കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രി (CMHM), ആലുവ സെന്റ് ഡൊമിനിക്‌സ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘Listening Corner – കേൾക്കാൻ ഒരിടം’ എന്ന മാനസികാരോഗ്യ പിന്തുണാ സംരംഭം ആലുവ DYSP ബൈജു പൗലോസ് ഉദ്ഘാടനം ചെയ്തു. സെന്‍റ് ഡൊമിനിക്സ് ദേവാലയത്തിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി സെന്റ് ഡൊമിനിക്‌സ് ചർച്ച് ആലുവ, സെന്റ് ജോസഫ് ചർച്ച് മംഗലപ്പുഴ, സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ച് തൈക്കാട്ടുകര എന്നീ ദേവാലയങ്ങൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്.
വ്യക്തികളുടെ വൈകാരിക ക്ഷേമം, മാനസികാരോഗ്യം, വ്യക്തിത്വവികസനം എന്നിവയ്ക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് Listening Corner ആരംഭിച്ചിരിക്കുന്നത്. ജീവിതത്തിലെ വിവിധ പ്രതിസന്ധികളും മാനസിക സമ്മർദ്ദങ്ങളും ബന്ധങ്ങളിലെ പ്രശ്നങ്ങളും മറ്റും പങ്കുവയ്ക്കുന്നതിനും, വിധിയെഴുത്തുകളില്ലാതെ ഒരാളെ കേൾക്കുന്നതിനും ആവശ്യമായ ഒരു സുരക്ഷിത ഇടം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 12 വരെ സേവനങ്ങൾ ലഭ്യമാണ്.
‘Reconnect – Rediscover – Reclaim’ എന്ന ആശയത്തെ മുൻനിർത്തിയാണ് Listening Corner പ്രവർത്തിക്കുക. മുതിർന്നവർ, ദമ്പതികൾ, കുടുംബങ്ങൾ തുടങ്ങി മാനസിക പിന്തുണയും ഒരാളുടെ ശ്രദ്ധാപൂർവമായ കേൾവിയും ആവശ്യമുള്ളവർക്ക് ഈ സംരംഭം പ്രയോജനപ്പെടും. “കേൾക്കാൻ ഒരിടം” എന്നത് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം നൽകുന്നതിനു മാത്രമല്ല, ഒരാളുടെ വേദനയും ആശങ്കകളും പ്രതീക്ഷകളും മനസ്സിലാക്കി കൂടെ നിൽക്കുന്നതിനുള്ള ഒരു ഇടം കൂടിയാണ് എന്ന് സംഘാടകർ അറിയിച്ചു.
CMHM എറണാകുളം ജില്ലാ കോഡിനേറ്റർ ഷിനി തോമസ് സ്വാഗതം ആശംസിച്ചു. സെന്റ് ഡൊമിനിക്‌സ് ദേവാലയ വികാരി ഫാ. ജോയി ചക്യത്ത് ആമുഖപ്രസംഗം നടത്തി. സ്നേഹപുരം പള്ളി വികാരി ഫാ. വർഗീസ് ഇടശ്ശേരി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഫാ. ബിജു സി.എസ്.ടി., ലെസ്ലി പള്ളിത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. പവിന്‍ ജോസ് കൃതജ്ഞത പറഞ്ഞു.










Comments