പത്തു വയസുകാരൻ മാനവിൻ്റെ കുഞ്ഞു ലൈബ്രറി ശ്രദ്ധേയമാകുന്നു. ചേർത്തല മുട്ടത്തിപ്പറമ്പിലുള്ള മാനവ് എസ്.ഡെൽസൺ എന്ന 4-ാം ക്ലാസുകാരൻ്റെ പുസ്തകങ്ങളോടുള്ള സ്നേഹം വായനയിൽ മാത്രം ഒതുങ്ങിയില്ല.തൻ്റെ ചുറ്റുവട്ടത്തെ കൂട്ടുകാരെക്കൂടി വായനാ പങ്കാളിയാക്കുന്ന ഒരു ചെറു ഉദ്യമത്തിന് ഈ ബാലൻ തുടക്കമിട്ടു. തൻ്റെ പേരിനോടു സാമ്യമുള്ള മാനവീയം പുസ്തക വീട് എന്ന പേരും തൻ്റെ കുഞ്ഞു ലൈബ്രറിക്ക് കൊടുത്തു.
ചേർത്തല വെളളിയാകുളം സ്കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്നാണ് പുസ്തക വീടിൻ്റെ സമാരംഭം കുറിച്ചത്. അയൽപക്കത്തെ കൂട്ടുകാരൊക്കെ പുസ്തക വീടിൻ്റെ സന്ദർശകരാണ്. റിട്ട. അധ്യാപികയും മാനവിൻ്റെ അമ്മൂമ്മയുമായ ശ്രീമതി രത്നം സ്കറിയയുടെ പ്രോൽസാഹനവും ശിക്ഷണവും മാനവിനെ പുസ്തക കൂട്ടുകാരനാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ബന്ധുക്കളും വാങ്ങി നൽകിയ പുസ്തകങ്ങളാണ് കുട്ടി ലൈബ്രറിയുടെ മുതൽക്കൂട്ട് .
കഥ കവിത ജീവചരിത്രം കായികം പരിസ്ഥിതി പൊതു വിജ്ഞാനം എന്നീ വിഭാഗങ്ങളിലായി 500 ലധികം പുസ്തകങ്ങളുടെ തോഴനാണ് മാനവ്.ലോക ബാലകഥകളുടെ വായനയിലാണ് ഇപ്പോൾ ഈ കുഞ്ഞു ലൈബ്രേറിയൻ .
Comments