Foto

സ്‌നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും വർണ്ണനൂലുകൾ പാകിയ സമർപ്പിതജീവിതത്തിനു മുന്നിൽ ഒരു പിടി ഓർമ്മപ്പൂക്കൾ

സ്‌നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും
വർണ്ണനൂലുകൾ പാകിയ സമർപ്പിതജീവിതത്തിനു മുന്നിൽ
ഒരു പിടി ഓർമ്മപ്പൂക്കൾ

ഇതൊരു ചരമവാർത്തയല്ല. നിരവധി തിരുവസ്ത്രങ്ങൾ തുന്നിയൊരുക്കിയ വിരലുകൾക്കു മുന്നിൽ കുറിച്ചിടുന്ന വക്കുപൊട്ടിയ വാക്കുകളാണ്. സി.ടി.സി . സന്യാസസമൂഹാംഗമായ സിസ്റ്റർ മേരി ട്രീസ ജോർജ്ജ് ഓർമ്മയായിട്ട് ഇന്ന് പന്ത്രണ്ട്  ദിവസം. ലൈവായി മരണാനന്തരച്ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്ന ഈ നാളുകളിൽ എന്തേ ഈ ഓർമ്മക്കുറിപ്പെഴുതാൻ വൈകി എന്ന ചോദ്യത്തിനു മറുപടിയില്ല.

സിസ്റ്ററിനെ ഞാൻ ആദ്യം കാണുന്നത് ഭാഗ്യസ്മരണാർഹനായ ആർച്ചുബിഷപ്പ് കൊർണേലിയൂസ് പിതാവിന്റെ വിശ്രമമന്ദിരത്തിൽ വച്ചാണ്. സി.ടി.സി. പ്രൊവിൻസ് കെന്നഡിമുക്കിൽ ആരംഭിച്ച ടെയിലറിംഗ് യൂണിറ്റിന്റെ ചുമതലക്കാരിയായിരുന്നു അന്ന് സിസ്റ്റർ.

1989-ലാണ് കൊർണേലിയൂസ് പിതാവിന്റെ നിർദ്ദേശപ്രകാരം സി.ടി.സി. സന്യാസസമൂഹം കെന്നഡിമുക്കിൽ പ്രസ്സും ടെയിലറിംഗ് യൂണിറ്റും തുടങ്ങുന്നത്.

കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സിസ്റ്റർ മേരി ട്രീസയുടെ സേവനം തേടിയവർ  എത്രയോ പേരാണ് . എത്രയോ നവവൈദികരാണ്, ആ സമർപ്പിത തുന്നിയ കുർബാനക്കുപ്പായവുമിട്ട് അൾത്താരയിൽ ശുശ്രൂഷ ചെയ്തിട്ടുള്ളത്! പി.ഒ.സി.യിൽ സേവനമനുഷ്ഠിക്കുന്നതുകൊണ്ട് പല വൈദികരും സിസ്റ്ററിന്റെ അടുത്ത് വസ്ത്രങ്ങൾ തയ്ക്കാനുള്ള ഓർഡർ ഞാനും എന്റെ സഹപ്രവർത്തകരും വഴി നല്കിയിരുന്നു. ഏപ്രിൽ 30-ന് രോഗം മൂർച്ഛിച്ചപ്പോഴും അഞ്ച് നവവൈദികർക്കായുള്ള ദിവ്യബലി വസ്ത്രങ്ങൾ തുന്നിത്തീർക്കുകയായിരുന്നു സിസ്റ്റർ മേരി ട്രീസ. ഏതൊരു ആവശ്യം പറയുമ്പോഴും 'തിരക്കാണല്ലോ, എന്തു ചെയ്യും?' എന്ന് പറയുമായിരുന്നു സിസ്റ്റർ. പക്ഷേ, സമയത്തിനു മുമ്പേ ആ തിരുവസ്ത്രങ്ങൾ തുന്നിത്തീർത്തിട്ടുണ്ടാകും സിസ്റ്റർ.

