വിൽസിസൈമൺ
കയ്യോ കാലോ വളരുന്നതെന്ന് നോക്കി കഷ്ടപ്പെട്ടു മക്കളെ പഠിപ്പിച്ച് അവസാനം ഉള്ളതെല്ലാം വിറ്റു പെറുക്കി മക്കളെ വിദേശത്തും സ്വദേശത്തും ജോലിക്കും പഠനത്തിനും വിട്ടിട്ട് അവസാനം ജീവിതത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ പതിനെട്ടാം വയസ്സിന്റെ പിൻബലത്തിൽ അവരെ കണ്ണീരിലാഴ്ത്തി വീട് വിട്ടിറങ്ങുന്ന മക്കൾ സമൂഹത്തിന് നൽകുന്ന സന്ദേശംഎന്താണ്....അത് പ്രണയത്തിന്റെ പേരിൽ ആയാലും, സമ്പത്തിന്റെ പേരിലായാലും,മറ്റെന്തിന്റെ പേരിൽ ആയാലും മാതാപിതാക്കളുടെ കണ്ണീര് കണ്ടില്ലെന്നു നടിക്കുന്ന പുതുതലമുറയുടെ പൊതു ബോധം പേടിപ്പെടുത്തുന്ന സത്യമല്ലേ..മനുഷ്യർ ചെയ്യുന്ന ഏറ്റവും വലിയ നന്ദികേട് മാതാപിതാക്കളെ അനാദരിക്കലാണ് എന്നാണ് സർവ്വ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പഠിപ്പിക്കുന്നത് .ലോകത്തിൽ ഏറ്റവും അധികം ആദരിക്കേണ്ടതും മാതാപിതാക്കളെ തന്നെയാണ് എന്നാണ് സർവ്വ മതങ്ങളും പറഞ്ഞു വയ്ക്കുന്നത്..
എന്നിട്ടും നമ്മുടെ മക്കൾക്ക് എവിടെ ആണ് ചുവടുകൾ പിഴക്കുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്..
പ്രണയവും സൗഹൃദവും എല്ലാം വിശുദ്ധ ഭാവങ്ങൾ ആണെന്നും അതിനൊക്കെ ഒരു ആത്മീയപ്രഭാവം കൂടെ ഉണ്ട് എന്നും നമ്മുടെ കുഞ്ഞുങ്ങളെ ആരാണ് ഇനി പറഞ്ഞ് പഠിപ്പിക്കുക.... എല്ലാ മതരാഷ്ടീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർക്കും അതിന്റെ ഉത്തരവാദിത്വം ഇല്ലേ...
പ്രായപൂർത്തിയായെന്നപേരിൽ മാതാപിതാക്കളുടെ സ്നേഹവലയത്തിൽ നിന്നും പുറത്തുപോകാൻ വ്യഗ്രത കൂട്ടുന്ന മക്കൾക്ക് നഷ്ടമാകുന്നത് അവരുടെ സ്നേഹവും വാത്സല്യവും കരുതലും തന്നെ.ആ സത്യം കാലം മനസ്സിലാക്കി കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിന് എത്രയെത്ര ഉദാഹരണങ്ങൾ നമ്മുടെ കൺമുമ്പിലുണ്ട്..
ജാഗ്രത വേണം..
കുടുംബങ്ങളിൽ ഓരോ മുറികൾപോലും ഇന്ന് ഓരോരോ മൊബൈൽ സെല്ലുകളായി രൂപം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്...
നാളെ എന്തും സംഭവിക്കാം....
തള്ളിപ്പറയലും ഒറ്റികൊടുക്കലും ഒറ്റയ്ക്കാക്കലും ഒക്കെ ഇനിയും പ്രതീക്ഷിക്കാം.
പക്ഷേ അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെയെന്ന പ്രാർത്ഥന മാത്രം ബാക്കി...
Comments