വയോധികനായ ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ, മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ഭീമ കൊറേഗാവ് കേസിലെ പ്രതികള്‍ക്ക് കേസിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുന്നതൊഴിവാക്കി വിചാരണ അട്ടിമറിക്കാനുള്ള എന്‍ഐഎയുടെ നീക്കത്തിനെതിരെ കോടതിയുടെ ഇടപെടല്‍. സാക്ഷികളുടെ മൊഴിപ്പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കാതെ ഭാഗികമായി തടഞ്ഞുവച്ച എന്‍ഐഎയുടെ കുതന്ത്രം മുംബൈയിലെ പ്രത്യേക ദേശീയ അന്വേഷണ ഏജന്‍സി കോടതിയുടെ ചാര്‍ജുള്ള അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി.ഇ. കോത്താലിക്കര്‍ തകര്‍ത്തു.
പ്രതികളിലൊരാളായ സുധാ ഭരദ്വാജിന് സാക്ഷികളുടെ മൊഴിപ്പകര്‍പ്പുകള്‍ പൂര്‍ണമായി നല്‍കണമെന്ന് കോടതി എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ഭാവിയില്‍ വേണ്ടത്ര ശ്രദ്ധിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. അതേസമയം, സുരക്ഷാ ആശങ്ക ഉള്‍പ്പെടെയുള്ള പ്രത്യേക കാരണങ്ങളാല്‍ സാക്ഷികളുടെ 'ഐഡന്റിറ്റി' വെളിപ്പെടുത്തണമെന്നില്ല. സാക്ഷികളുടെ മുഴുവന്‍ മൊഴികളും ആവശ്യപ്പെട്ട് സുധ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
മുമ്പ് നല്‍കിയ സാക്ഷി മൊഴികള്‍ വെട്ടിക്കുറയ്ക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യുന്നതായി സുധ പരാതിപ്പെട്ടു.ഇങ്ങനെ മാറ്റം വരുത്തിയ രേഖകളുടെ പകര്‍പ്പു നല്‍കുന്നത് ന്യായമായ വിചാരണയ്ക്കുള്ള പ്രതിയുടെ ഭരണഘടനാപരമായ അവകാശത്തെ പരാജയപ്പെടുത്തുകയാണെന്ന് അഭിഭാഷകരായ രാഗിണി അഹൂജയും ചാന്ദ്നി ചൗളയും വാദിച്ചു. കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയും മറ്റൊരു പ്രതിയും അവരില്‍ നിന്ന് എടുത്ത ഇലക്ട്രോണിക് ഡാറ്റയുടെ 'ക്ലോണ്‍' പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലും പ്രത്യേക കോടതി അനുകൂല ഉത്തരവു നല്‍കി.
മറ്റു പ്രതികളായ ഗൗതം നവലഖ, ഹാനി ബാബു എന്നിവരോടൊപ്പം സുധ ഭരദ്വാജിനും തലോജ ജയിലിനു പുറത്ത് നിന്ന് പ്രതിമാസം അഞ്ച് പുസ്തകങ്ങളും ജയില്‍ കവാടങ്ങള്‍ക്കുള്ളില്‍ വില്‍ക്കുന്ന പത്രങ്ങളും ലഭ്യമാക്കുന്നതിനുള്ള അപേക്ഷയിലും കോടതി അനുകൂല നിലപാടെടുത്തു.ജയില്‍ ലൈബ്രറിയില്‍ മതിയായ പുസ്തകങ്ങളും മറ്റും ഇല്ല. പക്ഷേ, സുഹൃത്തുക്കളും അഭിഭാഷകരും അയച്ച പുസ്തകങ്ങളുടെ പാഴ്‌സലുകള്‍ ജയില്‍ അധികൃതര്‍ നിരസിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും ജീവിതം ചെലവഴിച്ച അക്കാദമിഷ്യന്മാരായതിനാല്‍ ഏകപക്ഷീയമായി പുസ്തകങ്ങളിലേക്കുള്ള തങ്ങളുടെ പ്രവേശനം നിഷേധിക്കാന്‍ കഴിയില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ചു.
പാര്‍ക്കിണ്‍സണ്‍സ് രോഗത്താല്‍ വലയുന്ന 83 കാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അനന്തമായി തടവിലിടുന്നതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം നുരയുന്നുണ്ടെങ്കിലും കുരുക്കു മുറുക്കാന്‍ ചതുരുപായങ്ങളും പ്രയോഗിക്കുകയാണ് എന്‍ ഐ എ എന്നാണ് റിപ്പോര്‍ട്ട്.അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്് ഭീമന്മാരാണ് ഫാ. സ്റ്റാന്‍ സ്വാമിക്കും മറ്റും എതിരെ രഹസ്യമായി രംഗത്തുള്ളതെന്ന ആരോപണവും ശക്തം. വനമേഖലകളിലെ പരിസ്ഥിതി ചൂഷണം തടയാന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഒത്താശയില്‍ നടന്നുവന്ന ശ്രമങ്ങള്‍ ഇനി തുടരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.
