ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു
കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മധ്യവേനല്‍ അവധിക്കാലത്ത് സംഘടിപ്പിച്ച പഠന പരിശീലന പരിപാടിയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംസ്ഥാനതല പഠന കേന്ദ്രവും റിസോഴ്‌സ് സെന്ററും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഹെലന്‍ കെല്ലര്‍ അനുസ്മരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
Fr. Sunil Perumanoor
Executive Secretary
Kottayam Social Service Society
Ph: +91 9495538063, www.ksss.in
Comments