Foto

വാക്‌സിൻ സൗജന്യമായി നൽകിയ വിശ്വമാനവന്റെ കഥ

റോയ് തോമസ് 

വസൂരിയുടെ വൈറസുകളെ മനുഷ്യരിൽ നിക്ഷേപിക്കുന്ന രീതി ഒരിക്കൽ ലോകമെങ്ങും വ്യാപിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അന്ന് ഭൂമുഖത്തുനിന്നുതന്നെ വസൂരി അപ്രത്യക്ഷമാകും. എഡ്വേർഡ് ജെന്നർ രണ്ടേകാൽ നൂറ്റാണ്ടു മുന്പു പറഞ്ഞത്.

 

അതുതന്നെ സംഭവിച്ചു. 1980 മേയ് എട്ടിന് ലോകാരോഗ്യസംഘടന വസൂരിയെ നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചു.

 

കഥയുടെ സസ്‌പെൻസ് ആദ്യം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോയെന്ന് അറിയില്ല. പക്ഷേ, അതങ്ങു പറയുകയാണ്. വലിയൊരു നിധി കൈയിലുണ്ടായിട്ടും നയാപൈസയുടെ സന്പാദ്യമുണ്ടാക്കാതെ ജീവിച്ച, ഇക്കാലത്ത് പലരും മണ്ടനെന്നു വിളിക്കാനിടയുള്ള ഒരു മഹാൻറെ കഥയാണിത്.

 

കുറച്ചുകൂടി തെളിച്ചു പറയാം.

 

ലോകത്ത് ഏറ്റവും വലിയ കോടീശ്വരനാകാൻ അവസരമുണ്ടായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എഡ്വേർഡ് ജെന്നർ. അദ്ദേഹമാണ് വാക്‌സിൻ കണ്ടുപിടിച്ചത്.

 

20-ാം നൂറ്റാണ്ടിൽ മാത്രം മൂന്നു കോടി മനുഷ്യരുടെ ജീവനപഹരിച്ച വസൂരിയുടെ കാര്യമാണ് പറയുന്നത്. വാക്‌സിൻ കണ്ടുപിടിച്ചതും നിർമിച്ചതും വിതരണം ചെയ്തതുമെല്ലാം അദ്ദേഹം തന്നെ. പക്ഷേ, അദ്ദേഹം അതിനു പേറ്റൻറ് എടുക്കുകയോ മറ്റാരും ഉപയോഗിക്കരുതെന്നു പറയുകയോ ചെയ്തില്ല. സന്പന്നൻ അല്ലാതിരുന്നിട്ടും ഓരോ ഡോസിനും ഇത്രരൂപ തനിക്കു കിട്ടണമെന്നു വാശിപിടിച്ചില്ല. മാത്രമല്ല, അത് സകലർക്കും സൗജന്യമായിരിക്കണമെന്നു നിർബന്ധം പിടിക്കുകയും ചെയ്തു. അധ്വാനത്തിൻറെ പ്രതിഫലം പോലും എടുക്കാതെ വിതരണം ചെയ്തിട്ടും കരുണകൊണ്ടാണ് താനിങ്ങനെ ചെയ്യുന്നതെന്ന് അവകാശപ്പെട്ടുമില്ല. എന്താല്ലേ?

 

ഇംഗ്ലണ്ടിലാണ് കഥ നടക്കുന്നത്. വസൂരി പിടിപെടുന്നവരിൽ 30 ശതമാനവും കുട്ടികളിൽ 80 ശതമാനവും മരിക്കുകയായിരുന്നു. ലോകം പകച്ചുനിന്നു. എന്തു വിലകൊടുത്തും അതിനെ ചെറുക്കാൻ രാഷ്ട്രങ്ങൾ തയാറായിരുന്നു. പക്ഷേ, എഡ്വേർഡ് എല്ലാം കളഞ്ഞുകുളിച്ചു. തൻറെ ഉന്നതമായ കണ്ടുപിടിത്തമുപയോഗിച്ച് നയാ പൈസ ഉണ്ടാക്കാൻ അയാൾ ശ്രമിച്ചില്ല. സഹജീവിയുടെ പ്രാണൻറെ കാര്യമാണെങ്കിലും കിട്ടിയ തക്കത്തിന് കൊള്ളലാഭമുണ്ടാക്കുന്നവരെയും അവരുടെ കൂട്ടുകാരെയും യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നവർക്ക് എഡ്വേർഡ് ജീവിക്കാനറിയാത്ത മണ്ടനാണ്, പക്ഷേ, അത്തരം മണ്ടന്മാരുണ്ടായിരുന്നതുകൊണ്ടുകൂടിയാണ് ലോകം ഈ പുരോഗതി നേടിയതും ദരിദ്രൻറെ പക്ഷത്തുനില്ക്കാൻ ഇന്നും ആളുകളെ കിട്ടുന്നതും. അതവിടെ നില്ക്കട്ടെ. കഥകളെ വെല്ലുന്ന കൗതുകങ്ങളുള്ള ആ സംഭവം കേൾക്കാം.

