Foto

ക്രിസ്തുവിലേക്കുള്ള ദൂരം കുറച്ച രണ്ടു പേർ...

ക്രിസ്തുവിലേക്കുള്ള
ദൂരം കുറച്ച
രണ്ടു പേർ...

സന്നദ്ധതയിലൂടെ  തൻ്റെ പൗരോഹിത്യ ജീവിതം മഹത്തരമാക്കിയ അമ്പത്തൊന്നു വയസ്സുകാരൻ ചെറിയാൻ നേരെവീട്ടിലച്ചനും സഹനത്തിലൂടെ തൻ്റെ യൗവ്വനം ദൈവതിരുമനസ്സിനു സമർപ്പിച്ച റിൻസി സിറിൾ എന്ന 23 കാരിയും എന്നും ഓർമ്മിക്കപ്പെടുന്ന വർഷം കൂടിയാവുകയാണ് 2021.

തോപ്പുംപടി സെയ്ൻ്റ് സെബാസ്റ്റിൻ ഇടവകാംഗമായിരുന്ന സിറിളിൻ്റെയും റീനയുടെയും മക്കളായിരുന്നു റിയയും റിൻസിയും. പഠനത്തിലും  ആത്മീയ കാര്യങ്ങളിലും നല്ല ശ്രദ്ധപുലർത്തിയിരുന്ന ഈ രണ്ടു സഹോദരിമാരോടും കുടുംബ യൂണിറ്റ് പ്രവർത്തകർക്കും യുവജന സംഘടനകൾക്കും  പ്രത്യേക വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. മൂത്തയാളായ റിയ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പത്താം തരവും പ്ലസ് ടു വും വിജയിച്ചത്.  
തോപ്പുംപടി സെയ്ൻ്റ് സെബാസ്റ്റിൻ സ്കൂളിൽ പ്ലസ് ടു തലത്തിലെ മികച്ച വിദ്യാർത്ഥിനികളിലൊരാളായിരിക്കെയാണ് അപ്രതീക്ഷിതമായി വൃക്കരോഗത്തിന് റിൻസി വിധേയയായത്. അവയവമാറ്റത്തിലൂടെ മാത്രമേ ജീവൻ നിലനിർത്താൻ കഴിയൂ എന്ന ഘട്ടത്തിലാണ് ദൈവദൂതനെപ്പോലെ ജീസസ് യൂത്തിന്റെ ദേശീയ സ്പിരിച്വല്‍ ഡയറക്ടറായ റവ. ഫാ. ചെറിയാൻ നേരെവീട്ടിൽ അവളുടെ പക്കലും ഇടവക വികാരി ഫാ. ടോമി മണക്കാടിൻ്റെ പക്കലും എത്തിയത്.
സാധാരണക്കാരിൽ സാധാരണക്കാരായ ആ കുടുംബം എത്ര കഠിനപ്രയത്നം ചെയ്താലും പരിഹരിക്കാൻ പറ്റാത്തതായിരുന്നു  അപ്പോഴത്തെ അവസ്ഥ.

വളരെ അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ചയും ചെറിയാനച്ചൻ്റെ തീരുമാനവും.
അണമുറിയാതെയുള്ള യാത്രയും ഏറെ തിരക്കുള്ള പദവിയും വഹിക്കുന്നതിനിടെ, ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾക്കു വേണ്ടി എന്തേ ഈ തീരുമാനം....?

എൻ്റെ സന്ദേഹം തൻ്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൊതുക്കി അദ്ദേഹം പറഞ്ഞു: "യേശുവിശ്വാസത്തിൽ ആർക്കൊക്കെ വേണ്ടിയാണോ എൻ്റെ ജീവൻ സമർപ്പിക്കപ്പെടേണ്ടത് അവരിലൊരാളെ കണ്ടെത്തിയ ആവേശത്തിലാണ് ഞാൻ".

