Foto

കര്‍ദ്ദിനാള്‍ ചിയോംഗിന്റേത് നിസ്തുല സേവനം: ദുഃഖം രേഖപ്പെടുത്തി മാര്‍പാപ്പ

ഉത്തര കൊറിയയിലെ പ്യോങ്യാങ് രൂപതയുടെ അപ്പോസ്‌തോലിക
ഭരണാധിപനുമായിരുന്നു പ്രോലൈഫ് മൂല്യങ്ങളുടെ ഈ വക്താവ്


കഴിഞ്ഞ ദിവസം ദിവംഗതനായ ദക്ഷിണ കൊറിയയിലെ കര്‍ദ്ദിനാള്‍ നിക്കൊളാസ് ചിയോംഗ് ജിന്‍സുക് ആ രാജ്യത്തിനും ആഗോള സഭയ്ക്കും ചെയ്ത സേവനങ്ങള്‍ നിസ്തുലമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിയോള്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പ് ആയിരുന്ന കര്‍ദ്ദിനാളിന്റെ ദേഹവിയാഗത്തില്‍ മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. നാലു വര്‍ഷം കൊറിയന്‍ കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ(സിബിസികെ) പ്രസിഡന്റ് കൂടിയായിരുന്നു കര്‍ദ്ദിനാള്‍ ചിയോംഗ് ( 89).

കര്‍ദ്ദിനാള്‍ ചിയോംഗിന്റെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ അംഗസംഖ്യ 223 ആയി. ഇതില്‍ 80 വയസില്‍ താഴെയുള്ള  126 പേര്‍ക്കാണു വോട്ടവകാശമുള്ളത്. 2006 മാര്‍ച്ചില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തിന് കര്‍ദിനാള്‍ പദവി നല്കിയത്. പ്രോലൈഫ് മൂല്യങ്ങളെ ശക്തമായി മുറുകെ പിടിക്കുകയും ഗര്‍ഭഛിദ്രത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്ത കര്‍ദ്ദിനാള്‍ ചിയോംഗ്  മരണശേഷം അവയവങ്ങളും നേത്രപടലവും ദാനം ചെയ്യാനുള്ള തീരുമാനം  അധികൃതരെ അറിയിച്ചിരുന്നു. കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണമുള്ള ഉത്തര കൊറിയയുടെ ആത്മീയ കാര്യങ്ങളിലും സജീവ ശ്രദ്ധ ചെലുത്തിയിരുന്നു കര്‍ദ്ദിനാള്‍ ചിയോംഗ്.

1931 ഡിസംബര്‍ 7 ന് സിയോളില്‍ ജനിച്ച അദ്ദേഹം 1961 ല്‍ പൗരോഹിത്യം സ്വീകരിച്ചശേഷം റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ബിരുദം നേടി. 1970 ല്‍  ബിഷപ്പാകുമ്പോള്‍ 39 വയസേ ഉണ്ടായിരുന്നുള്ളൂ. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ സിയോളിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ദിനാളിന്റെ ആരോഗ്യനില പിന്നീട് മെച്ചപ്പെട്ടിരുന്നു. മാര്‍ച്ച് 18ന് ബന്ധുക്കളോടൊപ്പമാണ് പൗരോഹിത്യ സ്വീകരണത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിച്ചത്. 2012 ല്‍ വിരമിച്ച കര്‍ദിനാള്‍ തുടര്‍ന്നുള്ള ഒന്‍പത് വര്‍ഷം പ്രധാനമായും പുസ്ത രചനയില്‍ വ്യാപൃതനായിരുന്നു. വിവര്‍ത്തനം ഉള്‍പ്പെടെ 58 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.ദൈവശാസ്ത്രപരമാണ് എല്ലാം തന്നെ. കൊറിയന്‍ ഭാഷയില്‍ 5 വാല്യങ്ങളുള്ള വ്യാഖ്യാനിച്ച കാനോന്‍ നിയമമാണ് ഇതില്‍ പ്രധാനം.

1998 ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ അദ്ദേഹത്തെ സിയോളിലെ ആര്‍ച്ച്ബിഷപ്പാക്കിയതിനൊപ്പം ഉത്തര കൊറിയയിലെ പ്യോങ്യാങ് രൂപതയുടെ അപ്പോസ്‌തോലിക ഭരണാധികാരിയായും നിയമിച്ചു. പ്യോങ്യാങ് രൂപതയില്‍  പുരോഹിതന്മാരില്ല. ബിഷപ്പ് ഫ്രാന്‍സിസ് ഹോങ് യോങ്-ഹോയെ കമ്മ്യൂണിസ്റ്റുകാര്‍ 1949 ല്‍ അറസ്റ്റുചെയ്തതു മുതല്‍ റസിഡന്റ് ബിഷപ്പുമില്ല. 1950 നു ശേഷം ബിഷപ്പ് ഫ്രാന്‍സിസ് ഹോങ് യോങ്-ഹോയെക്കുറിച്ചുള്ള ഒരു വിവരവും ലോകത്തിനറിയില്ല.

1920 കളില്‍ യുഎസ് ആസ്ഥാനമായുള്ള മേരിക്‌നോള്‍ മിഷനറി സമൂഹാംഗങ്ങള്‍ ഉത്തരകൊറിയന്‍ രൂപതയില്‍ ജോലി ചെയ്തിരുന്നു. 2007 ല്‍, കര്‍ദിനാള്‍ ചിയോംഗ് ന്യൂയോര്‍ക്കിലെ മേരിക്‌നോള്‍ ആസ്ഥാനം സന്ദര്‍ശിച്ച് പ്യോങ്യാങ് രൂപതയില്‍ സേവനമനുഷ്ഠിച്ച 90 മേരിക്‌നോള്‍  വൈദികര്‍ക്കും സന്യാസ സഹോദരങ്ങള്‍ക്കുമായി ഒരു സ്മാരകം സമര്‍പ്പിച്ചു. സമര്‍പ്പണത്തിനുശേഷം, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ഉത്തര കൊറിയന്‍ ജനതയ്ക്ക് ഇപ്പോള്‍ ഇടയ പരിചരണം പ്രാപ്യമല്ല. എങ്കിലും പ്രേഷിതരെ വീണ്ടും അങ്ങോട്ട് അയയ്ക്കാന്‍ കഴിയുന്ന സമയത്തിനായി തയ്യാറാകുകയാണു ഞങ്ങള്‍.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News