Foto

പൗരസ്ത്യ സഭകള്‍ക്കുവേണ്ടി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നടത്തിയ പ്രസംഗം.


പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ നടത്തിയ പ്രസംഗം : 

പ്രിയ സഹോദരീ സഹോദരന്മാരേ, സുപ്രഭാതം, സ്വാഗതം. ഇന്ന് രാവിലെ നിങ്ങള്‍ പത്രോസ് ശ്ലീഹായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു. 'നീ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് എന്ന അദ്ദേഹത്തിന്റെ വിശ്വാസ പ്രഖ്യാപനം നിങ്ങളും ഏറ്റു പറഞ്ഞു. പാപ്പാസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിനോട് അനുബന്ധിച്ചുള്ള വി. ബലിയര്‍പ്പണത്തിന് മുമ്പ് ഞാനും അതുതന്നെ ചെയ്തിരുന്നു. ലത്തീനോ, ഗ്രീക്കോ, സ്ലാവോ അല്ലാതെ കത്തോലിക്കയായ യേശുക്രിസ്തുവിന്റെ സഭയില്‍ അവളുടെ മക്കള്‍ തമ്മില്‍ യാതൊരു വിവേചനമില്ലെന്നും ലത്തീന്‍ക്കാര്‍ക്കും, ഗ്രീക്കുകാര്‍ക്കും, സ്ലാവുകള്‍ക്കും മറ്റു ദേശക്കാര്‍ക്കും തുല്യപ്രധാന്യമാണുള്ളതെന്നുമുള്ള ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ വെളിവാക്കാനാണ് അപ്രകാരം ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തിന്റെ ശതാബ്ദി ആചരിക്കുന്ന ഈ വര്‍ഷത്തില്‍ ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പ്പാപ്പയെ നാം നന്ദിയോടെ ഓര്‍ക്കുന്നു. പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘവും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അദ്ദേഹമാണ് സ്ഥാപിച്ചത്. നിഷ്പ്രയോജനകരമായ കൊന്നൊടുക്കല്‍ എന്ന് പറഞ്ഞ് അദ്ദേഹം യുദ്ധത്തിന്റെ മൃഗീയതയെ തള്ളിപ്പറഞ്ഞു. ഇറാക്ക് യുദ്ധം ഒഴിവാക്കണമെന്ന് വി. ജോണ്‍ പോള്‍ രണ്ടാമനും ആവശ്യപ്പെട്ടല്ലോ.

ഈ നിമിഷത്തിലും എല്ലായിടത്തും എണ്ണമറ്റ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലത്തിലെന്നപോലെ പാപ്പാമാരുടെയും നല്ല മനസ്സുള്ള സ്ത്രീ പുരുഷന്മാരുടെയും സ്വരം കേള്‍ക്കപ്പെടാതെ പോവുകയാണ്. സമാധാനത്തിനുള്ള മികച്ച അവാര്‍ഡ് യുദ്ധങ്ങള്‍ക്കാണ് കൊടുക്കേണ്ടതെന്ന് തോന്നുന്നു. അത്രയ്ക്കും വലിയ വൈരുദ്ധ്യമാണത്. യുദ്ധത്തോട് നമുക്കു വലിയ അടുപ്പമുണ്ട്. അത് ഒരു ദുരന്തമശാസ്ത്രത്തിലും ചിന്തയിലും സുന്ദരമായ പലതിലും മാനുഷികത അഭിമാനിക്കുന്നുണ്ട്. എന്നാല്‍ സമാധാനം കൊണ്ടുവരുന്നതില്‍ അത് പിന്നാക്കം പോവുകയാണ്. യുദ്ധം ചെയ്യുന്നതിലാണ് അത് മിടുക്ക് കാണിക്കുന്നത്. ഇതില്‍ നമുക്ക് ലജ്ജതോന്നണം. ഈ മനോഭാവത്തപ്രതി നാം പ്രാര്‍ത്ഥിക്കുകയും മാപ്പ് ചോദിക്കുകയും വേണം.

മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ ആവര്‍ത്തിക്കേണ്ടി വരികയില്ല എന്നു നാം പ്രതീക്ഷിച്ചു. എന്നാല്‍ മനുഷ്യന്‍ ഇന്നും അന്ധകാരത്തില്‍ തപ്പിത്തടയുന്നപോലെ തോന്നുന്നു. മധ്യപൂര്‍വേഷ്യയിലും സിറിയയിലും, ഇറാക്കിലും, എത്യോപ്യായിലെ ടിഗ പ്രദേശത്തും നടക്കുന്ന സംഘര്‍ഷങ്ങളുടെ ഫലമായി ഉണ്ടാകുന്ന മനുഷ്യഹത്യയ്ക്ക് നാമിന്നു സാക്ഷ്യം വഹിക്കുകയാണ്. പൂര്‍വ്വയൂറോപ്പില്‍ ഭീഷണമായി കാറ്റുകള്‍ വീശിക്കൊണ്ടിരിക്കുന്നു. ഫ്യൂസുകള്‍ കത്തുകയും ആയുധങ്ങള്‍ക്ക് തീ കൊളുത്തുകയും ചെയ്യുന്നു. പാവങ്ങളുടെയും നിരപരാധരുടെയും ഹൃദയം തണുത്ത് മരവിക്കുന്നു. അനേകര്‍ക്ക് അന്നന്നുവേണ്ട അപ്പമില്ല. ചെറുപ്പക്കാര്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രതീക്ഷ നഷ്ടപ്പെടുന്നു, അവര്‍ തങ്ങളുടെ നാട് വിട്ട് പോകുകയാണ്. എന്നാല്‍ പൗരസ്ത്യ കത്തോലിക്ക സഭകളുടെ മാതൃദേശങ്ങളാണവ. അവിടെയാണ് അവര്‍ രൂപം കൊണ്ടതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ നിലനിര്‍ത്തിയതും. ഈ തിരുസംഘത്തിലെ പലരും അവരുടെ മക്കളും അവകാശികളുമാണല്ലോ.

അങ്ങനെ നിങ്ങളുടെ അനുദിന ജീവിതം കഴിഞ്ഞ കാലത്തിന്റെ വിലപിടിപ്പുള്ള സ്വര്‍ണ്ണ ധൂളികളോടും സമാകാലീന ധീരവിശ്വാസാക്ഷ്യത്തോടും ഇടകലര്‍ന്ന ദൈന്യതയുടെതാണ്. ഈ ദൈന്യതക്ക് ഉത്തരവാദികള്‍ ബാഹ്യശക്തികളാണ്. ഞങ്ങള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ട്. കാലപഴക്കം വന്ന ചെടികളുടെ തണ്ടുകളിലും ശാഖകളിലുമുള്ള വിത്തുകളാണ് നിങ്ങള്‍. അവ കാറ്റില്‍പ്പെട്ട് ഊഹിക്കാനാകാത്ത വിദൂരസ്ഥലങ്ങളില്‍ ചെന്നുപെട്ടിരിക്കുന്നു. പൗരസ്ത്യ കത്തോലിക്കര്‍ സമുദ്രങ്ങള്‍ താണ്ടിയും കടലുകള്‍ കടന്നും വലിയ ഭൂപ്രദേശങ്ങള്‍ തരണം ചെയ്തും വിദൂര ഭൂഖണ്ഡങ്ങളില്‍ ചെന്ന് ദശകങ്ങളായി തമാസിച്ചുവരുന്നു. കാനഡയിലും, യു.എസിലും, ലാറ്റിന്‍ അമേരിക്കയിലും, യൂറോപ്പിലും, ഓഷ്യാനായിലും അവര്‍ക്കുവേണ്ടി രൂപതകള്‍ സ്ഥാപിച്ചിരിക്കുന്നു. അല്ലാതെയുള്ളയിടങ്ങളില്‍ ലത്തീന്‍ മെത്രാന്‍ മാര്‍ തന്നെ ബന്ധപ്പെട്ട സഭാതല വന്‍മാരോ, പാത്രിയര്‍ക്കീസുമാരോ, മേജര്‍ ആര്‍ച്ച് ബിഷപ്പുമാരോ നിയമാനുസൃതം അയ്ക്കുന്ന വൈദികരിലൂടെ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

