Foto

മരുന്നും ഭക്ഷണവും സാമ്പത്തിക സഹായവും സൗജന്യ റേഷനും ഉൾപ്പെടുത്തി തീരത്തിനു മാത്രമായി പാക്കേജ് പ്രഖ്യാപിക്കണമെന്നു ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ

മരുന്നും ഭക്ഷണവും സാമ്പത്തിക സഹായവും സൗജന്യ റേഷനും ഉൾപ്പെടുത്തി

തീരത്തിനു മാത്രമായി പാക്കേജ് പ്രഖ്യാപിക്കണമെന്നു ബിഷപ്  ഡോ. ജയിംസ് ആനാപറമ്പിൽ

ആലപ്പുഴ . ചുഴലിക്കാറ്റും മഴയും കടൽ ക്ഷോഭവും ഒരു പോലെ ആഞ്ഞടിച്ചപ്പോൾ കടൽത്തീരം തകർന്നു. കോവിഡ്  വ്യാപനത്തിൽ തീരത്തുള്ളവർ ആശങ്കയിൽ ആയിരുന്നു. അപ്പോൾ ആണ് ദുരന്തം വിതച്ചുള്ള കടലാക്രമണം.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ടുണ്ടായ കടലാക്രമണത്തിൽ 50 മീറ്റർ മുതൽ 1.5 കിലോമീറ്റർ വരെ വീതിയിൽ കടൽ തീരം കടലെടുത്തു. വൻ കെട്ടിടങ്ങളും
നിരവധി വീടുകളും  തീരത്തോടൊപ്പം കടലിൽ പതിച്ചു. മത്സ്യത്തൊഴിലാളികൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ മുതലാണ് " ടൗട്ടെ " ചുഴലിക്കാറ്റ് നിമിഷ നേരം കൊണ്ട് ഇല്ലാതാക്കിയത്. കഴിഞ്ഞ 4 ദശാബ്ദത്തിൽ അധികമായി ശരിയായ കടൽ ഭിത്തി നിർമാണം നടക്കാതിരുന്നത് പതിവുപോലെ ഇത്തവണയും നാശനഷ്ടങ്ങൾക്ക് കാരണമായി.
കാലവർഷത്തിന് അകമ്പടിയെന്നോണം ഉണ്ടായ "ടൗട്ടെ" ചുഴലിക്കാറ്റ് തീരത്തെ  ചുഴറ്റി എറിയുകയായിരുന്നു. ആലപ്പുഴ രൂപതയുടെ പ്രദേശങ്ങളായ പുറക്കാട് മുതൽ ഫോർട്ട് കൊച്ചി വരെ നൂറുകണക്കിന് വീടുകൾ തകർന്നു. ഭവന രഹിതരായവർ എവിടെ പോകണമെന്നറിയാതെ നിലവിളിക്കുന്ന കാഴ്ചകൾ കാണാമായിരുന്നു. പുന്നപ്ര, ഒറ്റമശേരി തീരങ്ങളിൽ മുൻ വർഷങ്ങളെപ്പോലെ നാശനഷ്ടങ്ങൾ ആവർത്തിച്ചു. ചെല്ലാനത്തെ  സ്ഥിതി ദുരന്ത സമാനമായി. ഒരു ജീവൻ നഷ്ടപ്പെട്ടു. ഇവിടെ മാത്രം അനേക വീടുകൾ തകർന്നു. നിരവധി വീടുകൾ താമസ യോഗ്യമല്ലാതായി.  രോഗികളുടെയും ഗർഭിണികളുടെയും കോവിഡ് ബാധിതരുടെയും സ്ഥിതി ദയനീയമാണ്. എംപി മാരും നിയുക്ത എംഎൽഎ മാരും ജില്ലാ കലക്ടർമാരും വന്നു പോയെങ്കിലും നടപടികൾ യാതൊന്നുമായില്ല.
ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ തീര ജനതക്ക് ആശ്വാസവുമായി എല്ലായിടത്തും എത്തിച്ചേർന്നു. ഹാർബറുകളും പുലിമുട്ടുകളും നിർമിക്കാൻ കരിങ്കല്ല് ഉപയോഗിച്ചെങ്കിലും ശാസ്ത്രീയ നിർമാണം നടക്കുന്നില്ലെന്ന് ബിഷപ് പറഞ്ഞു. തോട്ടപ്പള്ളി, അർത്തുങ്കൽ, ചെല്ലാനം എന്നിവിടങ്ങളിൽ ഹാർബറിന്റെ ഭാഗമായി പുലിമുട്ടുകൾ നിർമിച്ചപ്പോൾ എതിർ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായി. ഇത് പരിഹരിക്കാൻ മറ്റ് സ്ഥലങ്ങളിൽ പുലിമുട്ടോടു കൂടിയ കടൽ ഭിത്തി നിർമിക്കണം. മരുന്നും ഭക്ഷണവും സാമ്പത്തിക സഹായവും സൗജന്യ റേഷനും ഉൾപ്പെടുത്തി തീരത്തിനു മാത്രമായി പാക്കേജ് പ്രഖ്യാപിക്കണമെന്നു ബിഷപ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു .
 കോവിഡ് രൂക്ഷമായിരിക്കെ കടലാക്രമണവും കൂടിയായപ്പോൾ ഇതുവരെ ഉണ്ടാകാത്ത ദുർഘടമായ സാഹചര്യം ആണ് തീരത്തുള്ളത്. നേരത്തെ സർക്കാരിന് മുന്നിൽ സമർപ്പിച്ച പഠനങ്ങളും പ്രതിവിധികളും സർക്കാർ സ്വീകരിച്ചെങ്കിലും അതിന്റെ പ്രതിഫലനം ഉണ്ടാകാത്തത് ദു:ഖകരമാണ്. സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടതും പാക്കേജിൽ ഉൾപ്പെടുത്തുന്നതിനും ബിഷപ് നിർദേശിച്ച പ്രധാന ആവശ്യങ്ങൾ ചുവടെ:
# കടലാക്രമണ ഭീഷണി നേരിടുന്ന വീടുകൾ കല്ല് കെട്ടി സംരക്ഷിക്കണം.
# തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വേതനം കണക്കാക്കി സാമ്പത്തിക സഹായം നൽകണം
# തീരത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരന്ത നിവാരണ അതോറിറ്റിയുടെ സാന്നിധ്യം ഉണ്ടാകണം
# തീരദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് സെന്ററുകൾ തുടങ്ങണം. ഇതിനായി രൂപതയുടെ ഏത് സ്ഥാപനവും വിട്ടു തരാൻ തയാറാണ്.
# പുന്നപ്രയിലും ഒറ്റമശേരിയിലും കടൽ ഭിത്തി നിർമിക്കാൻ അനുവദിച്ച ഫണ്ട് വിനിയോഗിക്കണം.
# ചെല്ലാനം പദ്ധതിക്ക് നീക്കിവച്ച 150 കോടി രൂപ ചെലവഴിക്കണം.
# ഫോർട്ട് കൊച്ചി മുതൽ പുറക്കാട് വരെ 1000 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി നടപ്പാക്കണം
വികാരി ജനറാൾ മോൺ. ജോയി പുത്തൻ വീട്ടിൽ, സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ  ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ , ബിസിസി ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ എന്നിവരും പങ്കെടുത്തു.

Foto

Comments

leave a reply

Related News