Foto

 ബൈബിള്‍ വിവര്‍ത്തനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് 

 

കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനിടയിലും ബൈബിള്‍ വിവര്‍ത്തനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 717 ഭാഷകളില്‍ ഇപ്പോള്‍ സമ്പൂര്‍ണ ബൈബിള്‍ ലഭ്യമാണെന്ന് 1942 മുതല്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്ന വിക്ലിഫ് ബൈബിള്‍ ട്രാന്‍സിലേറ്റഴ്‌സ് എന്ന സംഘടന വ്യക്തമാക്കി. ഇത് ലോകത്തില്‍ നിലവിലുള്ള സംസാരഭാഷകളുടെ 10 ശതമാനത്തോളം വരും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ഭാഷകളില്‍ കൂടി വിവര്‍ത്തനം നടന്നിട്ടുണ്ട്. ലോകത്തിലുള്ള അഞ്ചിലൊരാള്‍ ഇപ്പോഴും അവരുടെ ഭാഷകളിലുള്ള വിവര്‍ത്തനത്തിനു വേണ്ടി കാത്തിരിക്കുകയാണെങ്കിലും, വൈറസ് വ്യാപന കാലത്ത് ആഴ്ചയില്‍ ഒരു പുതിയ വിവര്‍ത്തനം എങ്കിലും പുറത്തിറക്കാന്‍ സാധിച്ചെന്ന് സംഘടന ചൂണ്ടിക്കാട്ടി. 1582 ഭാഷകളില്‍ പുതിയ നിയമം വിവര്‍ത്തനം ലഭ്യമാണെന്ന് വിക്ലിഫിന്റെ കണക്കുകളില്‍ പറയുന്നു.

മുന്‍വര്‍ഷം ഇത് 1551 ആയിരുന്നു. ബൈബിള്‍ വിവര്‍ത്തനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് മൂലം വളരെയധികം ആവേശമുണര്‍ത്തിയ ഒരു വര്‍ഷമാണ് കടന്നു പോയതെന്ന് വിക്ലിഫ് ബൈബിള്‍ ട്രാന്‍സിലേറ്റഴ്‌സ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവി വഹിക്കുന്ന ജെയിംസ് പൂള്‍ പറഞ്ഞു. തങ്ങളുടെ ഭാഷയില്‍ തന്നെ ദൈവം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ അവസരം ലഭിച്ചതില്‍ നിരവധി ആളുകള്‍ ആനന്ദത്തിലാണ്. അതേസമയം ബൈബിള്‍ വിവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പുരോഗതി ഉണ്ടെങ്കിലും ലോകത്തിലുള്ള 150 കോടിയോളം ജനങ്ങള്‍ക്ക് അവരുടെ ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ലഭ്യമല്ല എന്നതില്‍ ആശങ്കയുണ്ടെന്ന് ജെയിംസ് പൂള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അനീതി പരിഹരിക്കാന്‍ വിവര്‍ത്തകരുടെ സംഘം അടിയന്തരമായി പരിശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ തമ്മിലുള്ള സഹകരണവും, അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും വിവര്‍ത്തന മേഖലയില്‍ ഗുണകരമാകുന്നുണ്ട്. അടുത്ത പത്ത് മുതല്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ 95 ശതമാനം ആളുകള്‍ക്കും അവരുടെ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിക്ലിഫ് ബൈബിള്‍ ട്രാന്‍സിലേറ്റഴ്‌സ്..

Comments

leave a reply