ജോബി ബേബി,കുവൈറ്റ്
ആരോഗ്യമില്ലാതെ എന്തൊക്കെ ഉണ്ടായിട്ടെന്തു കാര്യം? ആരോഗ്യ-കായിക വിദ്യാഭ്യാസമെന്നത് നാമമാത്രമായ കുട്ടികൾ പങ്കെടുക്കുന്ന കായിക മത്സരങ്ങളിലെ ജയപരാജയങ്ങളിലും സർട്ടിഫിക്കറ്റുകളിലുമൊതുങ്ങരുത്. പകരം, വിദ്യാലയങ്ങളിലെ എല്ലാ കുട്ടികളും ശാരീരിക ആരോഗ്യമുള്ളവരായി, ആരോഗ്യമുള്ള മനസ്സുള്ളവരായി വിശാലമായ മൈതാനങ്ങളിൽ സജീവമായി ഉല്ലസിക്കുന്ന അവസ്ഥയാണ് വേണ്ടത്. തെങ്ങിലെ ഇളനീരിനേക്കാൾ നല്ലതല്ല മാർക്കറ്റിലും ഇൻസ്റ്റാഗ്രാമിലും കാണുന്ന കൃത്രിമ പാനീയങ്ങളെന്നും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തേക്കാൾ മികച്ചതല്ല ബേക്കറിയിലെ ജങ്ക് ഫുഡ്ഡെന്നും പൂർണമനസ്സോടെ തിരിച്ചറിയാൻ അവർക്ക് സാധിക്കണം. സ്വന്തം ശരീരത്തിനും ആരോഗ്യത്തിനും ആവശ്യമായ ശരിയായ ഭക്ഷണരീതിയും ശരിയായ ആരോഗ്യപരിപാലനരീതിയും വ്യായാമശീലവും സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും സ്വായത്തമാക്കാൻ ഒരു തലമുറക്ക് കഴിഞ്ഞാൽ ജീവിതശൈലീ രോഗങ്ങളിൽ നിന്ന് രക്ഷയും സാധ്യമാവും. അധ്വാനശേഷിയും ഉയർന്ന ക്രിയാശേഷിയുമുള്ള ആ തലമുറ രാജ്യപുരോഗതിക്ക് ഉപകരിക്കും. വിദ്യാലയങ്ങളിൽ കുട്ടികൾ എറെ ഇഷ്ടപ്പെടുന്ന ആരോഗ്യ-കായികവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കാതിരിക്കുന്നത് മരുന്നു കമ്പനികളെയും ആശുപത്രികളെയും മാത്രമേ പുഷ്ടിപ്പെടുത്തൂ.
സ്കൂളുകള്‍ അടച്ചിട്ടതു മൂലം ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാം?
ആരോഗ്യപ്രശ്നങ്ങള്‍: അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ആഹാരരീതി, വ്യായാമക്കുറവ്, പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗവും ആത്മഹത്യാപ്രവണതകളും, അമിത ദേഷ്യം, ഉത്കണ്ഠ, അമിതമായ മൊബൈല്‍ ഉപയോഗം, ഗെയിമിംഗ് അഡിക്ഷന്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങള്‍: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലായ്മ, പഠന നിലവാരത്തിലെ കുറവ്, പൊതുവിദ്യാഭ്യാസത്തിലെ അസമത്വം.
മാതാപിതാക്കളുടെ പ്രശ്നങ്ങള്‍: മാനസിക സമ്മര്‍ദം, കുട്ടികളെ നോക്കാന്‍ ജോലി ഉപേക്ഷിക്കേണ്ടിവന്ന അവസ്ഥ, അതുമൂലം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍.
സമഗ്രവ്യക്തിത്വത്തിനുടമകളായ വിദ്യാർഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വിദ്യാർഥിയുടെയും അനുപമമായ കഴിവുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയം സ്വീകരിച്ചിരിക്കുന്ന അടിസ്ഥാനതത്ത്വങ്ങളിലൊന്ന്.സ്കൂളുകള്‍ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് സര്‍ക്കാരാണ്. അതുപോലെ അവരെ സ്കൂളില്‍ വിടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് മാതാപിതാക്കളും. സ്കൂളില്‍ വിടുന്നതിന്റെ ഗുണങ്ങളും, പോയാല്‍ ഗുരുതരമായ രോഗം വരുന്നതിന്റെ സാധ്യതകളും മനസിലാക്കി കുട്ടികളുടെ ആരോഗ്യത്തിനും ഭാവിക്കും തുല്യപരിഗണന നല്കി അനാവശ്യഭീതി ഒഴിവാക്കി മാതാപിതാക്കള്‍ തീരുമാനമെടുക്കുകയാണു വേണ്ടത്.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
Comments