കാഞ്ഞിരപ്പള്ളി: കൂട്ടായ്മയിലാണ് സുവിശേഷ സാക്ഷ്യം സാധ്യമാകുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട റംശ നമസ്കാരത്തിൽ വചന സന്ദേശം നല്കുകയായിരുന്നു. സുവിശേഷത്തിന് സാക്ഷ്യം നല്കുന്നിടത്ത് യഥാർത്ഥ കൂട്ടായ്മ സംജാതമാകും. പ്രതികൂല സാഹചര്യങ്ങളിലും ശ്ലൈഹിക കൂട്ടായ്മയോട് ചേർന്ന് വിശ്വാസ പ്രഘോഷണം ധീരമായി നടത്തിയ മാർ തോമാ ശ്ലീഹയുടെ മാതൃക നമുക്ക് പ്രചോദനമാകണം. നമുക്കും അവനോടൊത്ത് പോയി മരിക്കാമെന്ന് സധൈര്യം ഏറ്റു പറഞ്ഞ തോമാ ശ്ലീഹയുടെ ധീരത സുവിശേഷ പ്രഘോഷകർക്ക് മാർഗ്ഗദർശനമാണ്.സുവിശേഷം നമ്മെ ക്ഷണിക്കുന്നത് കൂട്ടായ്മയിലായിരിക്കുന്നതിനാണ്. വിശ്വാസം നഷ്ടപ്പെടുന്നിടത്ത് കൂട്ടായ്മ നഷ്ടമാകുമെന്നും പ്രതിസന്ധികളിലും ധീരമായ സാക്ഷ്യം നല്കുവാൻ മാർത്തോമ്മായുടെ പൈതൃകമുൾക്കൊള്ളുന്ന നമുക്ക് കഴിയണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
വൈകുന്നേരം 6.00 മണിക്ക് നടത്തപ്പെട്ട റംശ നമസ്കാരത്തെ തുടർന്ന് മാർഗ്ഗം കളി, റമ്പാൻ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ നസ്രാണി കലാരൂപങ്ങൾ പഴയ പള്ളി അങ്കണത്തിൽ അവതരിപ്പിച്ചു.
ഫോട്ടോ: മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളിൽ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ നടത്തപ്പെട്ട റംശ നമസ്കാരത്തിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുന്നു.
ഫാ. സ്റ്റാൻലി പുള്ളോലിക്കൽ
PRO
Mob: 9496033110
Comments