യൂറോപ്പ് - യുകെ കൺവെൻഷനിൽ സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും, മറ്റു സഭാധ്യക്ഷന്മാരും ലിയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 13ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അര്‍പ്പിച്ചിരിന്നു. ജൂൺ പതിനഞ്ചാം തീയതിയാണ് വത്തിക്കാനിൽവെച്ച് പാപ്പയുമായി മലങ്കര കത്തോലിക്ക സഭാനേതൃത്വം കൂടിക്കാഴ്ച നടത്തിയത്.
67ാം പിറന്നാൾ ആഘോഷിക്കുന്ന കർദ്ദിനാൾ ക്ലീമിസ് ബാവയ്ക്കു ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിൻ്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ ആശംസകളും പാപ്പ സ്നേഹപൂർവ്വം നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും പാപ്പ ആശംസകൾ അർപ്പിച്ചു. ഭാരതത്തിൽ, വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയിൽ, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ പാപ്പ, ഭവനങ്ങളിലും ഹൃദയങ്ങളിലും പ്രത്യേകമായി, യുവജനങ്ങളില്‍ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു താൻ പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.
തോമാശ്ലീഹാ, തൻ്റെ പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയിൽ പാകിയ നല്ല വിത്തിൻ്റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിൻ്റെ ആവശ്യകത മാർ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും പ്രേഷിതദൗത്യം വാക്കുകൾ കൊണ്ടല്ല, മറിച്ച് പുണ്യപൂർണമായ ജീവിതത്തിലൂടെയും, യഥാർത്ഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂർത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പാപ്പ പറഞ്ഞു. ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊർജ്ജത്തിൻ്റെയും, അപ്പസ്തോലിക ജീവകാരുണ്യത്തിൻ്റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.










Comments