ആവശ്യമാണെന്നും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഭരണത്തലവനായ മാര്‍പാപ്പ  ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച അപ്പോസ്തലിക ലേഖനത്തിന്റെ രൂപത്തിലുള്ള 'മോത്തു പ്രോപ്രിയോ' യിലൂടെ ചൂണ്ടിക്കാട്ടി. കാലാകാലങ്ങളിലെ ഭേദഗതികള്‍ കൂടി ക്രോഡീകരിച്ചുകൊണ്ടാണിപ്പോള്‍ 'വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പീനല്‍ കോഡ് ' സമഗ്രമായി പരിഷ്‌കരിച്ചിരിക്കുന്നത്.

ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ മാനസാന്തരം പെരുമാറ്റത്തിലൂടെ വ്യക്തമായാല്‍ ഇനി മുതല്‍ കാലാവധിയില്‍ ഇളവു ലഭിക്കും. അതിനായി കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ ചികിത്സയിലും, പുനരധിവാസ പരിപാടിയിലും അവര്‍ വിജയകരമായി പങ്കെടുക്കുന്ന പക്ഷം, ഓരോ വര്‍ഷവും 45 മുതല്‍ 120 ദിവസം വരെ ശിക്ഷ കുറച്ചുകൊടുക്കാന്‍ അധികൃതര്‍ക്ക് അനുമതിയുണ്ട്. സാമൂഹ്യ പ്രാധാന്യമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെയും ശിക്ഷാ ഇളവു ലഭിക്കാന്‍ പ്രോത്സാഹിപ്പിക്കും.

നഗരത്തിലെ ക്രിമിനല്‍ കോടതി നടപടിക്രമങ്ങളുടെ പരിഷ്‌ക്കരണം ഫലപ്രദമാക്കുന്നതിനുള്ള നിബന്ധനകളും പരിഷ്‌കരണത്തിന്റെ ഭാഗമാണ്.
പ്രതികള്‍ ഹാജരാകാതിരുന്നാലുള്ള 'അസാന്നിധ്യ' വിചാരണ നിര്‍ത്തലാക്കി. ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിഭാഗത്തെ സാക്ഷികളെ പോലും വിളിക്കാതെയുള്ള വിധി പുറപ്പെടുവിക്കല്‍ ഇനി സാധ്യമല്ല. അതേസമയം,  നിയമാനുസൃതമായ തടസ്സം പ്രകടിപ്പിക്കാതെ പ്രതി ഹിയറിംഗിന് ഹാജരാകാന്‍ വിസമ്മതിക്കുകയാണെങ്കില്‍, പ്രതിഭാഗം വക്കീലിനെ വച്ച് വിചാരണ നടത്താന്‍ വ്യവസ്ഥയുണ്ട്.

 
 

Comments

leave a reply

Related News