ഫാ. സ്റ്റാന്‍ വെറും കുറ്റാരോപിതന്‍ മാത്രമാണെന്നും കുറ്റക്കാരനല്ലെന്നുമുള്ള 2018ലെ ബോംബെ ഹൈക്കോടതിക്ക് മുമ്പാകെയുള്ള ബോധ്യപ്പെടുത്തലിനെ വകവെക്കാതെ, ഒക്ടോബര്‍ 8 ന് റാഞ്ചിയിലെ ബഗിച്ചയിലുള്ള വീട്ടില്‍ നിന്നും അദ്ദേഹത്തെ എന്‍.ഐ.എ അറസ്റ്റു ചെയ്യുകയായിരുന്നു. 2020 ജൂലൈ 27, 28, 29, 30, ഓഗസ്റ്റ് ആറ് എന്നീ തിയതികളില്‍ നടന്ന 15 മണിക്കൂര്‍ ചോദ്യംചെയ്യലില്‍ അദ്ദേഹം പൂര്‍ണമായും സഹകരിച്ചതിനെ വകവെക്കാതെയാണ് ഇത് നടന്നത്. അറസ്റ്റിന് രണ്ടു ദിവസം മുന്‍പ്, ഫാ. സ്റ്റാന്‍ ഒരു പ്രസ്താവനയിറക്കി. അത് ഇങ്ങനെ: 'അഞ്ചു ദിവസങ്ങളിലായി പതിനഞ്ചു മണിക്കൂറോളം എന്‍.ഐ.എ എന്നെ ചോദ്യംചെയ്തു. എന്റെ ബയോഡാറ്റയ്ക്കും മറ്റു ചില ഡാറ്റകള്‍ക്കും പുറമേ, എനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാനായി നേരത്തെ പദ്ധതിയിട്ടത് പ്രകാരം എന്തൊക്കെയോ കാര്യങ്ങള്‍ അവര്‍ എന്റെ കംപ്യൂട്ടറില്‍ നിന്നും എടുത്തുകൊണ്ടുപോയി. ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്നും, അതെല്ലാം ആരോ ഞാന്‍ അറിയാതെ എന്റെ കംപ്യൂട്ടറില്‍ കയറ്റിവെച്ചതാണെന്നും ഞാന്‍ അവരോട് പറഞ്ഞു. ആരോപണങ്ങളെല്ലാം ഞാന്‍ തള്ളിക്കളഞ്ഞു. ഞാന്‍ കുറ്റാരോപിതനായ ഭീമ-കൊറേഗാവ് കേസുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെയാണ് ഇപ്പോഴത്തെ എന്‍.ഐ.എ അന്വേഷണം മുന്നോട്ടുപോവുന്നത്. ആ കേസില്‍ രണ്ടു വട്ടം (2018 ആഗസ്റ്റ് 28, 2019 ജൂണ്‍ 12) അവര്‍ റെയ്ഡ് നടത്തിയതുമാണ്. എന്നാല്‍, മറ്റു ചില കാര്യങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒന്ന്, വ്യക്തിപരമായി ഞാന്‍ തീവ്ര ഇടതു ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നു. രണ്ട്, ഞാന്‍ വഴി ബഗിച്ചയും മാവോയിസ്റ്റുകളുമായി ബന്ധമുള്ള സ്ഥാപനമാണ്. ഈ രണ്ട് ആരോപണങ്ങളും ഞാന്‍ ശക്തമായി നിരാകരിക്കുന്നു. ആറാഴ്ചത്തെ നിശബ്ദതക്ക് ശേഷം, മുംബൈയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാവാന്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ അവരെ താഴെപ്പറയുന്ന കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഒന്ന്, ഇപ്പോള്‍ തന്നെ പതിനഞ്ചു മണിക്കൂറോളം എന്നെ ചോദ്യംചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനിയും എന്തിനാണ് ചോദ്യംചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.രണ്ട്, എന്റെ പ്രായവും രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗവും കണക്കിലെടുത്താല്‍ ഒരു ദീര്‍ഘദൂര യാത്രക്ക് പറ്റിയ അവസ്ഥയിലല്ല ഞാനുള്ളത്. അതിനുപുറമേ, 65നു മുകളില്‍ പ്രായമായ വൃദ്ധര്‍ ലോക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.മൂന്ന്, അന്വേഷണ ഏജന്‍സിക്ക് ഇനിയും ചോദ്യംചെയ്യല്‍ ആവശ്യമാണെങ്കില്‍ അത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചെയ്യാവുന്നതാണ്. 'മനുഷ്യത്വം' അതിജീവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ ഞാന്‍/നമ്മള്‍ അതിന്റെ അനന്തരഫലം അഭിമുഖീകരിക്കാന്‍ തയ്യാറാണ്. ഈ കാലയളവില്‍ എനിക്കായി നിലകൊണ്ട ആളുകളോട് നന്ദി അറിയിക്കുന്നു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ പോലും രംഗത്തെത്തിയിട്ടും ഫലമുണ്ടായിട്ടില്ല. പൗരാവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ മിഷെല്‍ ബാച്ച്ലറ്റ് പ്രസ്താവനയില്‍ പറഞ്ഞു.വിഷയം ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്നതാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നുമൊക്കെയാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്.സിബിസിഐ നല്‍കിയ നിവേദനവും കേന്ദ്ര സര്‍ക്കാരിന്റെ മനസിളക്കിയില്ല.
✍️ ബാബു കദളിക്കാട്
Comments