നമ്മുടെ ആന്തരികമായ ബധിരത നീക്കാൻ പ്രാർത്ഥിക്കൂ: പാപ്പ
വത്തിക്കാൻ സിറ്റി: നമുക്ക് ചെവികളുണ്ടെങ്കിലും നാം പലപ്പോഴും ശ്രവിക്കുന്നില്ലെന്ന് ഫ്രാൻസിസ് പാപ്പ. ത്രികാല പ്രാർത്ഥനക്കു ശേഷം വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. യേശുവിനോട് നമ്മുടെ ആന്തരികമായ ബധിരത നീക്കം ചെയ്യാൻ പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് പാപ്പ അഭ്യർത്ഥിച്ചു. ബധിരനായ ഒരു മനുഷ്യന് യേശു സംസാരശേഷി നൽകിയ വചനഭാഗം ഉദ്ധരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ. ഹൃദയങ്ങൾക്ക് സൗഖ്യം ലഭിച്ചാൽ മാത്രമേ ശ്രവണം സാധ്യമാകൂ. ശാരീരികമായ ബധരിതയേക്കാൾ ഗുരുതരമാണ് ഹൃദയങ്ങളുടെ ബധിരത. നമ്മുടെ തിരക്കുകൾക്കിടയിൽ എല്ലാവരോടും എല്ലാറ്റിനോടും നാം വഴങ്ങാതെ പോകുന്നുണ്ട്. ചിലപ്പോൾ ദൈവത്തോടും നമ്മുടെ സഹോദരീ സഹോദരന്മാരോടും നാം ഇങ്ങനെതന്നെ പെരുമാറുന്നു. മറ്റുള്ളവരുടെ ജീവിതങ്ങളെ തൊടാൻ ശീലിച്ചാൽ വിശ്വാസത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്നും വളരേണ്ടതെങ്ങനെയെന്നും നമുക്ക് പഠിക്കാൻ കഴിയും. കുടുംബജീവിതത്തിൽ വാക്കുകൾ കൊണ്ടല്ല, മൗനം കൊണ്ടാണ് സംവാദം ആരംഭിക്കേണ്ടത്. സുവിശേഷങ്ങളിലൂടെ നാം ദൈവത്തെ ശ്രവിക്കണം. ആത്മീയമായ ആരോഗ്യത്തിനുള്ള ഔഷധമെന്നത് മൗനം പാലിക്കലും ശ്രവിക്കലുമാണ്. മറ്റ് വാക്കുകൾ കുറച്ചുകൊണ്ട് ദൈവവചനം കൂടുതലായി ശ്രവിക്കുവാൻ നാം ശീലിക്കണം പാപ്പ പറഞ്ഞു.
Comments