കൊച്ചി : ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൊച്ചി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പാപ്പച്ചൻ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് , ക്രൈംബ്രാഞ്ച് ഈ അന്വേഷണം നടത്തിയത്. അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ നിന്നും സാമ്പത്തിക തിരിമറി നടത്തി നേട്ടം ഉണ്ടാക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് കണ്ടെത്തി.
വസ്തുവില്പനയിൽ ഉദ്ദേശിച്ച വരുമാനം ലഭിക്കാതെ വന്ന അവസ്ഥ പരിഹരിക്കുവാൻ ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലങ്ങൾ വാങ്ങിയതിനെ മേജർ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക തിരിമറിയായി എതിർപക്ഷം തെറ്റായി പ്രചാരണം ചെയ്യുകയായിരുന്നു . സീറോമലബാർ സഭയിൽ നിലനിൽക്കുന്ന അന്ത:ഛിദ്രങ്ങളുടെ ഭാഗമായാണ് ഇത് ഉണ്ടായത് എന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
മേജർ ആർച്ച് ബിഷപ്പായ മാർ ആലഞ്ചേരി നിയമിച്ച അന്വേഷണ കമ്മീഷൻ കൺവീനർ ഫാദർ ബെന്നി മാരാംപറമ്പിലും മറ്റ് അഞ്ച് അംഗങ്ങളും മാർ ആലഞ്ചേരിയുടെ എതിർ വിഭാഗത്തിൽ പെടുന്നവരായിരുന്നു .കമ്മീഷൻ റിപ്പോർട്ട് , കമ്മീഷൻ നിയമനാധികാരിക്ക് കൊടുക്കുന്നതിനു മുന്നേ മാധ്യമങ്ങൾക്കു കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കള്ള പ്രചരണം നടത്തുകയും ചെയ്ത സാഹചര്യത്തിൽ കമ്മീഷൻ റിപ്പോർട്ട് എറണാകുളം - അങ്കമാലി അതിരൂപത അംഗീകരിച്ചില്ല.
ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കും നിയമപരമായും വസ്തുതാപരമായും അടിസ്ഥാനമില്ല. ഈ റിപ്പോർട്ട് തന്നെയാണ് പാപ്പച്ചൻ നൽകിയിരിക്കുന്ന പരാതിയുടെ ആധാരം എന്നതിനാൽ തെറ്റായ രേഖയെ ആശ്രയിച്ചാണ് പരാതിക്കാരൻ ഇപ്രകാരം ഒരു ആരോപണം ഉന്നയിച്ചത് എന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു .
പരാതിക്കു ആധാരമായ രേഖ ഉണ്ടാക്കിയ അന്വേഷണ കമ്മീഷൻ കൺവീനർ ആയിരുന്ന ഫാദർ ബെന്നി മാരംപറമ്പിൽ കർദ്ദിനാളിനും മറ്റു എട്ടു ബിഷപ്പുമാർക്കെതിരെയും നിർമ്മിച്ച വ്യാജ രേഖക്കേസിലെ മൂന്നാംപ്രതിയുമാണ്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു കുറ്റവും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ.
Comments