Foto

വാക്‌സിനുകള്‍ക്കെതിരായ എല്ലാ ഉള്ളടക്കങ്ങളും നിരോധിച്ച് യൂ ട്യൂബ്

വാക്‌സിനുകള്‍ക്കെതിരായ
എല്ലാ ഉള്ളടക്കങ്ങളും  നിരോധിച്ച് യൂ ട്യൂബ്


വാക്‌സിന്‍ വിരുദ്ധരും മുറി വൈദ്യന്മാരും മറ്റും ചേര്‍ന്ന് വിളമ്പുന്ന അബദ്ധങ്ങളാല്‍ പൊറുതി മുട്ടി യൂ ട്യൂബ്; എല്ലാ വാക്‌സിന്‍ വിരുദ്ധ ഉള്ളടക്കങ്ങളും നിരോധിക്കാന്‍ ഒടുവില്‍ തീരുമാനമായതായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. കോവിഡ് വാക്്‌സിനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ മാത്രം നീക്കാനായിരുന്നു ആദ്യ തീരുമാനം.

ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നും മീസില്‍സ്, മുണ്ടിനീര്, റുബെല്ല എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് ഹേതുവാകുമെന്നും മറ്റുമുള്ള അവകാശ വാദങ്ങളും ഇനി യൂട്യൂബില്‍ അനുവദനീയമല്ലാത്ത ഉള്ളടക്കത്തില്‍ വരുമെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വീഡിയോ കമ്പനി അറിയിച്ചു.

റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍, ജോസഫ് മെര്‍ക്കോള ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചാനലുകളും നിരോധിക്കുകയാണെന്ന് യൂട്യൂബ് വക്താവ് പറഞ്ഞു. യൂട്യൂബും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാങ്കേതിക ഭീമന്‍മാരും അവരുടെ സൈറ്റുകളില്‍ തെറ്റായ ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്ന് വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

യൂ ട്യൂബിന്റെ തീരുമാനത്തോട് റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രതികരിച്ചില്ല. അതേസമയം, 'ഞങ്ങള്‍ ഭയത്തോടെ ജീവിക്കില്ല' എന്ന് മെര്‍ക്കോളയുടെ വെബ് സൈറ്റ് ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ഞങ്ങള്‍ ലോകമെമ്പാടും ഐക്യമുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയും സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും ചെയ്യും.'- മെര്‍ക്കോള മുന്നറിയിപ്പു നല്‍കി.

ബാബു കദളിക്കാട്

 

Video  Courtesy: NBC NEWS

Comments

leave a reply

Related News