 

വേരിയോളേഷൻ

 

വാക്‌സിനേഷന് മുന്പ് വൈറസിനെ പ്രതിരോധിച്ചിരുന്നത് വേരിയോളേഷൻ നടത്തിയാണ്. വസൂരി അഥവാ സ്‌മോൾ പോക്‌സ് വൈറസിൻറെ പേരാണ് വേരിയോള. വസൂരിയുള്ളയാളുടെ ദേഹത്തെ കുമിളയിൽനിന്നുള്ള ദ്രവം ശേഖരിച്ച് ആരോഗ്യമുള്ള മറ്റൊരാളുടെ കൈയുടെ പുറമേയുണ്ടാക്കുന്ന ചെറിയ മുറിവിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ വേരിയോള ഇനോക്കുലേഷനിലൂടെ (കുത്തിവയ്പ്, ഗ്രാഫ്റ്റിംഗ്) പ്രവേശിപ്പിക്കുന്നതിനെ വേരിയോളേഷൻ എന്നു പയും. അങ്ങനെ സ്വീകരിക്കുന്നയാളിലും വസൂരിയുണ്ടാകും. പക്ഷേ, സാധാരണഗതിയിൽ മാരകമല്ലായിരിക്കും. അതേസമയം, ചിലരിൽ അതു മാരകമാകുകയും മരിക്കുകയും ചെയ്തിരുന്നു. അതായത് രോഗം വരാതിരിക്കാൻ ചെയ്ത ചികിത്സകൊണ്ടു തന്നെ ആളുകൾ മരിക്കാനും സാധ്യതയുണ്ട്. പക്ഷേ, വേറെ മാർഗമില്ല. സമൂഹത്തിലെ 60 ശതമാനം പേർക്ക് വസൂരി പടരുകയും 30 ശതമാനം വരെ ആളുകൾ മരിക്കുകയും ചെയ്യുന്ന കാലത്ത് വേരിയോളേഷൻ വലിയ കാര്യമായിരുന്നു.

 

എഡ്വേർഡ് ജെന്നർ

 

ഇദ്ദേഹമാണ് രോഗപ്രതിരോധ ശാസ്ത്രത്തിൻറെ (വാക്‌സിനേഷൻ) പിതാവ് എന്ന് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ബർക്ക്ലിയിലുള്ള സെൻറ് മേരീസ് ആംഗ്ലിക്കൻ ദേവാലയത്തിലെ വികാരിയായിരുന്ന സ്റ്റീഫൻ ജെന്നറുടെ പുത്രനായി 1749 മേയ് 17ന് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡാനിയേൽ ലുഡ്ലോ എന്ന സർജൻറെ കീഴിൽ അപ്രൻറീസായി. 21-ാമത്തെ വയസിൽ ലണ്ടനിലെ സെൻറ് ജോർജ് ഹോസ്പിറ്റലിൽ സർജനായിരുന്ന ജോൺ ഹണ്ടറുടെ കീഴിൽ സർജറിയും അനാട്ടമിയും പഠിച്ചു. 1773-ൽ നാട്ടിൽ തിരിച്ചെത്തി ഡോക്ടറായി സേവനം ചെയ്തു. 1792-ൽ സ്‌കോട്ലൻഡിലെ സെൻറ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.ഡി. നേടി.

