Foto

മദ്യ വ്യാപന നയങ്ങള്‍ ജനദ്രോഹപരം:  യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് 


മദ്യ വ്യാപന നയങ്ങള്‍ ജനദ്രോഹപരം: 
യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് 

കൊച്ചി: സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണമെന്നും മദ്യ വ്യാപന നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. പാലാരിവട്ടം പിഒസിയില്‍ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മദ്യശാലകള്‍ക്കുള്ള അനുമതിയും  തൊഴിലിടങ്ങളെ  മദ്യവത്ക്കരിക്കാന്‍ പബുകള്‍ തുറക്കുന്ന അപകടകരമായ രീതിയും അധാര്‍മ്മികവും, നിയമവിരുദ്ധവും ആണ്. മയക്കുമരുന്നിന്റെ കുത്തൊഴുക്ക് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഉറവിടത്തെകുറിച്ചും, പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കള്‍ എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. മദ്യപ്പുഴ ഒഴുക്കി നവകേരളം സൃഷ്ടിക്കാനുള്ള അഭിനവ നാവോത്ഥാന നായകന്മാരുടെ നീക്കങ്ങള്‍ അപഹാസ്യവും അപലപനീയവുമാണ.് മദ്യവര്‍ജ്ജന നയം പ്രസംഗങ്ങളിലും, പരസ്യങ്ങളിലും മാത്രമായിരിക്കുന്നു. പുതിയ തലമുറയെ മദ്യാസക്തരാക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ മദ്യലോപികള്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനമാണ്. വീര്യംകുറഞ്ഞ ലഹരികള്‍ ക്രമേണ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും ഇത് മാനവനാശത്തിന്റെ സൂചനയാണെന്നും സമിതി വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദര്‍ ജോണ്‍ അരീക്കല്‍ അധ്യക്ഷനായിരുന്നു.  പ്രോഗ്രാം സെക്രട്ടറി ശ്രീ. സി. എക്‌സ്. ബോണി സ്വാഗതം പറഞ്ഞു. മേഖലാ ഡയറക്ടര്‍മാരായ ഫാദര്‍ ടി.ജെ ആന്റണി, ഫാദര്‍ ദേവസി പന്തല്ലൂക്കാരന്‍, ഫ. ആന്റണി അറക്കല്‍, ഫാദര്‍ ജോണ്‍ വടക്കേക്കളം, ഫാദര്‍ ചാക്കോ കുടിപ്പറമ്പില്‍, ഫാദര്‍ ജേക്കബ് കപ്പലുമാക്കല്‍,എന്നിവരും, സംസ്ഥാന സമിതി അംഗങ്ങളായ ശ്രീ. തോമസ് മണക്കുന്നേല്‍, ശ്രീമതി ജെസ്സി ഷാജി, അന്തോണികുട്ടി എന്നിവരും പ്രസംഗിച്ചു.


 

Comments

leave a reply

Related News