Foto

ക്രിസ്തുവുമായി ഐക്യപ്പെടാനുള്ള ഉപാധിയാണ് പ്രാർത്ഥന

ക്രിസ്തുവുമായി ഐക്യപ്പെടാനുള്ള ഉപാധിയാണ് പ്രാർത്ഥന

പ്രാർത്ഥന എന്നത് ക്രിസ്തുവുമായി ഐക്യപ്പെടുന്നതിനുള്ള ഉപാധിയാണെന്ന് മാർപ്പാപ്പാ.

വേദപാരംഗതയും നിഷ്പാദുക കർമ്മലീത്താസമൂഹാംഗവുമായ യേശുവിന്റെ വിശുദ്ധ ത്രേസ്യയുടെ, അഥവാ, ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ ഓർമ്മത്തിരുന്നാൾ ദിനത്തിൽ, അതായത്, ഈ 15-ന്, വെള്ളിയാഴ്‌ച (15/10/2021). “യേശുവിന്റെ വിശുദ്ധ ത്രേസ്യ”  (#SaintTeresaofJesus) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

പാപ്പാ അന്നു കണ്ണിചേർത്ത 3 ട്വിറ്റർ സന്ദേശങ്ങളിൽ ആദ്യത്തേതായ ഇതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“പ്രാർത്ഥന എന്നത് അസാധാരണ കാര്യങ്ങൾ അനുഭവിച്ചറിയുന്നതിനു വേണ്ടിയുള്ളതല്ല, പ്രത്യുത, ക്രിസ്തുവുമായി ഐക്യപ്പെടാനുള്ളതാണെന്ന് #യേശുവിന്റെ വിശുദ്ധ ത്രേസ്യ നമ്മെ പഠിപ്പിക്കുന്നു. ഈ ഐക്യം യഥാർത്ഥമാണെന്നതിന്റെ അടയാളമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.”

വർഷംതോറും  ഒക്ടോബർ 15-ന് ഐക്യരാഷ്ട്രസഭ ഗ്രാമീണസ്ത്രീകൾക്കായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അന്നു തന്നെ പാപ്പാ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു മഹിളകൾ നടത്തുന്ന    ത്യാഗോജ്ജല യത്നങ്ങളെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട്, ഗ്രാമീണസ്ത്രീകളുടെദിനം (#RuralWomenDay) എന്ന ഹാഷ്ടാഗോടുകൂടി ഒരു സന്ദേശം ട്വിറ്ററിൽ കുറിച്ചു.

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ, ഇക്കഴിഞ്ഞ പത്താം തീയതി (10/10/21) ഞായറാഴ്ച, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താനർപ്പിച്ച ദിവ്യബലിയോടെ ഔപചാരികമായി തുടക്കം കുറിച്ചതും 2023 ഒക്ടോബറിൽ സമാപിക്കുന്നതുമായ ത്രിഘട്ട പ്രയാണത്തോടനുബന്ധിച്ചും ഒരു സന്ദേശം പാപ്പാ ട്വിറ്ററിൽ ഈ വെള്ളിയാഴ്ച (15/10/21) കുറിച്ചു.

“സിനഡ്” (#Synod), “ശ്രവിക്കുന്നസഭ” (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടുകൂടിയ പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“ദൈവവചനം നമ്മെ വിവേചനബുദ്ധിയുള്ളവരാക്കുകയും സിനഡ്, പരിശുദ്ധാത്മാവ് നയിക്കുന്ന കൃപയുടെ സംഭവമായി ഭവിക്കുന്നതിന് അതിന് ദിശാബോധമേകുകയും ചെയ്യുന്നു. ഈ വേളയിൽ ദൈവം നമ്മോടു പറയാൻ ഉദ്ദേശിക്കുന്നതെന്തെന്നും നമ്മെ ഏതു ദിശയിലേക്കു നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും നമ്മോടുതന്നെ ചോദിക്കാൻ, സിനഡിൽ, യേശു നമ്മെ ക്ഷണിക്കുന്നു. #ശ്രവിക്കുന്നസഭ (#ListeningChurch)”

 

Comments

leave a reply

Related News