2014 ഏപ്രിൽ മാസത്തിൽ അച്ചൻ്റെ വൃക്കകളിലൊന്ന് ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനു പുതുജീവൻ നല്കി. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള  ശാരീരിക അസ്വസ്ഥതകളെ തൻ്റെ ആത്മസമർപ്പണത്തിൻ്റെ ബലത്തിൽ അവഗണിച്ച് റിൻസിയുടെ അതിജീവനത്തിനും അവളുടെ കുടുംബത്തിനും അദ്ദേഹം കൂട്ടുകാരനായി. ഇതിനിടയിൽ റിൻസിയെ ക്യാൻസറും പിടികൂടി. അപ്പോഴും സന്ദർശനങ്ങളാലും ഫോൺ വിളികളാലും ചെറിയാച്ചൻ അവളെ ബലപ്പെടുത്തിക്കൊണ്ടിരുന്നു.

കാലം എല്ലാവരുടെയും സന്തോഷത്തിന് അതിരിട്ടു.  
2021 മെയ് 22-ന് ഒരുപാടു പേർക്ക് തീരാനൊമ്പരം നല്കി ചെറിയാനച്ചൻ തൻ്റെ ജീവിതത്തോട് വിടപറഞ്ഞു.
പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ ഒരു ഇരുചക്രവാഹനത്തിൻ്റെ രൂപത്തിൽ മരണം കൂട്ടിക്കൊണ്ടുപോയി.
വളരെ വൈകി അറിഞ്ഞ
ആ വേർപാട് അവളിൽ വല്ലാത്ത നൊമ്പരമുണർത്തിയിരുന്നു.
അതോടെ വിട്ടു പോകാതെ കൂടിയിരുന്ന അവളുടെ ചികിത്സാനന്തര അസ്വാസ്ഥ്യങ്ങൾ മൂർധന്യത്തിലുമായി.

ഒടുവിൽ തൻ്റെ പ്രിയപ്പെട്ട അപ്പയും അമ്മയും ചേച്ചിയും അരുകിൽ നില്‌ക്കെ ചെറിയാനച്ചനങ്കിളിനെ കൂടി ഓർത്തു ലിസ്സി ആശുപത്രി കിടക്കയിൽ നിന്ന് അവളും യാത്രയാവുമ്പോൾ റിൻസി ചെറിയാനച്ചനിൽ നിന്നും വൃക്ക സ്വീകരിച്ച്  എട്ട് വര്‍ഷങ്ങളായിരുന്നു.

ചെറിയാനച്ചൻ ഒരു വിശുദ്ധ യൗവ്വനമായി ഓർമ്മയിൽ നില്ക്കുന്നു;
ഒപ്പം, മകളോളം അച്ചനും ഞങ്ങളും സ്നേഹിച്ച റിൻസിയും.

വൈദികാന്തസിനെ വാനോളം ഉയർത്തിയാണ് ചെറിയാനച്ചൻ തൻ്റെ ജീവിതപൂർത്തീകരണം നടത്തിയത്.
വളരെ ചെറുപ്പത്തിലേ തനിക്കനുഭവിക്കേണ്ടി വന്ന കഠിനവ്യഥകളെ ഒരു ഉൾക്കാഴ്ചയോടെ സ്വീകരിച്ച് ദൈവഹിതത്തിന് വിധേയയായ റിൻസി ക്രിസ്തീയ യുവത്വത്തിന് സഹനവിശുദ്ധിയുടെ സന്ദേശം നല്കുന്നു.  ക്രിസ്തുവിൽ തങ്ങളർപ്പിച്ച വിശ്വാസജീവിതം വൃഥാവിലല്ലെന്ന് അവർ വരുംകാലങ്ങളിൽ തെളിയിച്ചേക്കാം. ആ പ്രകാശ ധാരകൾ നമ്മെ ക്രിസ്തുവിലേക്കു നയിക്കുകതന്നെ ചെയ്യും.

Foto
Foto

Comments

leave a reply