 

വാക്‌സിൻ

 

നാട്ടിൻപുറത്തെ ഡോക്ടറായി സേവനം ചെയ്യുന്നതിനിടെ പാൽക്കാരി സ്ത്രീകളെ നിരീക്ഷിച്ചാണ് എഡ്വേർഡ് ജെന്നർ തൻറെ കണ്ടുപിടിത്തത്തിലേക്ക് എത്തിയത്. മനുഷ്യരിൽ വസൂരി (സ്‌മോൾ പോക്‌സ്) എന്നപോലെ അക്കാലത്ത് പശുക്കളിൽ ഗോവസൂരി (കൗപോക്‌സ്) ഉണ്ടായിരുന്നു. പകുതിയിലേറെ ആളുകൾക്കും വസൂരി വരുന്നതുകൊണ്ട് മിക്കവാറും ആളുകൾക്ക് മുഖത്ത് വസൂരിക്കല ഉണ്ടായിരുന്നു. പക്ഷേ, പാൽക്കാരി സ്ത്രീകൾ മുഖത്ത് പാടുകളില്ലാതെ സുന്ദരിമാരായിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കൂടുതൽ നിരീക്ഷിച്ചപ്പോൾ ഗോവസൂരിയുള്ള പശുക്കളുമായി ഇടപഴകുന്നതുകൊണ്ട് അവർക്ക് വസൂരി ഉണ്ടാകുന്നില്ല എന്നു മനസിലായി. ഗോവസൂരിയുടെ പ്രതിരോധശേഷി ആർജിച്ച അവർക്ക് വസൂരിയെയും പ്രതിരോധിക്കാനാകും എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. തിയറി വ്യക്തമായെങ്കിലും ഇതു തെളിയിക്കാൻ അദ്ദേഹം അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

 

ഈ സമയത്താണ് സാറാ നെൽമ്‌സ് എന്ന പാൽക്കാരി ഗോവസൂരി ബാധിച്ച് ഡോക്ടറുടെ അടുത്തെത്തിയത്. ബ്ലോസം എന്ന പശുവിൻറെ പാൽ കറന്നെടുക്കുന്നതിനിടെയാണ് രോഗബാധ ഉണ്ടായതെന്നു കണ്ടെത്തി.

 

1796 മേയ് 14.

 

സാറയുടെ ദേഹത്തുനിന്നെടുത്ത ഗോവസൂരി പഴുപ്പ് തൻറെ തോട്ടക്കാരൻറെ എട്ടുവയസുകാരനായ മകൻ ജെയിംസ് ഫിപ്പിൻറെ കൈയിൽ പോറലുണ്ടാക്കി നിക്ഷേപിച്ചു. അതായത് ഇനോക്കുലേഷൻ നടത്തി. രണ്ടുദിവസം പനിയുണ്ടായതൊഴിച്ച് യാതൊരു കുഴപ്പവും കുട്ടിക്ക് സംഭവിച്ചില്ല. ജൂലൈയിൽ അദ്ദേഹം പരീക്ഷണത്തിൻറെ അടുത്ത ഘട്ടമായ ചാലഞ്ചിലേക്കു കടന്നു. വസൂരി ബാധിച്ചയാളുടെ ദേഹത്തെ കുമിളയിൽനിന്നുള്ള പഴുപ്പ് ഫിപ്പിനു കുത്തിവച്ചു. പക്ഷേ, കുട്ടിക്ക് വസൂരി ഉണ്ടായില്ല. ഇതോടെ, ഗോവസൂരി വൈറസിനെ കുത്തിവച്ചവർക്ക് വസൂരിയും ബാധിക്കില്ലെന്ന് വ്യക്തമായി. ഗോവസൂരി വൈറസിനെ ആരോഗ്യവാനായ ആളിൽ പ്രവേശിപ്പിക്കുന്ന ഇനോക്കുലേഷനെ അദ്ദേഹം വാക്‌സിനേഷൻ എന്നു വിളിച്ചു.

 

പശു എന്നതിൻറെ ഇറ്റാലിയൻ പദമായ വാക്കാ (Vacca), ഗോവസൂരിക്കുള്ള വാക്‌സീനിയ എന്നീ വാക്കുകളിൽനിന്നാണ് ഈ പേര് രൂപീകരിച്ചത്. അങ്ങനെ 3000 വർഷമെങ്കിലും ഭൂമിയിൽ മരണതാണ്ഡവമാടിയ വൈറസിനെ നേരിടാനുള്ള പ്രതിരോധമരുന്നു കണ്ടുപിടിച്ചു. പക്ഷേ,ജെന്നർ തൻറെ കണ്ടുപിടിത്തം തെളിയിക്കുന്ന ഒരു പ്രാഥമിക പഠനറിപ്പോർട്ട് സമർപ്പിച്ചെങ്കിലും റോയൽ സൊസൈറ്റി അത് തള്ളിക്കളഞ്ഞു.

