Foto

ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനം വൈകിപ്പിക്കരുതെന്ന് ജര്‍മ്മന്‍ മനുഷ്യാവകാശ കമ്മീഷണര്‍

ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനം
വൈകിപ്പിക്കരുതെന്ന് ജര്‍മ്മന്‍
മനുഷ്യാവകാശ കമ്മീഷണര്‍


'അനാരോഗ്യം മൂലമുള്ള മാനുഷിക പരിഗണന നല്‍കണം': ഹ്യൂമന്‍ റൈറ്റ്‌സ് പോളിസി
ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് കമ്മീഷണര്‍ ബാര്‍ബെല്‍ കോഫ്ലര്‍


മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 8 മാസമായി തടവില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കടുത്ത അനാരോഗ്യം മൂലമുള്ള മാനുഷിക പരിഗണന നല്‍കി മോചിപ്പിക്കാന്‍ നടപടി വേണമെന്ന് , ജര്‍മ്മന്‍ ഗവണ്‍മെന്റിനു വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് പോളിസി ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് കമ്മീഷണര്‍ ബാര്‍ബെല്‍ കോഫ്ലര്‍. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുപോന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യത്തെക്കുറിച്ച് അവര്‍ ട്വിറ്ററിലൂടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ഒക്ടോബര്‍ മുതല്‍ തടവിലാണ്. കോവിഡ് പോസിറ്റീവ് ആയ അദ്ദേഹത്തെ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച പ്രവേശിപ്പിച്ചു.'പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, മാനുഷിക കാരണങ്ങളാല്‍ അദ്ദേഹത്തെ മോചിപ്പിക്കുന്നത് പരിഗണിക്കാന്‍ ഞാന്‍ ബന്ധപ്പെട്ട അധികാരികളോട് അടിയന്തിരമായി അഭ്യര്‍ത്ഥിക്കുന്നു'- ബാര്‍ബെല്‍ കോഫ്ലര്‍ ട്വീറ്റ് ചെയ്തു.

മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത 13 പേരില്‍ 3 പേര്‍ കൂടി കോവിഡ് രോഗികളായി. മഹേഷ് റാവുത്ത്, സാഗര്‍ ഗോര്‍കെ, രമേഷ് ഗയ്‌ചോര്‍ എന്നിവരാണു പോസിറ്റീവായത്. മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണ വില്‍സന്‍ ഉള്‍പ്പെടെ 7 പേര്‍ നെഗറ്റീവാണ്. ഈ 10 പേരും നവി മുംബൈ തലോജ ജയിലിലാണ്.

ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരത്തേ കോവിഡ് വാക്സിന്റെ ആദ്യ കുത്തിവയ്പ് നടത്തിയിരുന്നു.അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ്, നടുവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഓക്‌സിജന്‍ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. 15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടതി അനുമതി നല്കിയത്. ആശുപത്രിയില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തില്‍ തീര്‍ത്തും അവശനാണ് അദ്ദേഹം.

ഫാ. സ്റ്റാന്‍ സ്വാമി ജാമ്യം ആവശ്യപ്പെട്ട് നേരത്തേ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി ഇല്ലാതായി മരണം അടുത്തുവരികയാണെന്നും ബോംബെ ഹൈക്കോടതിയെ സ്വാമിയുടെ അഭിഭാഷകര്‍ ഹര്‍ജിയിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രായവും ജെജെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പാനല്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ജെ ജെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ വൈ പി യാഗ്നിക്കും വാദിച്ചു. എന്നാല്‍ ജെ ജെ ആശുപത്രിയില്‍ ഹര്‍ജിക്കാരന് വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. സ്വന്തം ചെലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News