യുക്രെയ്നിന്റെ സമാധാനത്തിനായി മാർച്ച് രണ്ടാം തിയതി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി മാറ്റി വയ്ക്കാനുള്ള തന്റെ ക്ഷണം നവീകരിച്ചു കൊണ്ട് ദൈവേച്ഛയിൽ നിന്നു വിദൂരമായ "ആയുധങ്ങളുടെ പൈശാചികവും വക്രവുമായ ബുദ്ധിയെ" പാപ്പാ അപലപിക്കുകയും ചെയ്തു.
"ഈ ദിവസങ്ങളിൽ ദാരുണമായ എന്തോ ഒന്ന് നമ്മെ ഞെട്ടിപ്പിച്ചു: യുദ്ധം!" എന്ന് പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ അപേക്ഷകളുടെ ഒരു നിരയാണ് മുന്നോട്ടുവച്ചത്. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാ൯ ആവശ്യപ്പെട്ട പാപ്പാ അവരോടു സമീപസ്ഥരായിരിക്കുക; പലായനം ചെയ്യുന്നവർക്കായി മാനുഷിക ഇടനാഴികകൾ തുറന്നുകൊടുക്കുക; യുക്രയ്നിലെയും ലോകത്തിലെ മറ്റു സ്ഥലങ്ങളിലെയും സംഘർഷങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുക, എന്ന് നിർദ്ദേശിക്കുകയും ചെയ്തു. പല പ്രാവശ്യം ഈ വഴി എടുക്കാതിരിക്കാൻ പല പ്രാവശ്യം നമ്മൾ പ്രാർത്ഥിച്ചിരുന്നു എന്ന് ഞായറാഴ്ചയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ ഓർമ്മിപ്പിച്ച പാപ്പാ വിശ്വാസികളോടു കൂടുതൽ തീവ്രമായി ദൈവത്തോടു യാചിക്കാനും ആവശ്യപ്പെട്ടു.
മാർച്ച് 2: സമാധാനത്തിനായുള്ള പ്രാർത്ഥനയുടേയും ഉപവാസത്തിന്റെയും ദിനം
മാർച്ച് രണ്ടാം തിയതി വിഭൂതി ബുധനാഴ്ച, യുക്രെയ്നിലെ സമാധാനത്തിനായി പ്രാർത്ഥനയിലും ഉപവാസത്തിലും സമർപ്പിക്കാനുള്ള തന്റെ അഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ വീണ്ടും ആവർത്തിച്ചു. "യുക്രെയ്ൻ ജനതയുടെ ദുരിതങ്ങളോടു ചേർന്നു നിൽക്കാനും, നമ്മൾ എല്ലാം സഹോദരീ സഹോദരരാണെന്ന് അനുസ്മരിക്കാനും, യുദ്ധവിരാമത്തിനായി ദൈവത്തോടു അപേക്ഷിക്കാനുമുള്ള ദിവസമാണത്, " പാപ്പാ പറഞ്ഞു.
"യുദ്ധം ചെയ്യുന്നവർ മനുഷ്യകുലത്തെ മറക്കുന്നു: അവർ ജനങ്ങളിൽ നിന്നല്ല ആരംഭിക്കുന്നത്; അവർ ജനങ്ങളുടെ യഥാർത്ഥ ജീവിതത്തെ കാണുന്നില്ല; മറിച്ച് കക്ഷി താൽപ്പര്യങ്ങളും അധികാരവുമാണ് അവർ മുൻനിറുത്തുന്നത് " എന്നും "ദൈവത്തിന്റെ താൽപ്പര്യത്തിൽ നിന്ന് വളരെ വിദൂരമായ ആയുധങ്ങളുടെ പൈശാചികവും വക്രവുമായ യുക്തിയെയാണ് അവർ ആശ്രയിക്കുന്നത് " പാപ്പാ പറഞ്ഞു. സമാധാനം ആവശ്യപ്പെടുന്ന സാധാരണ ജനങ്ങളിൽ നിന്ന് അവർ അകലം പാലിക്കുകയാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു. എല്ലാ സംഘർഷങ്ങളുടെയും യഥാർത്ഥ ഇരകൾ സാധാരണ ജനങ്ങളാണെന്നും, തന്റെ മനസ്സിൽ പ്രായമായവരും, ഈ സമയത്ത് അഭയാർത്ഥികളാകുന്നവരും, കുഞ്ഞുങ്ങളോടൊപ്പം പലായനം ചെയ്യുന്ന അമ്മമാരുമാണെന്ന് പാപ്പാ പറഞ്ഞു.
"യുക്രെയ്നിൽ സംഭവിക്കുന്നവയിൽ വേദനിക്കുന്ന ഹൃദയത്തോടെ മാനുഷിക ഇടനാഴികൾ അടിയന്തിരമായി തുറന്നു കൊടുക്കേണ്ടത് നമ്മുടെ തന്നെ സഹോദരീ സഹോദരന്മാരായ അവർക്കാണ്." പാപ്പാ പങ്കുവച്ചു.
സന്മനസ്സുള്ള സ്ത്രീപുരുഷന്മാർ ആരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ യമൻ, സിറിയ, എത്തിയോപ്പിയ എന്നീ രാജ്യങ്ങളുടെ പേരുകളും എടുത്തു പറഞ്ഞു. "ഞാൻ ആവർത്തിക്കുകയാണ്, ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ! ദൈവം സമാധാനപാലകരുടെ കൂടെയാണ്, അക്രമം ചെയ്യുന്നവരോടൊപ്പമല്ല " പാപ്പാ ഊന്നിപ്പറഞ്ഞു.
സമാധാനത്തെ സ്നേഹിക്കുന്നവർ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ഉപകരണമായി യുദ്ധത്തെ കണക്കാക്കുകയും, അന്തർദേശീയ തർക്കപരിഹാരത്തിനുള്ള മാർഗ്ഗമായി അതിനെ ഉപയോഗിക്കുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നുവെന്നും ഇറ്റാലിയൻ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
Comments