 

പക്ഷേ, അദ്ദേഹം പിന്മാറിയില്ല. ജെന്നറിൻറെ മകൻ റോബർട്ടിൽ അടക്കം 23 പേരിൽ പരീക്ഷണം ആവർത്തിച്ചു. എല്ലാം വിജയിച്ചു. ശാസ്ത്രലോകം ജെന്നറുടെ പ്രബന്ധത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായത്തിലായിരുന്നു. ഭൂരിപക്ഷവും അതിനെ പൂർണമായും തള്ളിക്കളഞ്ഞു. ജെന്നറെ കളിയാക്കിക്കൊണ്ട് മാസികകളിൽ കാർട്ടൂണുകളും ഫലിതങ്ങളുമൊക്കെയുണ്ടായി. ഇന്നത്തെ ട്രോളുകൾപോലെ.

 

ഇംഗ്ലണ്ടിലും ജർമനിയിലുമൊക്കെയായി അഞ്ചുപേർ ഗോവസൂരികൊണ്ട് വസൂരിയെ ചെറുക്കാനാകുമെന്ന നിഗമനങ്ങൾ മുന്പ് പങ്കുവച്ചിരുന്നു. എന്നാൽ ആരും അത് തെളിയിച്ചിരുന്നില്ല. അതു തെളിയിക്കുകയും പ്രബന്ധം തയാറാക്കുകയും ചെയ്ത് ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത് ജെന്നറാണ്.

 

ലോകം അംഗീകരിക്കുന്നു

 

ആദ്യം പരിഹസിച്ചെങ്കിലും സാവകാശം ശാസ്ത്രലോകം ജെന്നറെ അംഗീകരിച്ചു. ഡോക്ടർമാർപോലും ജെന്നറിൽനിന്ന് വാക്‌സിൻ സ്വീകരിച്ചതോടെ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയായി.

അമേരിക്കൻ പ്രസിഡൻറ് തോമസ് ജഫേഴ്‌സൺ, ഏഴാം പീയൂസ് മാർപാപ്പ, ഇറ്റലിയിലെ ഡോ. ലൂയിജി സാക്കോ എന്നിവരും വാക്‌സിനെ അനുകൂലിച്ചതോടെ ലോകം വസൂരിക്കെതിരായ വാക്‌സിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

 

ബ്രിട്ടനുമായി യുദ്ധത്തിലായിരുന്ന നെപ്പോളിയൻ മുഴുവൻ പട്ടാളക്കാർക്കും വാക്‌സിനേഷൻ നല്കി. ജെന്നർക്ക് അദ്ദേഹം ഒരു മെഡൽ സമ്മാനിക്കുകയും ചെയ്തു. നെപ്പോളിയനുമായി ബന്ധമായതോടെ ജെന്നർ അദ്ദേഹത്തോട് ഒരു അഭ്യർഥന നടത്തി. ബ്രിട്ടൻറെ രണ്ടു യുദ്ധ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു അത്. ഒട്ടും വൈകാതെ നെപ്പോളിയൻ തടവുകാരെ മോചിപ്പിക്കുകയും ഇംഗ്ലണ്ടിലേക്കു പോകാൻ അനുവദിക്കുകയും ചെയ്തു. ഇതെക്കുറിച്ച് നെപ്പോളിയൻ പറഞ്ഞ വാക്കുകളും ചരിത്രമായി. 'മനുഷ്യരാശിയുടെ ഏറ്റവും മഹാനായ ഉപകാരിയുടെ അഭ്യർഥന നിരസിക്കാൻ എനിക്കാവില്ല.' എന്നായിരുന്നു അത്.

 

വാക്‌സിൻ ക്ഷേത്രം

 

ദരിദ്രരായ നാട്ടിൻപുറത്തുകാർക്കു വാക്‌സിനേഷൻ സൗജന്യമായി നല്കുന്നതിനായി ജെന്നർ തൻറെ പുരയിടത്തിൽ പണിത മുറിക്ക് അദ്ദേഹം ഇട്ട പേരാണ് വാക്‌സിൻ ക്ഷേത്രം (Temple of Vaccinia ). അദ്ദേഹത്തിൻറെ വീടും വാക്‌സിനെടുത്തിരുന്ന മുറിയുമൊക്കെ ഇന്നു മ്യൂസിയമാണ്. വാക്‌സിനേഷൻ എടുക്കുന്നത് പരിശീലിപ്പിച്ചശേഷം ആരോഗ്യപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്, നിങ്ങൾ കണ്ടുമുട്ടുന്നവർ ആരാണെന്നോ എവിടെനിന്നു വന്നവരാണെന്നോ പരിഗണിക്കരുത്. എല്ലാവർക്കും സൗജന്യമായി വാക്‌സിനേഷൻ നടത്തുക എന്നാണ്.

