കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയം സ്വാഗതാർഹം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
രാജ്യത്തെ 18 വയസിനു മുകളിലുള്ള പൗരന്മാർക്കെല്ലാം കോവിഡ് പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സമയോചിതവും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമാണ്. കേന്ദ്രസർക്കാരിന്റെ ഈ പുതിയ വാക്‌സിൻ നയത്തെ കേരള കത്തോലിക്കാ മെത്രാൻ സമിതി അഭിനന്ദിക്കുന്നു. വാക്‌സിൻ വിലകൊടുത്തു വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ സമൂഹത്തിലെ പാവപ്പെട്ടവർക്കാണു അതിൽനിന്നു പ്രയോജനമെടുക്കാൻ കഴിയാതെ പോകുന്നത്. അപ്രകാരം പാവപ്പെട്ടവർ അവഗണിക്കപ്പെടുന്നതു നീതിയ്ക്കു നിരക്കുന്നതല്ല. സൗജന്യ വാക്‌സിൻ അത്തരമൊരു അവസ്ഥയ്ക്കു പരിഹാരമാകും.
എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോഴും സ്വകാര്യ ആശുപത്രികൾക്കും മറ്റ് ഏജൻസികൾക്കും നിയന്ത്രിതമായ വിലയ്ക്കു വാക്‌സിനേഷൻ നൽകാനുള്ള സാധ്യത നിലനിർത്തുന്നതും സ്വാഗതാർഹം തന്നെ. ഈ ക്രമീകരണം കഴിവതും വേഗം എല്ലാവർക്കും വാക്‌സിൻ എടുക്കാനുള്ള സാഹചര്യമൊരുക്കും.
കോവിഡ് 19-ന്റെ മൂന്നാമതൊരു തരംഗം ഉണ്ടാകാനുള്ള സാധ്യത ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചെറുക്കാൻ ജനങ്ങളെല്ലാവരും വാക്‌സിനെടുത്തു പ്രതിരോധശേഷിയുള്ളവരാകാൻ സൗജന്യ വാക്‌സിനേഷൻ നയം ഉപകരിക്കുന്നതാണ്. പുതിയ നയത്തിന്റെ വിശദാംശങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും താമസിയാതെ കൂടുതൽ വ്യക്തമാക്കുമെന്നു ന്യായമായും പ്രതീക്ഷിക്കാം. പുതിയ വാക്‌സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിനേഷനു വേണ്ടി സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കർമ്മപരിപാടികൾക്കു കേരളത്തിലെ കത്തോലിക്കാസഭയുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കും.
കർദിനാൾ ജോർജ് ആലഞ്ചേരി
പ്രസിഡണ്ട്, കെ. സി. ബി. സി.
Comments