Foto

ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നവര്‍ ഇത് വായിക്കണം

"ആരോഗ്യ പ്രവർത്തകരും മനുഷ്യരാണ്"

ജോബി ബേബി

കുവൈറ്റ്: കോവിഡ് മഹാമാരിയുടെ വലയത്തിൽ നിന്നും നാം മുക്തരായിട്ടില്ല.ഒന്നര വർഷത്തിനുമേലെയായി നാം കോവിഡുമായി സഹവസിച്ചുകൊണ്ടിരിക്കുന്നു.ഈയൊരു സന്നിഗ്ദ്ധ ഘട്ടത്തിലും ആരോഗ്യ പ്രവർത്തകർക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു നാം കാണുന്നു.ഏറ്റവും സമ്മർദ്ദത്തിൽ രോഗികളെ പരിചരിച്ചുവരുന്ന കോവിഡിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർ അഹോരാത്രം ഈ രോഗത്തെ പ്രതിരോധിക്കാനും സഹജീവികളെ സംരക്ഷിക്കാനുമായുള്ള യത്നം തുടർന്ന് വരികയാണ്.അത്തരം ഒരു സാഹചര്യത്തിലാണ് അവർക്കെതിരെ ആക്രമണങ്ങൾ കൂടുതലായി ഉണ്ടാകുന്നത്.സമാധാനപരമായ ഒരു അന്തരീക്ഷം ഇല്ലെങ്കിൽ ഒരു ആരോഗ്യപ്രവർത്തകനും രോഗികളെ വേണ്ട രീതിയിൽ പരിചരിക്കുവാൻ സധിക്കുകയില്ല എന്നുള്ളത് വ്യക്തമാണ്.ഓരോ ആരോഗ്യ പ്രവർത്തകനും ആത്യന്തികമായി ഒരു മനുഷ്യനാണ്.മനുഷ്യ സഹജമായ ചേതനയും ചോദനകളും അവനിലും ഉണ്ട്.അങ്ങനെ വരുമ്പോൾ സ്വന്തം ജീവൻ അപായപ്പെടുത്തുന്നത് തടയുന്നതിനു വേണ്ട ഒരു ശ്രമം അവന്റെ ഭാഗത്തു നിന്നുണ്ടാകും.ഒരു പക്ഷേ Defensive Medicine എന്ന ഒരു രീതിയിലേക്ക്,സ്വന്തം രക്ഷ ഉറപ്പാക്കിക്കൊണ്ട് മാത്രം രോഗികളെ പരിചരിക്കുക എന്ന ഒരു സ്ഥിതിയിലേക്ക് മാറുന്നതിനു അവൻ നിർബന്ധിക്കപ്പെടുന്നു. 

പോയകാലത്തൊക്കെ ഏറ്റവും കൂടുതൽ റിസ്ക് എടുത്തുകൊണ്ട് സ്വന്തം ജീവനേയും തൃണവത്ഗണിച്ചുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർ രോഗികളെ പരിചരിച്ചിരുന്നത്.സ്വന്തം ജീവന് ഭീഷണി ഉണ്ടാകുമ്പോൾ മനുഷ്യസഹജമായ നീക്കത്തിലൂടെ ഇതിനൊരു വിഘാതം സംഭവിക്കുകയല്ലേ.ഇവിടെയാണ് ആശുപത്രി അതിക്രമണങ്ങളുടെ ഈ വർദ്ധനവ് നമ്മെ ആശങ്കാകുലരാക്കുന്നത്.എന്തുകൊണ്ട് ഇത്തരം അക്രമ പ്രവണതകൾ വർധിക്കുന്നു എന്നുള്ളത് തീർച്ചയായും അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.പൊതുജന സമൂഹം അതിന് പരിഹാരം കാണേണ്ടതുണ്ട്.സമാധാന പരമായ അന്തരീക്ഷം ആതുരാലയങ്ങളിൽ ഉണ്ടായേ മതിയാകൂ.അവനവന് പ്രിയപ്പെട്ടവർക്ക് ജീവൻ നഷ്ടപ്പെടുമ്പോഴോ അതിഗുരുതരമായ അവസ്ഥയിൽ എത്തുമ്പോഴോ മാനസികമായ സംഘർഷത്തിന്റെ ഫലമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് നമ്മുക്ക് പറയാം.പക്ഷേ ഒരു ആശുപത്രിയിൽ ഞാൻ മാത്രമല്ല നിരവധി രോഗികൾ ചികിത്സിക്കപ്പെടുന്നു എന്ന് മറന്ന് പോകുന്നത് അത്തരമൊരു സാഹചര്യത്തിൽ അനുചിതം തന്നെയാണ്.എന്തുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്ന് വിശകലനം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്‌യേണ്ടതുണ്ട്.