 

താമസിയാതെ ലോകമെങ്ങും വാക്‌സിൻ പ്രചരിച്ചു. സാന്പത്തിക ബുദ്ധിമുട്ടിലായിരുന്ന ജെന്നർക്ക് ബ്രിട്ടീഷ് സർക്കാർ 10,000 പൗണ്ട് അനുവദിച്ചു. 1807-ൽ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് വാക്‌സിനേഷൻ അംഗീകരിച്ചു. അതെത്തുടർന്ന് സർക്കാർ 20,000 പൗണ്ട് കൂടി നല്കി. ലോകമെങ്ങുംനിന്ന് ജെന്നർക്ക് ബഹുമതികൾ എത്തി. അമേരിക്കയും സ്വീഡനും തങ്ങളുടെ സയൻസ് അക്കാഡമികളിൽ അദ്ദേഹത്തിന് അംഗീകാരം നല്കി.

 

1980 മേയ് എട്ടിന് വസൂരിയെ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. അമേരിക്കയിലെയും റഷ്യയിലെയും രണ്ടു ലബോറട്ടറികളിൽ മാത്രമാണ് വസൂരി വൈറസിനെ സൂക്ഷിച്ചുവച്ചിരിക്കുന്നത്.

 

ലോകത്തിൻറെ ആദരവുകൾ ഏറ്റുവാങ്ങുന്‌പോഴും അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിച്ചു. വാക്‌സിൻ തനിക്കുള്ള പണസന്പാദന മാർഗമല്ലെന്ന് അദ്ദേഹം വിശ്വസിക്കുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു.

 

അവസാന നാളുകളിൽ നിർഭാഗ്യം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. മകൻ എഡ്വേർഡ്, സഹോദരിമാരായ മേരി, ആനി എന്നിവരും 1815-ൽ ഭാര്യ കാതറീനും അക്കാലത്തെ മറ്റൊരു പകർച്ചവ്യാധിയായ ക്ഷയരോഗം ബാധിച്ചു മരിച്ചു. അവസാന ദിവസങ്ങളിലും ലോകത്തിൻറെ യഥാർഥ നന്മമരമായിരുന്ന ആ മനുഷ്യൻ ബർക്ക്ലിയിലെ തൻറെ ഗ്രാമത്തിൽ ലളിതമായ സാഹചര്യത്തിൽ ഡോക്ടറായി തുടർന്നു. മരിക്കുന്നതിനു രണ്ടു ദിവസംമുന്പുപോലും ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിയെ ചികിത്സിക്കാൻ അദ്ദേഹം പോയിരുന്നു. 1823 ജനുവരി 25ന് വിശ്വമാനവനായ ഡോ. എഡ്വേർഡ് ജെന്നർ അന്തരിച്ചു.

 

മരണം കഥ അവസാനിപ്പിക്കാൻ പറ്റിയ സമയമാണ്. ഒപ്പം നമ്മളെങ്ങനെ നമ്മളായെന്ന് ഓർമകളുണ്ടായിരിക്കണം എന്ന് എല്ലാവരെയും ഓർമിപ്പിക്കാനും.

 

സമർപ്പണം

 

നമ്മുടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമൊക്കെ നിസ്വാർഥമായി ജോലി ചെയ്യുന്ന, കൈക്കൂലി വാങ്ങുന്നതു സാമൂഹ്യവിരുദ്ധപ്രവർത്തനമാണെന്നു കരുതുന്ന, തൻറെ രോഗികളെ ഉപയോഗിച്ച് മരുന്നുകന്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും കമ്മീഷൻ വാങ്ങുന്നത് അധോലോകപ്രവർത്തനമാണെന്നു കരുതുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക്, ഇനിയും നാഡിമിടിപ്പ് നിലയ്ക്കാത്ത ഈ പഴങ്കഥ സമർപ്പിക്കുന്നു. എഡ്വേർഡ് ജെന്നർ വാക്‌സിൻ കണ്ടുപിടിച്ചതിൻറെ ഈ

ഓർമ്മകളിൽ...

Comments

leave a reply

Related News