Foto

ശസ്ത്രക്രിയ വിജയകരം: പാപ്പ ആരോഗ്യവാനെന്ന് വത്തിക്കാന്‍ വക്താവ്

ശസ്ത്രക്രിയ വിജയകരം:
പാപ്പ ആരോഗ്യവാനെന്ന്
വത്തിക്കാന്‍ വക്താവ്

 

ഇന്നലെയും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു


വന്‍കുടലിലെ തകരാര്‍ നീക്കാനുള്ള ശസ്ത്രക്രിയക്കു വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യവാനായിരിക്കുന്നുവെന്ന് വത്തിക്കാന്‍ വക്താവ്  മാറ്റിയോ ബ്രൂണി അറിയിച്ചു.ശസ്ത്രക്രിയ എത്രനേരം നീണ്ടുനിന്നുവെന്നോ ആശുപത്രിയില്‍ മാര്‍പ്പാപ്പ എത്രനാള്‍ തുടരുമെന്നോ  വ്യക്തമാക്കിയിട്ടില്ല. 2013 ല്‍ സ്ഥാനമേറ്റശേഷം ഇതാദ്യമായാണ് പാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് റോമിലെ ഗെമല്ലി ആശുപത്രിയില്‍ മാര്‍പാപ്പയെ പ്രവേശിപ്പിച്ചത്. അതിനു മുമ്പായും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു. വിദഗ്ധ പരിശോധയ്ക്ക് ശേഷം ശസ്ത്രക്രിയക്കു വിധേയനാക്കുകയായിരുന്നു. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. 84 കാരനായ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വത്തിക്കാന്‍ വക്താവ് ഞായറാഴ്ച രാത്രിയും വ്യക്തമാക്കിയിരുന്നു.

പതിവുപോലെ ഇത്തവണയും ജൂലൈ മാസത്തില്‍ പൊതു, സ്വകാര്യ സന്ദര്‍ശകരെ മാര്‍പ്പാപ്പ ഒഴിവാക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിശ്വാസികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന സൂചന മാര്‍പാപ്പ നല്‍കി. തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബറില്‍ സ്ലൊവാക്യയിലേക്കും ബുഡാപെസ്റ്റിലേക്കുമുള്ള യാത്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Foto

Comments

leave a reply

Related News