Foto

ചിലി പ്രക്ഷോഭകർ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി

റൊസാരിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ 1973-1990 കാലയളവില്‍ അധികാരത്തിലിരുന്ന സൈനിക സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റെ പിനോഷെയുടെ കാലത്തെ കുപ്രസിദ്ധമായ ഭരണഘടന പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായതിനെ തുടർന്ന് തലസ്ഥാന നഗരമായ സാന്റിയാഗോയിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. ‘ദി അസംപ്ഷന്‍ ഓഫ് ദി വെർജിൻ മേരി’ ദേവാലയവും, ഔര്‍ ലേഡി ഓഫ് മൗണ്ട് മിലിട്ടറി (കാരാബിനെറോസ്) കത്തീഡ്രലുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അഗ്നിക്കിരയായത്. പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള ദേവാലയം പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രക്ഷോഭകര്‍ ദേവാലയങ്ങള്‍ ലക്ഷ്യം വെച്ചതിന്റെ കാരണം ഇനിയും വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഞായറാഴ്ച സെന്‍ട്രല്‍ സാന്റിയാഗോ സ്ക്വയറില്‍ തടിച്ചു കൂടിയ പതിനായിരകണക്കിന് പ്രക്ഷോഭകരില്‍ ചിലര്‍ ഉച്ചയായതോടെ അക്രമാസക്തരാവുകയായിരുന്നു. ദേവാലയങ്ങളുടെ പിന്നിലൂടെ പ്രവേശിച്ച അക്രമികള്‍ ദേവാലയത്തിലെ വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്യുകയും, ദേവാലയത്തിലെ വിവിധ വസ്തുക്കൾകൊണ്ട് തന്നെ തടസം സൃഷ്ടിച്ച ശേഷം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. വരുന്ന ഒക്ടോബര്‍ 25-ന് സ്വേച്ഛാധിപത്യകാലത്തെ ഭരണഘടന പരിഷ്കരിക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയുള്ള പൊതുജന ഹിതപരിശോധന നടക്കുവാനിരിക്കേയാണ് ദേവാലയങ്ങള്‍ അഗ്നിക്കിരയായിരിക്കുന്നത്. ക്രിസ്തീയ വിരുദ്ധത പ്രകടിപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ, കത്തോലിക്കാ സഭ ശക്തമായി അപലപിച്ചു. പ്രക്ഷോഭങ്ങളുടെ മറവില്‍ അക്രമികളും, സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നത് തടയണമെന്നു സഭാനേതൃത്വം ആവശ്യപ്പെട്ടു. അക്രമം തെറ്റാണെന്നും അക്രമം വിതക്കുന്നവന്‍ നാശവും, വേദനയും മരണവും കൊയ്യുമെന്നും സാന്റിയാഗോ മെത്രാപ്പോലീത്ത അക്രമത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു. സ്നേഹം അക്രമത്തേക്കാളും, വിദ്വേഷത്തേക്കാളും ശക്തമാണെന്നും, നല്ലവരായ ചിലി ജനത അക്രമത്തെ തടയണമെന്നും അഗ്നിക്കിരയായ ദേവാലയങ്ങളുടെ ഇടവകക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. അഴിഞ്ഞാട്ടക്കാരായ കായികമത്സര ആരാധകരും, സംഘടിത കുറ്റവാളികളും പ്രതിഷേധത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
 

Comments

leave a reply

Related News