ഫ്രാൻസിസ് പാപ്പയുടെ അവസാന പുസ്തകമായ, “ഹോപ്പ്, അൺഫെയിലിംഗ്” നവംബർ 10-ന് പ്രകാശനം ചെയ്യും. അർജന്റീനയിലെ തൻ്റെ കുട്ടിക്കാലവും ജീവിതം സമ്മാനിച്ച അനുഭവപാഠങ്ങളും ഈ പുസ്തകം വിവരിക്കുന്നുണ്ട് . ഇറ്റാലിയൻ ഭാഷയിൽ ഉള്ള പാപ്പയുടെ, ‘ലാ സ്പെരാൻസ നോൺ ഡെലൂഡെ മൈ’, എന്ന പേരിലുള്ള പുസ്തകത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനമാണ്, “ഹോപ്പ്, അൺഫെയിലിംഗ്” .
നിഷ്ക്രിയമായ വിശ്വാസത്തിനുപരിയായി നമ്മുടെയും മറ്റുള്ളവരുടെയും പ്രതിസന്ധികളെ പ്രതീക്ഷയോടെ കൈകാര്യം ചെയ്യുന്ന പ്രത്യാശയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത് . ഗർഭിണി, നിർധനൻ , അഭയാർത്ഥി, സൈനികൻ, കൊച്ചുമകൻ്റെ കൈപിടിച്ചു നടക്കുന്ന മുത്തച്ഛൻ അങ്ങനെ വിവിധ കഥാപാത്രങ്ങളിലൂടെയാണ് കർമ്മനിരതമാകേണ്ട പ്രത്യാശയെ പാപ്പ ചിത്രീകരിക്കുന്നത് . യുദ്ധം, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം എന്നിവ മൂലം നടക്കുന്ന കുടിയേറ്റങ്ങളും സിവിലയന്മാരുടെ ദുരിതങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു. നിർമ്മിത ബുദ്ധി (AI) പോലുള്ള സാങ്കേതിക വിദ്യകൾ ഉയർത്തുന്ന വെല്ലുവിളികളും മനുഷ്യനന്മക്കുവേണ്ടി അവ പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയും ഈ പുസ്തകത്തിലൂടെ പാപ്പ സംസാരിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകനായ ഹെർണാൻ റെയസ് അൽക്കെയ്ഡുമായി ചേർന്നാണ് പാപ്പ ഈ പുസ്‌തകം തയാറാക്കിയത് . 176 പേജുകളുള്ള ഈ പുസ്തകം മേഷർ പബ്ലിഷിംഗ് ആണ് പുറത്തിറക്കുന്നത് .










Comments