പുതുവൈപ്പിൽ പോലീസ് നടത്തിയ നരനായാട്ടിന് നാലാം വാർഷികം 14,16,18, തീയതികളിൽ പ്രതിഷേധം ആചരിക്കുന്നു.
ഐ.ഒ.സി. പുതുവൈപ്പിൽ നിർമ്മാണം ആരംഭിച്ച എൽ. പി. ജി. ടെർമിനലിനെതിരെ സ്ത്രീകളും കുട്ടികളുമടങ്ങിയ തദ്ദേശവാസികൾ നടത്തിയ പ്രതിഷേധ സമരത്തിനു നേരെ 2017 ജൂൺ 14 നാണ് പോലീസ് അതിക്രൂരമായ ലാത്തിച്ചാർജ് നടത്തിയത്.
അതിന്റെ നാലാം വാർഷിക മാണ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നാട്ടുകാർ ആചരിക്കുന്നത് .
2050 ടൺ പ്രൊപ്പയ്ൻ ടാങ്കുകളും 1800 ടൺ ബ്യൂട്ടെയ്ൻ ടാങ്കുകളും പുതുവൈപ്പിൽ സ്ഥാപിക്കുവാനാണ് ഐ.ഒ.സി. യുടെ പദ്ധതി.അന്തർദ്ദേശീയ നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇവിടെ ഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്നതെന്നാണ് ഐ.ഒ.സി. പറയുന്നത്.
മത്സ്യത്തൊഴിലാളികളും മറ്റു കൂലിവേലക്കാരും തിങ്ങിതാമസിക്കുന്ന ഇവിടെ ഏറെ അപകടകരമായ ഇത്തരം പദ്ധതികൾ സ്ഥാപിക്കരുതെന്നാണ് തദ്ദേശവാസികളുടെ ന്യായമായ ആവശ്യം.
എന്തൊക്കെ അത്യാധുനിക സുരക്ഷാക്രമീകരണകളുണ്ടെന്നു പറഞ്ഞാലും ജനവാസ മേഖലയിൽ ഇത്തരം അപകടകരമായ പദ്ധതികൾക്ക് അനുമതികൊടുക്കുവാനുള്ള തീരുമാനമെടുക്കുംമുൻപ് ബന്ധപ്പെട്ടവർ അല്പംകൂടി വിവേകത്തോടെ കാര്യങ്ങൾ കാണേണ്ടതായിരുന്നു.
പുതുവൈപ്പ് എൽ. പി. ജി. ടെർമിനൽ പദ്ധതി പ്രഖ്യാപനം വന്ന 2009 ൽ തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും 2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചതും പൊതുജനശ്രദ്ധ നേടിയതും.
പദ്ധതി പ്രദേശത്തുതന്നെയുള്ള സെൻറ്.സെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച ഐ.ഒ.സി. മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ് സമരത്തിന് വലിയ വാർത്താപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ് അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു.
ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിലും നാട്ടുകാർക്ക് അമർഷമുണ്ട്.
മംഗലാപുരം റിഫൈനറിയിൽനിന്നു ബുള്ളറ്റ് ടാങ്കറുകൾ ഉപയോഗിച്ചാണ് എറണാകുളം ഉദയംപേരൂരുള്ള ബോട്ടിലിംഗ് പ്ലാന്റിലേക്കു ഇപ്പോൾ എൽ.പി.ജി. കൊണ്ടുവരുന്നത്. പുതുവൈപ്പ് പ്ലാൻറ് കമ്മീഷൻ ചെയ്യുന്നതോടെ മംഗലാപുരത്തുനിന്നുള്ള റോഡ് മാർഗ്ഗമുള്ള എൽ പി ജി ഗതാഗതം പൂർണ്ണമായും ഒഴിവാക്കാനാകും.
പദ്ധതിക്ക് 750 കോടിയായിരുന്നു എസ്റ്റിമേറ്റ്,എന്നാൽ കാലതാമസം വന്നതിനാൽ ഇപ്പോൾ 200 കോടികൂടി അനുവദിച്ച് 950 കോടിയായി ഉയർത്തി.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധ സമരങ്ങൾമൂലം പദ്ധതി വൈകുന്നുണ്ടെങ്കിലും 2022 പകുതിയോടെ പൂർത്തിയാക്കാനാകുമെന്നാണ്
ഐ. ഒ.സി. വൃത്തങ്ങൾ പറയുന്നത്.