ആരോഗ്യ പ്രവർത്തകർ മിത്രമോ,ശത്രുവോ:-

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ കൂടി വരുന്ന ഈ കാലത്ത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു സന്ദേശമുണ്ടായിരുന്നു.അതായത് മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന സിലബസ് പുതുക്കി നിശ്ചയിച്ചിരിക്കുന്നു എന്ന്.കരാട്ടെ,കളരി,കുംഗ് ഫു മുതലായ ആയോധന വിദ്യകൾ കൂടി.ഓരോ വർഷവും പരിശീലിച്ചിരിക്കണം എന്ന തരത്തിൽ.അതിശയോക്തി പരമാണെങ്കിലും അത്‌ ഈ തരം സാമൂഹിക വിരുദ്ധ പ്രവർത്തികളുടെ ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്.”ആരോഗ്യപ്രവർത്തകർ അടികൊള്ളേണ്ടവരാണോ”എന്ന തരത്തിലുള്ള സംവാദങ്ങൾ ക്‌ളബ് ഹൗസ്‌ വേദികളിൽ നടക്കുന്നു.ഇതൊക്കെ മറ്റൊരു തരത്തിൽ പറഞ്ഞാൽ സാമൂഹിക അപചയത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയാം.

എത്രയോ മാന്യമായ ഒരു സമൂഹശ്രെനിയുടെ ഉന്നത പടവുകളിൽ നിന്ന് എത്ര പെട്ടന്നാണ് ആരോഗ്യപ്രവർത്തകർ ഇങ്ങനെ താഴേക്ക് പതിക്കാനിടയായത്.പ്രവാചകനും ത്രിമുഖനുമാണ് ഓരോ ആരോഗ്യപ്രവർത്തകനും എന്ന് പഴയ വൈദ്യശാസ്‌ത്ര ചരിത്രങ്ങളിൽ പറഞ്ഞു കാണുന്നുണ്ട്.വൃദ്ധരായ അച്ഛനമ്മമാരെ മർദ്ദിക്കുന്ന മകന്റെ വാർത്ത പത്രത്തിൽ വായിക്കുമ്പോൾ ജനത്തിനുണ്ടാകുന്ന വികാരം,ഒരു ആരോഗ്യപ്രവർത്തകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ചു എന്ന വാർത്ത വായിക്കുമ്പോഴും ഉണ്ടാകണം.കാരണം ഓരോ രോഗിയുടേയും നമ്മയ്ക്ക് വേണ്ടിയാണ് ഓരോ ആരോഗ്യ പ്രവർത്തകനും പ്രവർത്തിക്കുന്നത്.മറിച്ചല്ല.ആരോഗ്യ പ്രവർത്തകരെ മർദ്ദിക്കുന്നതിനെതിരെ ആരോഗ്യപ്രവർത്തകർ മാത്രമേ പ്രധിഷേധിക്കുന്നുള്ളൂ.എന്തുകൊണ്ട് പൊതുജനങ്ങൾ പ്രധിഷേധിക്കുന്നില്ല.ഒരു രാഷ്ട്രീയ പാർട്ടിയോ,യുവജനസംഘടനകളോ ആരോഗ്യ പ്രവർത്തകരുടെ രക്ഷയ്ക്ക് വേണ്ടി മുന്നോട്ട് വന്ന ചരിത്രമില്ല.ചിന്തിക്കേണ്ട വിഷയമാണ്.

