Foto

അംബാല സെമിത്തേരി സ്വന്തമാക്കാന്‍ മാഫിയ നടത്തിയ കളി പാളി

സ്വയം പ്രഖ്യാപിത ആംഗ്‌ളിക്കന്‍ ബിഷപ്പിന്റെ കുതന്ത്രം ഹൈക്കോടതിയില്‍ നിന്നുള്ള
സുപ്രധാന വിധിയിലൂടെ തകര്‍ത്തത് മലയാളിയായ ഫാ. ആന്റണി ചാക്കോ


പഞ്ചാബിലെ അംബാലയില്‍ 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബ്രിട്ടീഷ് പാരമ്പര്യമുള്ള സെമിത്തേരി  ഭൂമി മാഫിയയ്ക്കു കൈമാറാന്‍ വേണ്ടി  പ്രാദേശിക ആംഗ്ലിക്കന്‍ സഭയിലെ സ്വയം പ്രഖ്യാപിത ബിഷപ്പ്  കൈയടക്കിവച്ചതിനെതിരെ മലയാളിയായ റിഡംപ്ടറിസ്റ്റ് സഭാംഗം ഫാ. ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിയ നിയമ പോരാട്ടം സമ്പൂര്‍ണ്ണ വിജയം. ഫാ. ആന്റണി ചാക്കോ അസിസ്റ്റന്റ് വികാരിയായുള്ള  ഹോളി റെഡീമര്‍ കത്തോലിക്കാ പള്ളി ഉള്‍പ്പെടെ അംബാല പ്രദേശത്തെ ആറ് പള്ളികള്‍ക്കായിരിക്കും 176 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സെമിത്തേരിയുടെ അവകാശമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ലിസ ഗില്‍ വിധിച്ചു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിലവില്‍ വന്ന കരാര്‍ പ്രകാരം ബ്രിട്ടീഷ് ഹൈക്കമ്മീഷന് നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും സ്വാതന്ത്ര്യമുള്ള രാജ്യത്തെ സെമിനാരികളുടെ പട്ടികയില്‍ വരുന്ന ഇവിടെ ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 66 സൈനികര്‍ ഉള്‍പ്പെടെ 2,00,000 ഇന്ത്യന്‍, ബ്രിട്ടീഷ് പൗരന്മാരുടെ കല്ലറകളുണ്ട്.ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കമ്മീഷന്‍ അധികാരപ്പെടുത്തിയ വ്യക്തികള്‍ക്ക് സെമിത്തേരിയുടെ ഉത്തരവാദിത്തവും പരിപാലനവും  കൈമാറിയ ഹരിയാന സര്‍ക്കാരിന്റെ തീരുമാനവും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.ഷൗക്കത്ത് മാസി ഭാട്ടി എന്നയാളാണ് ആംഗ്‌ളിക്കന്‍ ബിഷപ് ആണെന്നു സ്വയം പ്രഖ്യാപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.ഇയാളുടെ ഹര്‍ജി കോടതി തള്ളി.

ഹരിയാന സര്‍ക്കാര്‍ പുറത്തിറക്കിയ 1993 ഒക്ടോബര്‍ 5 ലെ വിജ്ഞാപന പ്രകാരം, അംബാല കന്റോണ്‍മെന്റ് സെമിത്തേരി ഉള്‍പ്പെടുന്ന സ്ഥലം പുരാവസ്തു മേഖലയായി  പ്രഖ്യാപിച്ചുവെങ്കിലും അംബാലയ്ക്ക് മറ്റൊരു ക്രിസ്ത്യന്‍ സെമിത്തേരി ഇല്ലാത്തതിനാല്‍ മരിച്ചവരെ സംസ്‌കരിക്കാന്‍ ക്രിസ്ത്യാനികളെ അനുവദിച്ചു പോരികയായിരുന്നു. അതിനിടെയാണ് അനേക കോടി രൂപ വില മതിക്കുന്ന ഭൂമി സ്വന്തമാക്കാന്‍ മാഫിയായുടെ ഒത്താശയോടെ ഭാട്ടി രംഗത്തുവന്നത്.

ഷൗക്കത്ത് മാസി ഭാട്ടി സെമിത്തേരി കയ്യടക്കിയതിനെതിരെ ഫാ. ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തെത്തുടര്‍ന്ന് 2021 ജനുവരി 11 ന് ഓഫീസ് താക്കോലുകളും ആവശ്യമായ രേഖകളും കമ്മിറ്റിക്ക് കൈമാറാന്‍ അംബാല ജില്ലാ ഭരണകൂടം ഭാട്ടിക്ക് കത്തെഴുതിയിരുന്നു. സെന്റ് പോള്‍ സഭയില്‍ കാറ്റെക്കിസ്റ്റായി 1998 ല്‍ ചേര്‍ന്ന താന്‍ പിന്നീട് ബിഷപ്പായെന്നും  ഹൈക്കമ്മിഷന്‍ നിയോഗിച്ച വ്യക്തികള്‍ കത്തോലിക്കാ സഭാംഗങ്ങളായതിനാല്‍ അവര്‍ക്ക് ആംഗ്‌ളിക്കന്‍ പാരമ്പര്യമുള്ള സെമിത്തേരിയോ ഭൂമിയോ  കൈകാര്യം ചെയ്യാന്‍
നിയമപരമായ അവകാശമില്ലെന്നായിരുന്നു ഭാട്ടിയുടെ നിലപാട്.

 

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News