മൾട്ടിയൂസർ ലിക്വിഡ്ടെർമിനൽ,സ്റ്റോറേജ് ടെർമിനൽ എന്ന രണ്ട് ഭാഗങ്ങളാണ് പുതുവൈപ്പ് പദ്ധതിക്കുള്ളത്.സ്റ്റോറേജ് ടെർമിനലിന്റെ നിർമ്മാണം 45% പൂർത്തിയാക്കിയെന്നാണ് ഐ.ഒ.സി. പറയുന്നത്. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നാണ് സമരസമിതി പറയുന്നത്.
2019 ഡിസംബർ 17 ന് സി. ആർ. പി. സി. 144 പ്രകാരം പുതുവൈപ്പ് പ്രദേശത്തു നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയപ്പോളാണ് നിർമ്മാണ ജോലികൾ ഭാഗികമായെങ്കിലും ആരംഭിച്ചത്.2020 മാർച്ചിൽ ലോക് ഡൗണും ആരംഭിച്ചതോടെ കാര്യമായ ജോലികൾ ഒന്നും നടന്നിട്ടില്ല.
ടാങ്ക് പണിയുവാൻ കൊണ്ടുവന്ന കോടികൾ വിലമതിക്കുന്ന ഇരുമ്പ് പ്ലേറ്റുകൾ 5 വർഷത്തോളം കടപ്പുറത്തു പ്രളയവും മഴയും വെയിലും കൊണ്ട് തുരുമ്പ് പിടിച്ചു നശിച്ചുപോയി. തുരുമ്പ് പിടിച്ച ഈ ഷീറ്റുകൾ ഉപയോഗിച്ച് പണിയാരംഭിക്കുവാൻ ശ്രമിച്ചത് സമരസമിതിയും
നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു .കടൽത്തീരഭാഗത്ത് 6 മീറ്റർ ആഴത്തിൽ പൈൽ ചെയ്തു പണിയണമെന്ന് എസ്റ്റിമേറ്റുണ്ടെങ്കിലുംമൂന്നര മീറ്ററെ താഴ്ത്തിയിട്ടുള്ളുവെന്നാണ് സമരസമിതി പറയുന്നത്.ഇത് രണ്ട് കാരണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് സി. ബി. ഐ. ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സമരസമിതി കൺവീനർ മുരളി പറയുന്നു.വൈപ്പിന്കരയിലെ ജനങ്ങൾ നിരവധി ദുരന്തങ്ങൾ കണ്ടവരാണ്.1982 ലെ മദ്യദുരന്തം. സർക്കാർ ചാരായ ഷാപ്പുകളിലൂടെനൽകിയ ചാരായമാണ് അന്ന് എൺപതോളം പേരുടെ ജീവനപഹരിച്ചത്.
83 ലെ മുരിക്കുംപാടം വഞ്ചിയപകടം പതിനെട്ടുപേർ അന്ന് മരിച്ചു.മുരിക്കുംപാടത്തുനിന്നു എറണാകുളത്തേയ്ക് പോകുന്ന ബോട്ടുകൾ പനമ്പുകാട്‌നിന്നാരംഭിച്ചു മുരിക്കുംപാടം വഴി പോകണമെന്ന ആവശ്യം നടപ്പാകുവാൻ 18 പേര് പുഴയിൽ മുങ്ങിമരിക്കേണ്ടിവന്നു. നിരവധി ബസ്സപകടങ്ങളും ഇവിടെ നമ്മൾ കണ്ടതാണ്.2015 ഓഗസ്റ് 26 നു പതിനൊന്നുപേരുടെ ജീവനെടുത്തുകൊണ്ട് ഫോർട്ട്കൊച്ചിയിൽ കൊച്ചി നഗരസഭാ ഫെറി ബോട്ടും കായലിൽ മുങ്ങിത്താണു.
ഇതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള നഗ്നമായ നിയമലംഘനങ്ങളാണ്. അപകടങ്ങൾ നടന്നുകഴിയുമ്പോൾ അന്വേഷണകമ്മീഷനുകളേയും മറ്റും നിയമിച്ച് രക്ഷപെടുത്തേണ്ടവരെയൊക്കെ രക്ഷപ്പെടുത്തുന്നു. അത്തരം ഒരവസ്ഥ പുതുവൈപ്പിലുണ്ടാകരുത്.
ഐ. ഒ. സി. പുതുവൈപ്പ് വിടുന്നതുവരെ ഞങ്ങൾ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് ചമ്മിണി
Comments