അവരുടേതല്ലാത്ത കുറ്റത്തിനാണ് മിക്കപ്പോഴും അവർക്ക് നേരെ അക്രമണങ്ങളുണ്ടാകുന്നത്.അതായത് ഭരണ സംവിധാങ്ങളുടെ രംഗത്തുള്ള പിഴവുകൾക്കാണ് പ്രധാനമായും ആരോഗ്യപ്രവർത്തകർ ഇരയാകേണ്ടി വരുന്നത്.ആവശ്യത്തിന് മരുന്നുകളില്ലാതിരിക്കുക,ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം,ജീവൻരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം(ഉദാ:വെന്റിലേറ്റർ)ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ ആരോഗ്യപ്രവർത്തകരുടെ നിയന്ത്രണത്തിലല്ല എന്നത്‌ വ്യക്തം.അടിയന്തര ചികിത്സാ വിഭാഗങ്ങളിലെ തിരക്ക്,തന്മൂലം രോഗികൾക്ക് നേരിടേണ്ടി വരുന്ന അകാരണമായ കാത്തിരിപ്പ്,മുഷിപ്പ് ഇതൊക്കെ അനാവശ്യ പ്രകോപനങ്ങളിലേക്ക് രോഗികളേയും ബന്ധുക്കളെയും തള്ളിവിടുന്നു.എമർജൻസി വിഭാഗങ്ങളിൽ,മിക്കവാറും രാത്രി സമയങ്ങളിലാണ് അക്രമങ്ങൾ അരങ്ങേറുന്നതായി കണ്ട് വരുന്നത്.

നിയമ നടപടികൾ അത്യാവശ്യം:-

അക്രമികളെ നേരിടാനുള്ള ശക്തമായ നിയമങ്ങളെക്കുറിച്ചു ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.നിയമങ്ങളുടെ അഭാവമല്ല,പിന്നെയോ അത് വേണ്ട വിധത്തിൽ ഫലപ്രദമായി നടപ്പാക്കുന്നതിലെ കാലതാമസമാണ് പ്രശ്നം.ഇന്ത്യയിൽ ഏതാണ്ട് പതിനഞ്ചു സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല.എന്ന പോലെയാണ് കാര്യങ്ങൾ എന്നാണ് ഈയടുത്ത കാല സംഭവങ്ങളും വ്യക്തമാക്കുന്നത്.കർശന നിയമങ്ങൾ പോലും രക്ഷക്കെത്തും എന്നു തോന്നുന്നുല്ല.കേരളത്തെ സംബന്ധിച്ചിടത്തോളം 2012മുതൽ നിലവിലുള്ള ആശുപത്രി സംരക്ഷണനിയമം നിലനിൽക്കുമ്പോഴും അത്‌ കൃത്യമായ രീതിയിൽ നടപ്പാക്കുന്നതിന് ഭരണാധികാരികളുടെ ഭാഗത്തു നിന്ന് വീഴ്ച്ച സംഭവിക്കുന്നു എന്നുള്ളതാണ് ഈ അടുത്ത കാലങ്ങളിലെല്ലാം നാം കണ്ടത്‌.വളരെ കർശനമായ നടപടികൾ ഉള്ള നിയമമായിട്ടുപോലും അതനുസരിച്ചു അക്രമികൾക്കെതിരെ കേസ് ചാർജ് ചെയ്‌യുന്നതിനും അവരെ അറസ്റ്റ് ചെയ്യ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുന്നതിനും കാലതാമസം ഉണ്ടാകുന്നു എന്നുള്ളത് വേദനയുണ്ടാക്കുന്ന അവസ്ഥയാണ്.