അതുകൊണ്ടാണ് സഭയുടെ തനിമയെ നിര്‍ണ്ണയിക്കുന്നതും മാമ്മോദീസ സ്വീകരിച്ച് ഓരോ വ്യക്തിയുടെയും വിളിയുമായ സുവിശേഷവത്ക്കരണത്തെപ്പറ്റി നിങ്ങളുടെ സെഷനില്‍ ചര്‍ച്ചചെയ്തത്. മിഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി വ്യത്യസ്ത പാരമ്പര്യങ്ങളുടെ സമ്പന്നതയെ നാം പ്രത്യേകം കണക്കിലെടുക്കണം. ഉദാഹരണമായി മുതിര്‍ന്ന വരെ സഭയിലേയ്ക്ക് സ്വീകരിക്കുമ്പോള്‍ പ്രാരംഭ കൂദാശകളെല്ലാം ഒന്നിച്ചാണ് നല്‍കുന്നത്. ഈ രീതി പൗരസ്ത്യ സഭകള്‍ തുടര്‍ന്നുവരുന്ന ഒന്നാണ്. കുഞ്ഞുങ്ങളെ സഭയിലേക്ക് സ്വീകരിക്കുമ്പോഴും അവര്‍ ഈ രീതിയാണ് പിന്‍തുടരുന്നത്. രണ്ടു പ്രക്രിയകളിലും രഹസ്യങ്ങളെപ്പറ്റിയുള്ള വിദഗ്ധമായ ബോധനത്തിന്റെ പ്രധാന്യം ദര്‍ശിക്കാം. പക്വതയാര്‍ന്നതും സന്തോഷ നിര്‍ഭരവുമായ ക്രൈസ്തവ സഭാംഗത്വത്തിലേക്ക് ഏത് പ്രായക്കാരെയും കൈ പിടിച്ച് നടത്തുകയാണിവിടെ. മിസ്റ്റഗോജിക്കല്‍ ബോധനം ലത്തീന്‍ സഭയില്‍ ഇല്ല. സഭയിലെ വിവിധ ശുശ്രൂഷകളെപ്പറ്റിയും ഓരോരുത്തര്‍ക്കുമുള്ള വരമനുസരിച്ച് വിവിധ സന്യാസികളും സന്യാസിനികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ പ്പറ്റിയും നിങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രതിപാദിച്ചു. ഇവയും മൂല്യവത്തായ കാര്യങ്ങള്‍ തന്നെ.

നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങളും സാമൂഹിക വിശകലനങ്ങളും കൊണ്ടല്ലാതെ ദൈവവചനവും ഉത്ഥിതന്റെ ആത്മാവും നമ്മുടെ മാനുഷികതയുടെ കളിമണ്ണിനെ രൂപപ്പെടുത്തുന്ന ഒരു അനുഭവമുണ്ട്. ആ അനുഭവം ആരാധനക്രമമാണ്. അത് സിനഡല്‍ രീതിയെ കൃത്യമായി പറയുകയാണെങ്കില്‍ സിനഡല്‍ പ്രക്രിയയെപ്പറ്റി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സിനഡല്‍ പ്രക്രിയ പാര്‍ലമെന്റില്ല. അല്ലെങ്കില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ് അവസാനം സമവായത്തില്‍ എത്തുകയോ വോട്ടിനിടുകയോ ചെയ്യുന്ന രീതിയല്ല. സിനഡല്‍ പ്രക്രിയ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ ഒന്നിച്ച് നടക്കലാണ്. സിനഡും പ്രാചീന സിനഡല്‍ പാരമ്പര്യങ്ങളുമുള്ള നിങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന് സാക്ഷികളുമാണ്. സിനഡാലിറ്റിയിലാണ് പരിശുദ്ധാത്മാവ് സന്നിഹിതനായിരിക്കുന്നത്. ആത്മാവില്ലെങ്കില്‍ പാര്‍ലമെന്റോ അഭിപ്രായ സര്‍വ്വെയോ ഉള്ളൂ. ഞാന്‍ പറഞ്ഞതുപോലെ ഈ അനുഭവം ഭൂമിയിലെ സ്വര്‍ഗ്ഗമാണ്. പൗരസ്ത്യ പാരമ്പര്യം ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നതുപോലെ ലിറ്റര്‍ജിയില്‍ ഈ അനുഭവം നമുക്ക് ലഭിക്കുന്നു. രക്ഷപ്പെടലിന്റെയും പാരമ്പര്യ സംരക്ഷണത്തിന്റെയും മരുപ്പച്ചയെന്നതിനേക്കാള്‍ മനോഹാരിത പൗരസ്ത്യ റീത്തുകള്‍ക്കുണ്ട്. ആരാധന സമൂഹം ഇത് സ്വയം തിരിച്ചറിയുന്നു. സ്വയം പ്രേരണയാല്‍ വിളിച്ചുചേര്‍ക്കപ്പെട്ടതല്ല. അത്, മറിച്ച് അപരന്റെ സ്വരം കേള്‍ക്കുന്നത് കൊണ്ട് ഒന്നിച്ചു വന്നതാണ്. അത് എപ്പോഴും അവനിലേക്ക് ഉന്മുഖമാണ്. അതിനാല്‍ത്തന്നെ സഹോദരീസഹോദരന്മാരിലേക്ക് ഇറങ്ങി ചെല്ലാനും ക്രിസ്തുവിന്റെ സന്ദേശം അവരിലേക്ക് എത്തിക്കാനും അതിനു ത്വരയുണ്ട്. പ്രധാന വാതിലില്‍ ഐക്കണുകള്‍ സ്ഥാപിക്കുന്നതും ബലിയര്‍പ്പണ സമയത്ത് ചില സമയങ്ങളില്‍ വിരി യിട്ട് മദ്ബഹ മറയ്ക്കുന്നതുമായ പാരമ്പര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ഈ ശില്പ ഘടകങ്ങളും കര്‍മ്മവിധികളും ദൈവത്തില്‍ നിന്നുള്ള നമ്മുടെ അകല്‍ച്ചയെപ്പറ്റിയല്ല പറയുന്നത്. പ്രത്യുത അവന്റെ ഇറങ്ങിവരവിന്റെ രഹസ്യ synkatabassi-നെ കുറിച്ചാണ്; അവന്‍ വന്നതും ലോകത്തിലേയ്ക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നതുമായ രഹസ്യത്തെപ്പറ്റി.

പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാനോന്‍ നിയമത്തിന്റെ നിബന്ധനകള്‍ എങ്ങനെ പ്രയോഗത്തില്‍ കൊണ്ടുവരാമെന്നതിനെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് ചേരുന്ന ലിറ്റര്‍ജിക്കല്‍ കോണ്‍ഗ്രസ്സ് ഒരോ വ്യക്തിസഭയു ടെയും ലിറ്റര്‍ജിക്കല്‍ കമ്മിഷനുകള്‍ വഴി പരസ്പം അറിയാനുള്ള അവസരമാണ്. രണ്ടാം വത്തിക്കാന്‍ എക്യൂമനിക്കല്‍ കൗണ്‍സില്‍ തെളിച്ച് പാതയിലൂടെ ഈ തിരുസംഘവും അതിന്റെ ആലോചനക്കാരുമായി ഒന്നിച്ചു നടക്കാനുള്ള ക്ഷണമാണത്. ആ പാതയില്‍ ഏകവും സ്വരലയമാര്‍ന്നതുമായ കത്തോലിക്ക സഭയുടെ ഓരോ ഘടകവും മറ്റുള്ള പാരമ്പര്യങ്ങളെയും സ്വന്തം തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ നടത്തുന്ന പ്രഘോഷണത്തിന്റെയും പരിഷ്‌ക്കരണത്തിന്റെയും സഞ്ചാരങ്ങളെയും ശ്രദ്ധയോടെ ശ്രവിക്കുന്നത് അങ്ങേയറ്റം പ്രയോജനകരമായിരിക്കും. സ്വന്തം തനിമയോടുള്ള വിശ്വസ്തതയാണ് പൗരസ്ത്യ സഭകളുടെ സ്വരലയത്തിന്റെ ധന്യത. ഉദാഹരണത്തിന്, ഓരോ സഭയിലേയും വിശ്വസികള്‍ ഉള്ള സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിലേക്ക് ആരാധനക്രമപുസ്തകങ്ങള്‍ പരിഭാഷ ചെയ്യുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാവുന്നതാണ്. എന്നാല്‍ അര്‍പ്പണ രീതിയെപ്പറ്റി പറയുകയാണെങ്കില്‍, സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസം അംഗീകരിച്ചതുമായ ക്രമം പിന്‍തുടര്‍ന്നുകൊണ്ട് എല്ലാവര്‍ക്കും ഐക്യത്തിന്റെ അനുഭവം ഉണ്ടാകാന്‍ അവസര ഉണ്ടാകണം. അരാധന ക്രമത്തിലുള്ള പ്രത്യേക രീതികള്‍ ഒഴിവാക്കേണ്ടതാണ്. ഒരു സഭയിലെ അനൈക്യത്തിന്റെ നിദര്‍ശനങ്ങളാകും അങ്ങനെയുള്ള പ്രത്യേകതകള്‍. അതുപോലെ ഓര്‍ത്തഡോക്‌സ് സഭകളിലെയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളിലെയും സഹോദരീ സഹോദരന്മാര്‍ നമ്മെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ദിവ്യകാരുണ്യ മേശയ്ക്ക് ചുറ്റും നമുക്ക് ഒന്നിച്ചിരിക്കാന്‍ കഴിയില്ലെങ്കിലും നമ്മള്‍ മിക്കവാറും ഒരു ആരാധന ക്രമമാണ് അനുഷ്ഠിക്കുന്നതും ഓരേ പ്രാര്‍ത്ഥനകളാണ് ഉരുവിടുന്നതും. ഐക്യത്തിലേക്കുള്ള പ്രയാണത്തിന് വിഘാതമാകുന്ന പരീക്ഷണങ്ങളില്‍ നമുക്ക് ജാഗ്രത പുലര്‍ത്താം. നമ്മുടെ ഐക്യത്തിന്റെ സാക്ഷ്യം ലോകത്തിന് ആവശ്യമുണ്ട്. ആരാധനക്രമസംബന്ധിയായ തര്‍ക്കങ്ങള്‍ വഴി നാം ഉതുപ്പ് നല്‍കുകയാണെങ്കില്‍, നിര്‍ഭാഗ്യവശാല്‍, അങ്ങനെ ചിലത് അടുത്ത കാലത്തുണ്ടായി. വിഭജനത്തിന്റെ ആശാന്റെ കളിയായിരിക്കും കളിക്കുന്നത്.

പ്രിയ സഹോദരീ സഹോദരന്മാരേ ഈ ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. എന്റെ പ്രോത്സാഹനവും ആശീര്‍വ്വാദവും നിങ്ങളുടെ വിശ്വാസികളിലേയ്ക്ക് എത്തിക്കുക. ദയവായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മടിക്കരുത്. നന്ദി.

Comments

leave a reply

Related News