ഫാ. ജോജോ മണിമല എന്ന 36കാരനായ കപ്പൂച്ചിൻ സഭാംഗം തൻ്റെ വൃക്ക ദാനം ചെയ്യുന്നതോടെ രണ്ടു പേർ തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുവരും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നാണ് വൃക്കദാനം നടക്കുന്നത്.
സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാൾക്കാണ്.എന്നാൽ അച്ചൻ്റെ വൃക്കദാനം രണ്ടുപേർക്കാണ് ജീവനേകുന്നത്. പാലക്കാടുള്ള ഹൈന്ദവ സഹോദരനാണ് അച്ചൻ വൃക്ക നൽകുന്നത്. ഇതിനു പകരമായി(Paired Kidney Exchange) ഇദ്ദേഹത്തിൻ്റെ ഭാര്യ താമരശ്ശേരി തെയ്യപ്പാറയിലെ 24കാരനു തൻ്റെ വൃക്ക നൽകി നന്മയുടെ സ്നേഹച്ചങ്ങലയൊരുക്കും. നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.
കണ്ണൂർ പാവനാത്മ പ്രൊവിൻസ് (കപ്പൂച്ചിൻ) അംഗമായ അച്ചൻ ഇരിട്ടി ഡോൺ ബോസ്കോ കോളജിലെ MSW വിദ്യാർഥിയാണ്. ജീസസ് യൂത്തിൻ്റെ മുൻനിര പ്രവർത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.നിലമ്പൂർ പാലേമാട് സെൻ്റ് തോമസ് ഇടവകാംഗം മണിമല തോമസിൻ്റെയും മേഴ്സിയുടെയും മകനാണ്.പൗരോഹിത്യം സ്വീകരിച്ചിട്ട് ഇത് ഏഴാം വർഷം ആണ്.
ജോയ്സി കൊല്ലറേട്ട് (അധ്യാപിക,സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ,പരിയാപുരം), സിസ്റ്റർ ടെസ്സിൻ FCC, ജിജോ(സൗദി അറേബ്യ) എന്നിവർ സഹോദരങ്ങളാണ്. മാനവകുലത്തിനായി ജീവൻ പകർന്ന ക്രിസ്തുനാഥൻ്റെ സ്നേഹം സ്വന്തം ജീവിതത്തിൽ സാക്ഷ്യപ്പെടുത്തുകയാണ് ഫാ. ജോജോ മണിമല OFM Cap.
മനോജ് വീട്ടുവേലിക്കുന്നേൽ
Comments