സിസ്റ്ററിന്റെ ടെയിലറിംഗ് യൂണിറ്റ് , സി.ടി.സി . സ്ഥാപക മദർ ഏലീശ്വാമ്മ സ്വപ്നം കണ്ട സ്ത്രീശാക്തീകരണത്തിന്റെ നേർക്കാഴ്ചയായിരുന്നു. കോവിഡിനുമുമ്പ് ഈ ടെയിലറിംഗ് യൂണിറ്റിൽ 45 സ്ത്രീകൾക്ക് സിസ്റ്റർ ജോലി നല്കിയിരുന്നു. ആരംഭത്തിൽ ഈ യൂണിറ്റുകളുടെ പ്രവർത്തനം അന്ന് ഒരു വെല്ലുവിളിയായിരുന്നു. യാത്രാസൗകര്യം തീരെ കുറഞ്ഞ ഈ ദേശത്ത് ഈ യൂണിറ്റുകൾ പച്ച പിടിക്കുമോയെന്നു പോലും പലരും ചിന്തിച്ചിരുന്നു. സിസ്റ്റർ മേരി ട്രീസ തയ്യൽ ജോലി സ്വയം പഠിച്ചെടുക്കുകയായിരുന്നുവെന്ന് ഇപ്പോൾ ഈ യൂണിറ്റിന്റെ ചുമതലക്കാരിയായ സിസ്റ്റർ വിവിന സി.ടി.സി. പറയുന്നു.

സഭയ്ക്കും സമൂഹത്തിനും മൗനമായി നന്മചെയ്ത് കടന്നുപോകുന്ന നിരവധി സമർപ്പിതർ ഇന്നുണ്ട്. അവരെ അല്പം വൈകിയാണെങ്കിലും ഓർമ്മിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഈ അനുസ്മരണം ഞാൻ എഴുതുന്നത്.

2000-ൽ ക്രിസ്തുജയന്തി എറണാകുളത്തുവച്ച് ആഘോഷിക്കുമ്പോൾ, ഈ ആഘോഷദിനങ്ങൾക്കു വേണ്ടി സിസ്റ്റർ മേരി ട്രീസ തുന്നിയുണ്ടാക്കിയ തിരുവസ്ത്രങ്ങൾക്ക് കണക്കില്ല. രാത്രി ഏറെ വൈകിയും സിസ്റ്ററിന്റെ തുന്നൽ മെഷീൻ ശബ്ദിച്ചിരുന്നത് സഹപ്രവർത്തകർ ഓർമ്മിക്കുന്നു. ചന്തിരൂർ ചള്ളിത്തറ കുടുംബാംഗമായ സിസ്റ്റിറിനെ ഒരിക്കൽ കണ്ടവർ പിന്നീട് മറക്കില്ല.  ഹൃദയത്തിൽ നിന്ന് ചിറകടിച്ചുയരുന്ന ആത്മാർത്ഥമായ  ചിരിയുടെ നേർപൊലിമയായിരുന്നു സിസ്റ്ററിനെ  ഓർമ്മ ഭിത്തിയിൽ വരച്ചിടാൻ നമ്മെ എക്കാലത്തും പ്രേരിപ്പിച്ചിരുന്നതെന്ന്  തോന്നുന്നു.

സിസ്റ്ററിന്റെ ഏഴാം ചരമദിനത്തോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ കോവിഡ് ചട്ടങ്ങൾ പാലിച്ച് സി.ടി.സി. മഠങ്ങളിൽ നടന്നു കഴിഞ്ഞു. കാലത്തിന്റെ  കടലെടുത്തുപോയ ഒരു തിരുശുശ്രൂഷയുടെ തുരുത്തുപോലെ കണ്ണടച്ചാൽ കാണാനാകും സി.ടി.സി . സ്ഥാപക  മദർ ഏലീശ്വാമ്മയുടെ ഭക്തിപൈതൃകത്തിന്റെ പ്രഭാപൂരമുള്ള സിസ്റ്റർ മേരി ട്രീസയുടെ ചിരിക്കുന്ന മുഖം. സ്‌നേഹത്തിന്റെയും നിസ്വാർത്ഥസേവനത്തിന്റെയും വർണ്ണനൂലുകൾ പാകിയ ആ ധന്യജീവിതത്തിനു മുമ്പിൽ ഒരുപിടി ഓർമ്മപ്പൂക്കൾ.

ആന്റണി ചടയംമുറി

 

 

Foto

Comments

  • Dr George Ernest
    12-05-2021 09:40 PM

    May her soul rest in heavenly peace with Almighty God.

  • Dr George Ernest
    12-05-2021 09:34 PM

    May her soul rest in heavenly peace with Almighty God.

  • 12-05-2021 09:16 PM

leave a reply

Related News