Foto

കൊറിയകൾ ഒന്നിക്കാൻ ആഗസ്റ്റ് 15ന് എക്യുമെനിക്കൽ പ്രാർത്ഥനാദിനം

കൊറിയകൾ ഒന്നിക്കാൻ ആഗസ്റ്റ് 15ന് എക്യുമെനിക്കൽ പ്രാർത്ഥനാദിനം

വത്തിക്കാൻ സിറ്റി : ഇരുകൊറിയകളും ഒരുമിക്കാൻ ഇന്ന്  (ആഗസ്റ്റ് 15) വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (ഡബ്ലിയു സി സി) എക്യുമെനിക്കൽ പ്രാർത്ഥനാ ദിനമാചരിക്കും.
    
ഉത്തര, ദക്ഷിണ കൊറിയകളുടെ 76-ാമത് വിമോചനദിനമാണ് ആഗസ്റ്റ് 15. ഇനി അൽപ്പം ചരിത്രം: 1910-45 കാലഘട്ടത്തിൽ ഒന്നാം ലോകമഹായുദ്ധത്തിനു മുന്നോടിയായി ജപ്പാൻ കൊറിയ പിടിച്ചടക്കി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജപ്പാന്റെ തോൽവിയോടെ അമേരിക്കയും റഷ്യയും കൊറിയ വീതിച്ചെടുത്തു. നോർത്ത് കൊറിയ റഷ്യയ്ക്കും, സൗത്ത് കൊറിയ അമേരിയ്ക്കയ്ക്കും. 1947-ൽ                    ഇരുകൊറിയകളെയും ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾ റഷ്യയുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു. പിന്നീട് ഇരുകൊറിയകളും തമ്മിലുള്ള സംഘർഷം വളർന്ന് 1950-ൽ നോർത്ത് കൊറിയ  സൗത്ത് കൊറിയയെ ആക്രമിക്കുന്നതുവരെയെത്തി കാര്യങ്ങൾ. 1950-53 യുദ്ധ വർഷങ്ങളായിരുന്നു   ഇരുരാഷ്ട്രങ്ങൾക്കും.  40 ലക്ഷം പേർ മരിച്ചു. 10 ദശലക്ഷം കുടുംബങ്ങൾ വിഭജിക്കപ്പെട്ടു. 1953-ജൂലൈ 27ന് യുദ്ധം അവസാനിച്ചു. യുദ്ധം അവസാനിപ്പിച്ചത് ഒരു താത്ക്കാലിക യുദ്ധവിരാമ സന്ധിയെ   അടിസ്ഥാനമാക്കിയായിരുന്നു. സമാധാന ഉടമ്പടി ഇല്ലാത്തതിനാൽ സാങ്കേതികമായി ഇരു രാഷ്ട്രങ്ങളും ഇപ്പോഴും യുദ്ധത്തിലാണ്.


എക്യുമെനിക്കൽ പ്രാർത്ഥന 15ന്
    
എല്ലാ വർഷവും ഡബ്ലിയു സി സി ഇരു രാഷ്ട്രങ്ങളും ഒന്നിക്കാനുള്ള പ്രാർത്ഥനാ ദിനം ആഗസ്റ്റ് 15ന് ആചരിക്കാറുണ്ട്. ഈ ദിനത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുന്നത് നാഷണൽ കൗൺസിൽ ഓഫ്  ചർച്ചസ് ഇൻ കൊറിയയും കൊറിയൻ ക്രിസ്ത്യൻ ഫെഡറേഷനും ചേർന്നാണ്.


ഉത്തര കൊറിയയിൽ സഭ നാമമാത്രം
    
കൊറിയൻ യുദ്ധത്തിനുശേഷം കത്തോലിക്കാസഭ ദക്ഷിണ കൊറിയയിൽ വളർന്നു പന്തലിച്ചു. ഉത്തര കൊറിയയിലാകട്ടെ കത്തോലിക്കാസഭയുടെ നാമമാത്രമായ സാന്നിദ്ധ്യമേയുള്ളു. വത്തിക്കാൻ ഉത്തര കൊറിയയിലെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊറിയൻ കാത്തലിക്  അസോസിയേഷനെ വത്തിക്കാൻ  അംഗീകരിക്കുന്നില്ല. 1940 കളിൽ ക്രൈസ്തവർക്കെതിരെ ഉത്തരകൊറിയൻ ഭരണകൂടം പീഡനങ്ങൾ തുടങ്ങി. ഇതോടെ അവിടെയുള്ള കത്തോലിക്കാ രൂപതകൾക്ക് അദ്ധ്യക്ഷന്മാരില്ലാതായി. കെ. സി. എ. യുടെ കണക്ക് പ്രകാരം ഉത്തരകൊറിയയിൽ 3000 കത്തോലിക്കരാണള്ളുതെങ്കിലും യു. എന്നിന്റെ   കണക്കിൽ 800 പേർ മാത്രമേ കത്തോലിക്കരായുള്ളൂ.
    
ദക്ഷിണ കൊറിയയിലെ സിയൂളിലെ ആർച്ചുബിഷപ്പിന്റെ അധികാര പരിധിയിൽ തന്നെയാണ് ഉത്തരകൊറിയൻ തലസ്ഥാനമായ
പോംഗ്യാങ്ങ് പ്രദേശമുള്ളത്. ദക്ഷിണകൊറിയയിൽ 5923000  കത്തോലിക്കരുണ്ട്. 53 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 11.2 ശതമാനം വരുമിത്.

അവിഭക്ത കൊറിയയ്ക്കു വേണ്ടി സഭ
    
അവിഭക്ത കൊറിയയ്ക്കു വേണ്ടിയാണ് കത്തോലിക്കാസഭ ഇവിടെ നിലകൊള്ളുന്നത്.  അതുകൊണ്ടുതന്നെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പേര് പോലും കാത്തലിക് ബിഷപ്പ്‌സ്    കോൺഫറൻസ് ഓഫ് കൊറിയ എന്നാണ്. ഇരു കൊറിയകളുടെയും അനുരഞ്ജനത്തിനായുള്ള   കമ്മീഷൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ 1997 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാ വർഷവും ജൂൺ 25ന് എല്ലാ കത്തോലിക്കാ രൂപതകളും ഇരുകൊറിയകളും ഒന്നിക്കാനുള്ള പ്രത്യേക  പ്രാർത്ഥനകളും നൊവേനകളുമെല്ലാം നടത്തിവരുന്നുണ്ട്.
    
2014 ആഗസ്റ്റ് 14 മുതൽ 18 വരെ ഫ്രാൻസിസ് പാപ്പ ദക്ഷിണ കൊറിയ സന്ദർശിക്കുകയുണ്ടായി. അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള ദിവ്യബലിയർപ്പിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ സന്ദർശനം അവസാനിപ്പിച്ചത്.

 

 

Comments

leave a reply

Related News