നവംബറിൽ നടക്കാനിരിക്കുന്ന തെക്കേ അമേരിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വൈദികരുൾപ്പെടെയുള്ള സമർപ്പിതരുടെയും മറ്റു സഭംഗങ്ങളുടെയും ഭാഗത്തുനിന്നുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായ ഏതാനും പേർക്ക് കൂടിക്കാഴ്ച അനുവദിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. തങ്ങളുടെ ജീവിതത്തിലുണ്ടായ അതിക്രമങ്ങൾ മൂലം ഇപ്പോഴും വേദനയും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളോട് തന്റെ സാമീപ്യവും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായാണ് പാപ്പാ ഈ കൂടിക്കാഴ്ച്ചകൾ നടത്തുക.
ലൈംഗികാതിക്രമങ്ങളുടെ ഇരകൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ അവർക്ക് സഹായമാകാനും, അവരുടെ മുറിവുണക്കാനും ശ്രമിക്കുക, സൗഖ്യത്തിന്റെയും വീണ്ടെടുപ്പിന്റെയും മാർഗ്ഗങ്ങൾ അവർക്കൊപ്പം ചേർന്ന് രൂപപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ പരിശുദ്ധ സിംഹാസനം, സഭ സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതും ആത്മീയവും സുരക്ഷിതവും ആരോഗ്യകരവുമായ ഒരിടമായി നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കുമെന്ന് അറിയിച്ചു.
നവംബർ 6 മുതൽ 17 വരെ തീയതികളിലായി 12 ദിനങ്ങൾ നീളുന്ന ഈ അപ്പസ്തോലിക യാത്രയിൽ ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളാണ് പാപ്പാ സന്ദർശിക്കുക.
അടുത്തിടെ സ്പെയിനിലേക്കും ഫ്രാൻസിലേക്കും നടത്തിയ അപ്പസ്തോലിക സന്ദർശനങ്ങളിലും, സഭയിൽ ലൈംഗിക പീഡനങ്ങൾ നേരിട്ട ചിലരുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അതിജീവിതരുടെ വേദനാജനകമായ അനുഭവങ്ങൾ കേൾക്കാനും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കാനും താത്പര്യം കാണിച്ച പാപ്പാ, സത്യത്തിന്റെയും നീതിയുടെയും പാതയിൽ മുന്നേറേണ്ടതിന്റെയും, പരിഹാരമാർഗ്ഗങ്ങളുടെയും പ്രാധാന്യം എടുത്തുകാണിച്ചിരുന്നു.
സഭയ്ക്കുള്ളിൽ പീഡനങ്ങളും മറ്റു ചൂഷണങ്ങളും തടയുന്നതിനും ഇരകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മുൻ പാപ്പാമാരും, തങ്ങളുടെ അപ്പസ്തോലിക സന്ദർശനങ്ങൾ ഉൾപ്പെടെയുള്ള അവസരങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. സഭയെ ദുർബലർക്കും പ്രായപൂർത്തിയാകാത്തവർക്കും സുരക്ഷിത ഇടമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങൾ.










Comments