ജാടകളില്ലാത്ത വീട് (HOME)
"I am Completely imperfect at my home"
ഹോം എന്ന സിനിമയിൽ ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകളാണ് , മേലെ പ്രതിപാദിച്ചിരിക്കുന്നത്. സ്വന്തം വീടെന്ന ജീവിക്കുന്ന യാഥാർത്ഥ്യവും അവിടുത്തെ കുടുംബാംഗങ്ങളുടെ സ്വാതന്ത്ര്യത്തെയും അവരുടെ വീട്ടിനകത്തെ സ്വതന്ത്ര വിഹാരങ്ങളേയും ഇത്രേം യുക്തിഭദ്രമായി വാക്കുകളിലൊതുക്കാൻ സാധിക്കില്ലെന്നു തീർച്ച. കുടുംബ വിഷയങ്ങൾ കൈകാര്യം ചെയ്ത അനവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും, താര ഭാരമില്ലാതെയും വീടെന്ന ലൊക്കേഷനകത്തു 90% സിനിമയും ഒതുങ്ങി നിൽക്കത്തക്ക രീതിയിലും മറ്റൊരു സിനിമ, അന്യഭാഷകളിൽ പോലും ഉണ്ടാകാനിടയില്ല. അത്ര മനോഹരമായ ഇടമാണ് വീടെന്ന സത്യം ഈ സിനിമ വരച്ചു കാണിക്കുന്നുണ്ട്. ലളിതവും സുപരിചതവും മനോഹരവുമായ കാഴ്ചകൾ സമ്മാനിക്കുന്ന "ഹോം" എന്ന സിനിമയിൽ, കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ അഭിനയിക്കുകയല്ല;ജീവിക്കുകയാണ്.ഒരു സന്ദേശം കൈമാറ്റം ചെയ്യാൻ, നമ്മുടെ മുമ്പിൽ അനവധി സാധ്യതകളുണ്ട്. കുറെ കാലമായി വയലൻസും ആക്ഷേപവും റൊമാൻസും വെറും ഉപദേശങ്ങളും മാത്രം നിറഞ്ഞ സംവേദന രീതികളിലൂടെയാണ്, സിനിമയെന്ന മാധ്യമം ചരിച്ചിരുന്നത്. എന്നാൽ തികഞ്ഞ സംവേദനക്ഷമതയോടെ തികച്ചും അനായാസമായി നമുക്കെല്ലാം സുപരിചിതമായ കാഴ്ചകളിലൂടെയാണ്, ഈ സിനിമ മുന്നോട്ട് വെക്കുന്ന ആശയം നമ്മിലേക്കെത്തുന്നത്.ഇടിയും വെടിയും, കടിച്ചാൽ പൊട്ടാത്ത വാക്കുകളുമില്ലാത്ത സുന്ദരമായ ഒരു സിനിമ; ഹോമിനെ അങ്ങിനെ വിശേഷിപ്പിക്കാം. ഹാസ്യനടനിൽ നിന്നും സ്വഭാവനടൻ്റെ പൂർണ്ണതയിലേക്ക്
ഇന്ദ്രൻസ് എന്ന കൊച്ചു മനുഷ്യൻ നടന്നു കയറിയ സിനിമ കൂടിയായി, സിനിമാലോകം ഈ ചിത്രത്തെ വിശേഷിപ്പിക്കുമെന്ന് തീർച്ച. അദ്ദേഹത്തിൻ്റെ സൂക്ഷ്മാഭിനയം ഏവരെയും ഭാവമാറ്റത്തിൻ്റെ ആനന്ദലബ്ധിയിലെത്തിക്കുമെന്ന് പറയാതെ വയ്യ. ഒരു നടിയെന്ന നിലയിൽ മഞ്ജു പിള്ളയെ ഉപയോഗിക്കാത്തതിൻ്റെ കുറ്റബോധം കൂടി, സിനിമാ സാങ്കേതിക പ്രവർത്തകർക്ക് ഈ സിനിമ ജനകീയമാകുന്നതോടെ പേറേണ്ടി വരുമെന്നുറപ്പാണ്. ശ്രീനാഥ് ഭാസിയും ആഷ്ലിനും ജോണി ആൻ്റണിയുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ അത്യുജ്ജലമാക്കിയിരിക്കുന്നു. ഇന്ദ്രൻസാണോ ശ്രീനാഥ് ഭാസിയാണോ മുഖ്യകഥാപാത്രമെന്ന സംശയം, സ്വാഭാവികമായും പ്രേക്ഷകരിൽ അംഗുരിക്കുമെന്ന് പറയാതെ വയ്യ. ആരാണ് ദൈനംദിന കാര്യങ്ങളെ ലളിതസുന്ദരകാഴ്ചകളാക്കിയ നീൽ ഡി കുഞ്ച,
"നമ്മുടെ കൂടി വീടുകളിലെ" ഓരോ നിമിഷങ്ങളെയും വിട്ടു പോകാതെ സിനിമയിലുൾ ചേർത്ത കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ റോജിൻ തോമസ് ; യഥാർത്ഥത്തിൽ നിങ്ങളാണ് ഈ സിനിമയുടെ വിജയശിൽപ്പികൾ.ഇതൊരു ഓർമ്മപ്പെടുത്തലാണ്. സ്വന്തം മാതാപിതാക്കളെ കരുതലോടെ സ്നേഹിക്കാനും വാർദ്ധക്യത്തിലെ അവരുടെ ഇഷ്ടങ്ങളെ കെട്ടിപ്പുണരാനുമുള്ള ഓർമ്മപ്പെടുത്തൽ.എന്തെങ്കിലും ചെയ്തുവെന്ന്, അഹങ്കരിക്കുന്ന ഇന്നത്തെ പുതുതലമുറയ്ക്ക്, സ്വന്തം നന്മ സ്വയം മാർക്കറ്റ് ചെയ്യാത്തതിൻ്റെ പേരിൽ മാത്രം അവഗണിക്കപ്പെട്ടു പോയ നമ്മുടെ രക്ഷിതാക്കളോടുള്ള ബാധ്യത കൂടി ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. ജീവിതയാത്രയിൽ, സാധ്യമായ നന്മകൾ ചെയ്യാനും അവയെ പുൽകാനും സാധിക്കുമ്പോഴാണ് നമ്മിലെ സ്വത്വം മറ്റൊരാളുടെ അതിജീവനത്തിനു കാരണമാകുന്നത്. എത്രയോ പുണ്യാത്മക്കളാണ്, ആരാലും അറിയാതെയും ഒരു പരിധി വരെ അറിയപ്പെടാനാഗ്രഹിക്കാതെയും കടന്നു പോകുന്നത്.ഈ സുന്ദര ലോകത്ത് പുണ്യങ്ങൾ വലിച്ചു വാരി, ഉറ്റവരിൽ നിന്നോ, സമൂഹത്തിൽ നിന്നോ അംഗീകാരമോ ബഹുമതികളോ കിട്ടാതെ നിശബ്ദം നടന്നു പോകുന്ന മനുഷ്യാത്മക്കൾക്കു വേണ്ടി കൂടിയുള്ളതാണ്, ഇതിൻ്റെ ഇതിവൃത്തം. പക്ഷെ അവരും വേദനിക്കേണ്ടി വരില്ല. പൂർണ്ണചന്ദ്രൻ്റെ നിലാവെളിച്ചത്തോടെ അവർ പ്രകാശം പരത്തും.
പിൻകുറിപ്പ്:
താരനിബിഢവും വമ്പൻ ബഡ്ജറ്റുമുള്ള സിനിമകളല്ല; യാഥാർത്ഥ്യബോധമുള്ള കഥയും ജീവിക്കുന്ന കഥാപാത്രങ്ങളുമുള്ള സിനിമയാണ്, ഇന്ന് മലയാളത്തിനാവശ്യം
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ
Comments