ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ തയ്യാറാക്കിയ പുതിയ ഡോക്യുമെൻ്ററിയായ ‘ലിയോ ഇൻ റോം’ ജൂലൈ ഒന്നിന് വത്തിക്കാൻ ന്യൂസിൻ്റെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും. ലെയോ പതിനാലാമൻ, പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം റോമിൽ ചെലവഴിച്ച വർഷങ്ങളെക്കുറിച്ചാണ് ഈ ഡോക്യുമെൻ്ററി വിവരിക്കുന്നത്. 'ലിയോൺ ഡി പെറു’ , ‘ലിയോ ഫ്രം ചിക്കാഗോ’ എന്നീ ഡോക്യുമെൻ്ററികൾക്ക് ശേഷം വത്തിക്കാൻ ന്യൂസ് പുറത്തിറക്കുന്ന പുതിയ ചിത്രമാണ് ‘ലിയോ ഇൻ റോം’. നിലവിൽ ലെയോ പതിനാലാമൻ പാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, റോം നഗരത്തിൽ ചെലവഴിച്ച കാലഘട്ടത്തെയാണ് ഈ ഡോക്യുമെൻ്ററി പുനരാവിഷ്കരിക്കുന്നത്.
ഏകദേശം 20 വർഷത്തോളം നീളുന്ന പാപ്പയുടെ ജീവിതയാത്രയാണ് സിനിമയിലുള്ളത്. 1981-ൽ അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്കുള്ള അദ്ദേഹത്തിൻ്റെ വരവ് മുതൽ, അഗസ്തീനിയൻ സന്ന്യാസ സമൂഹത്തെ രണ്ട് തവണ നയിച്ച വർഷങ്ങളും, തുടർന്ന് ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻ്റെ പ്രിഫെക്റ്റായി നിയമിതനായതും, 2023-ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടതുമെല്ലാം ഈ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുന്നു.
ജൂലൈ ഒന്ന് ബുധനാഴ്ച റോം സമയം വൈകുന്നേരം ആറുമണിക്ക് വത്തിക്കാൻ ന്യൂസിൻ്റെ യൂട്യൂബ് ചാനലിൽ ഈ ഡോക്യുമെൻ്ററി റിലീസ് ചെയ്യും. തുടക്കത്തിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിൽ ലഭ്യമാകുന്ന ചിത്രം പിന്നീട്, ആവശ്യപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾക്കും നൽകും.










Comments