ഡല്‍ഹിയിലെ പള്ളി പൊളിക്കു
പിന്നില്‍ ഭൂ മാഫിയ; പ്രശ്‌ന
പരിഹാരത്തിന് കേജ്രിവാള്‍
ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രത്തിനെതിരെ മുഖ്യമന്ത്രി ഇടപെടുന്നു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റിയെക്കൊണ്ട് അന്തേരിയാ മോഡ് ലിറ്റില്‍ ഫ്ളവര്‍ പള്ളി പൊളിപ്പിച്ചതെന്ന് ഡല്‍ഹിയില്‍ ദീര്‍ഘ കാലമായി താമസിക്കുന്ന ചില മലയാളികള്‍ക്ക് സൂചന കിട്ടി. 1990 കളില്‍ ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റി കമ്മീഷണര്‍ ആയിരിക്കേ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് വിവാദ പുരുഷനായി മാറിയ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും ഭാര്യയെയും അന്ന് ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച ഭൂമി, കെട്ടിട മാഫിയയുടെ അനന്തര തലമുറയാണ് നിലവില്‍ രാജ്യ തലസ്ഥാനത്തെ ഇത്തരം നീക്കങ്ങള്‍ക്ക് രാഷ്ട്രീയ ചരടുവലികളോടെ ചുക്കാന്‍ പിടിക്കുന്നതെന്ന് ഒരു കേരള എം പിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുള്ള ഡല്‍ഹി മലയാളി ചൂണ്ടിക്കാട്ടുന്നു.
വൈകിയാണെങ്കിലും ഡല്‍ഹി സര്‍ക്കാരിനുണ്ടായ പാളിച്ച മനസിലാക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് ഫരീദാബാദ് രൂപതാധ്യക്ഷനായ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് കേജ്രിവാള്‍ ഉറപ്പു നല്‍കി. പള്ളി പൊളിച്ചത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡി.ഡി.എ ആണെന്ന പഴയ നിലപാട് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തു. എല്ലാ സഹകരണവും അരവിന്ദ് കേജ്രിവാള്‍ വാഗ്ദാനം ചെയ്തതായി മാര്‍ ഭരണിക്കുളങ്ങര പറഞ്ഞു. നിയമപരമായി തന്നെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി സഹായിക്കും. വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ അനുകൂല സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ആര്‍ച്ച്ബിഷപ്പ് അറിയിച്ചു. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് പള്ളിക്ക് നോട്ടിസ് നല്‍കിയതെന്നും ഇത് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളെ മറികടന്നുള്ള നടപടിക്കു പിന്നിലെ രാഷ്ട്രീയ ബന്ധം പുറത്തുവരേണ്ടിയിരിക്കുന്നുവെന്ന് പള്ളി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വൈദികരുടെ നേതൃത്വത്തില്‍ സ്ഥലത്ത് സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് പള്ളി പൊളിച്ചതെന്ന് നേരത്തെ പ്രതികരിക്കാന്‍ വേണ്ട വിവരം മുഖ്യമന്ത്രിക്കു നല്‍കിയതാരെന്ന ചോദ്യവും ഉയരുന്നുണ്ട്. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റി കീഴിലുള്ള പള്ളി പൊളിച്ച് നീക്കിയത്. അതേസമയം, സര്‍ക്കാര്‍ രേഖകളോടെ 1982 മുതല്‍ സ്വകാര്യവ്യക്തിയുടെ കൈവശമിരുന്ന ഭൂമിയാണ് പിന്നീട് ദേവാലയനിര്‍മിതിക്ക് ഇഷ്ടദാനം നല്‍കിയതെന്നും ഏഴിന് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ നോട്ടീസിനുള്ള മറുപടിക്കും രേഖകളുടെ സമര്‍പ്പണത്തിനും അവസരം നല്‍കാതെ പള്ളി തകര്‍ക്കുകയായിരുന്നെന്നും ഇടവക വിശ്വാസികള്‍ പറഞ്ഞു.
ബാബു കദളിക്കാട്
Comments