ഇന്ന് ആരോഗ്യ പ്രവർത്തകർ പൊതുവെ തങ്ങൾക്ക്‌ നീതി നിഷേധിക്കപ്പെടുന്നു എന്നുള്ള ഒരു മനസികാവസ്ഥയിലാണ്.ഭരണകൂടവും നിയമം നടപ്പാക്കേണ്ടവരുമൊക്കെ ഇത് മനസ്സിലാക്കണം എന്നുള്ളതാണ്.അതുപോലെ തന്നെ കൂടുതൽ കർശനമായ ഒരു കേന്ദ്രനിയമം ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഉടൻ തന്നെ നിർമ്മിച്ച് നടപ്പിലാക്കേണ്ടതുണ്ട്.അത്‌ ഇന്ത്യൻ പീനൽ കോഡിന്റെയും ക്രിമിനൽ പ്രൊസീജിർ കോഡിന്റെയും ഒക്കെ നിയമാ വലികളിലൂടെ നടപ്പാക്കേണ്ടതാണ്.ഇത്തരം അക്രമങ്ങൾ നടക്കുമ്പോൾ സമയബന്ധിതമായി അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടത് നിഷ്കർഷിക്കപ്പെടേണ്ടതുമാണ്.അതുപോലെ തന്നെ ആശുപത്രികൾ,സുരക്ഷിത മേഖല ആക്കേണ്ടതും അത്യന്താപേക്ഷിതമാണ്.ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് പോലെയുള്ള ഒരു പോലീസ് സേന തന്നെ ആശുപത്രി സംരക്ഷണത്തിനും വിന്യസിക്കപ്പെടേണ്ടതുണ്ട്.

നിയമങ്ങളുo നിയമനടപടികളും കർശനമാക്കുന്നതോടൊപ്പം പൊതുജനങ്ങളുമായുള്ള സഹവർത്തിത്വത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി ഇത്തരം പ്രവണതകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആവശ്യമാണ്.ഇതൊക്കെ പറയുമ്പോഴും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഏറ്റവും അനുകൂലമായ സാഹചര്യവും സമീപനവും സൃഷ്ടിക്കപ്പെടണം.സമൂഹത്തിൽ പൗരന്മാർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിൽ ജനാധിപത്യ ഭരണ സംവിധാനങ്ങൾക്ക് വലിയ പങ്കുണ്ട്.അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും,അതിനുവേണ്ട സാമ്പത്തിക അടിത്തറ ഉറപ്പാക്കലും സർക്കാരിന്റെ കടമയാണ്.

മഹാമാരിയെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിർബാദം പണിയെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതും അതിലൊന്നാണ്.ആരോഗ്യ പ്രവർത്തകർ ജനങ്ങളുടെ മിത്രങ്ങളാണ്,ശത്രുക്കളല്ല എന്ന സന്ദേശം പ്രവർത്തിയിലൂടെ സമൂഹത്തിലെത്തിക്കുകയാണ് നമുക്കാവശ്യം.ആരോഗ്യ പ്രവർത്തകർ ആരും തന്നെ അമാനുഷികരല്ല.അത്ഭുത പ്രവർത്തികളും അവരുടെ കയ്യിലില്ല എന്ന് ജനം തിരിച്ചറിയണം.രോഗചികിത്സയിൽ അവർ പ്രകൃതിയെ സഹായിക്കുകയാണ്.അത് കൊണ്ടാണ് Ambroise Pare എന്ന ഫ്രഞ്ച് സർജൻ അന്ന് തന്നെ പറഞ്ഞുവച്ചത്”I dress the wound,nature heals it”.


(കുവൈറ്റില്‍ നഴ്സാണ് ലേഖകന്‍).
 

Foto

Comments

leave a reply

Related News