അമിതവണ്ണം ആരോഗ്യ പ്രശ്‌നമായി മാറുമ്പോള്‍
ജോബി ബേബി
കുവൈറ്റ് : ശരീരത്തിന്റെ ഭാരം പരിധിയിലധികമാകുന്നതിനെ അനാരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്പയാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്.അമിതവണ്ണം പല രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.ശരീരഭാരം കൃത്യമായി നിലനിര്‍ത്തുകയാണ് അഭികാമ്യം.തടി കൂടുതലുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലത്.
കാരണം തിരിച്ചറിയണം
അനാരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമരഹിത ജീവിത രീതിയുമാണ് തടി കൂടാനുള്ള കാരണങ്ങള്‍.അമിതമായി എത്തുന്ന ഊര്‍ജ്ജം ചെലവൊഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടും.ചില മരുന്നുകളുടെ ഉപയോഗം,ചില ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവയും തടി കൂട്ടിയേക്കാം.എന്തുകൊണ്ടാണ് തടി കൂടിയതെന്ന് കണ്ടെത്തണം.അടിസ്ഥാന കാരണം മനസ്സിലാക്കാതെ തടി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെട്ടേക്കാം.
പരിശോധന വേണം
തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങുന്നതിനു മുന്‍പ് മെഡിക്കല്‍ ചെക്കപ്പ് നടത്തണം.രക്തസമ്മര്‍ദം,രക്തത്തിലെ ഷുഗര്‍നില,കൊളെസ്‌ട്രോള്‍നില,ബോഡിമാസ് ഇന്‍ഡക്‌സ് തുടങ്ങിയവ പരിശോധിച്ചറിയണം.ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്,രക്തത്തിലെ യൂറിക് ആസിഡിന്റെ നില,ഇ.സി.ജി.പരിശോധന തുടങ്ങിയവ നടത്തി മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കണം.
കുറുക്കുവഴികള്‍ തേടരുത്
മൂന്ന്ദിവസം കൊണ്ട് തടികുറയ്ക്കാം,ഈ പഴം മാത്രം മതി തടി കുറയ്ക്കാന്‍ തുടങ്ങി ഒട്ടേറെ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റുമുണ്ട്.തടി കുറയ്ക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തന്നെ പിന്തുടരണം.അമിതവണ്ണം കുറയ്ക്കുമ്പോള്‍ ബാഹ്യ രൂപത്തില്‍ മാത്രമല്ല മാറ്റം വരുന്നത്.ശരീരത്തിലെ ലവണ നിലയിലും ജലാംശത്തിലുമൊക്കെ മാറ്റങ്ങള്‍ വരാം.മാത്രമല്ല അന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും സ്വാധീനിക്കാം.
ഘട്ടംഘട്ടമായി തടി കുറയ്ക്കല്‍
അമിതവണ്ണം കുറയ്ക്കേണ്ടത് ഘട്ടം ഘട്ടമായാണ്.ചിട്ടയായ രീതി തുടരണം.വിദഗ്ധ നിര്‍ദേശപ്രകാരം ഓരോരുത്തര്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ തയ്യാറാക്കാം.
പട്ടിണി കിടക്കരുത്
പെട്ടന്ന് തടി കുറയ്ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.ഇതിനായി പലരും ഡയറ്റിങ് ആരംഭിക്കും.ഡയറ്റിങ് എന്നാല്‍ പട്ടിണി കിടക്കല്‍ അല്ല.ഇത് തിരിച്ചറിയാതെ പലരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെയും ഉച്ചയ്ക്ക് വെള്ളം മാത്രം കുടിച്ചും അത്താഴം കഴിക്കാതെയുമൊക്കെ ജീവിക്കാറുണ്ട്.ഇത് പോഷക ദാരിദ്ര്യംമുണ്ടാക്കുകയാണ്.ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജ ലഭ്യത കുറയ്ക്കാന്‍ ഇടയാക്കുന്നു.ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു.ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണ ക്രമീകരണമാണ് തടി കുറയ്ക്കലിന് അവശ്യം.
കുവൈറ്റില്‍ നഴ്സാണ് ലേഖകന്‍
Comments