മുന്‍കൂര്‍ സൂചന കിട്ടിയതിനാല്‍ ഐ എസ് ബന്ധമുള്ള
കുടുംബത്തിലെ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തു
ഈസ്റ്റര്‍ ദിനത്തില്‍ ആരാധനാലയങ്ങള്‍ക്കു നേരേ ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് സ്ത്രീകളും മൊറോക്കോയില്‍ നിന്നു കുടിയേറിയ കുടുംബത്തിലെ അംഗങ്ങള്‍. ഫ്രഞ്ച് കോളനി രാജ്യമായിരുന്ന മൊറോക്കോയുടെ തലസ്ഥാന നഗരമായ റബാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ടെറിട്ടോറിയല്‍ സര്‍വേലന്‍സ് (ഡിജിഎസ്ടി) ആണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള കുടുംബത്തെ പറ്റിയുള്ള മുന്‍കൂര്‍ സൂചന ഫ്രാന്‍സിനു നല്‍കിയത്.
മോണ്ട്‌പെല്ലിയറിലെ ഒരു പള്ളി ആക്രമിക്കാന്‍ തയ്യാറെടുപ്പു നടത്തിയ അഞ്ച് സ്ത്രീകള്‍ ബേസിയറില്‍ പോലീസ് കസ്റ്റഡിയിലാണെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനും നാഷണല്‍ പോലീസും അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആക്രമണ പദ്ധതിക്കു നേതൃത്വം നല്‍കിയ യുവതി, അവരുടെ അമ്മ, മൂന്നു സഹോദരിമാര്‍ എന്നിവരെയാണ്് അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തു നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത സാധനങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നു കണ്ടെത്തി.
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ കാണിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഒക്ടോബറില്‍ മത തീവ്രവാദികള്‍ കൊലപ്പെടുത്തിയ സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റിയുടെ ചിത്രവും ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പോലീസിനു ലഭിച്ചു. അക്രമപ്രവര്‍ത്തനത്തിനുള്ള പദ്ധതി വിവരിക്കുന്ന രേഖകള്‍, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെയും നാസിസത്തെയും വാഴ്ത്തുന്ന പ്രസിദ്ധീകരണങ്ങള്‍, വീടിനടുത്തുള്ള പള്ളിയുടെ മാപ്പ്, സെല്‍ ഫോണില്‍ നിന്നു നിയന്ത്രിക്കാവുന്ന വെടിവയ്പ്പ് ഉപകരണം, ജാപ്പനീസ് വാള്‍ എന്നിവയും പിടിച്ചെടുത്തു.
ഈസ്റ്റര്‍ അവധിക്കാലത്ത് താന്‍ നടപ്പാക്കാന്‍ പോകുന്നത് വന്‍ പരിപാടിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ യുവതി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നതായി ഫ്രാന്‍സിന്‍ഫോ റേഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുന്നതിനുള്ള അവസാന ഘട്ടത്തിലാണ് 18 വയസുള്ള മൊറോക്കന്‍ വംശജയായ ഫ്രഞ്ച് യുവതിയുടെ വിവരം ഫ്രാന്‍സിനു നല്‍കിയതെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ അന്താരാഷ്ട്ര സഹകരണത്തിന് മൊറോക്കോ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഡിജിഎസ്ടി അറിയിച്ചു.
2015 മുതല്‍ ഇസ്ലാമിക തീവ്രവാദികള്‍ വേരുറപ്പിച്ചിരിക്കുന്ന ഫ്രാന്‍സില്‍ തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് ഭരണകൂടം നല്കിയിരിക്കുന്നത്. 2015 നവംബര്‍ 13 ന് പാരീസിലും നഗരത്തിന്റെ വടക്കന്‍ നഗരപ്രാന്തത്തിലും നടന്ന ഇസ്‌ളാമിക ഭീകരാക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെടുകയും 400 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖ്, സിറിയ, ആഫ്രിക്കയിലെ സഹേല്‍ മേഖല എന്നിവിടങ്ങളിലെ സൈനിക നടപടികളെത്തുടര്‍ന്ന് ഇസ്‌ളാം ബന്ധമുള്ള തീവ്രവാദ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി ഫ്രാന്‍സ് മാറി. ഒരു വയോധിക വൈദികനെ മദ്ബഹായില്‍ കയറി കഴുത്തറുത്തു കൊന്ന സംഭവവും രാജ്യത്തെ ഞെട്ടിച്ചിരുന്നു.
2017 ഒക്ടോബറില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തീവ്രവാദ വിരുദ്ധ നിയമത്തില്‍ ഒപ്പുവെച്ചതോടെ ജഡ്ജിമാരുടെ അനുമതി ആവശ്യമില്ലാതെ പ്രതികളെ തിരയാനും അറസ്റ്റ് ചെയ്യാനും പോലീസിന് കൂടുതല്‍ അധികാരം ലഭിച്ചു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തീവ്രവാദം പ്രചരിപ്പിക്കുന്ന തരത്തില്‍ നിലപാടുകള്‍ സ്വീകരിച്ച നിരവധി മോസ്‌ക്കുകള്‍ രാജ്യത്തു അടച്ചുപൂട്ടിയിരുന്നു.
ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഈയിടെയാണ് കണ്ടെത്തിയതത്. പോലീസ് കസ്റ്റഡിയിലുള്ള ഇസ്ളാം മത ശുശ്രൂഷകനായ നൗഫേര്‍ മൗലവിയാണതെന്ന് പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ഹാജുള്‍ അക്ബര്‍ എന്നയാളും മൗലവിയെ സഹായിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 32 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു പള്ളികളില്‍ നടന്ന ഒമ്പത് ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് 2019 ഈസ്റ്റര്‍ ദിനത്തില്‍ മരിച്ചത്.മൂന്നു പോലീസ് ഉദ്യോഗസ്ഥരുള്‍പ്പട്ടെ 500 റിലധികം ആളുകള്‍ക്ക് സ്ഫോടനങ്ങളില്‍ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണങ്ങള്‍ നടന്നത്. സംഭവത്തില്‍ ഫലപ്രദ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ സംയുക്തമായി രംഗത്തുണ്ടായിരുന്നു.
ബോംബ് സ്ഫോടനം നടത്തിയ ചാവേറുകളോടു ക്ഷമിച്ചതായി ശ്രീലങ്കയിലെ റോമന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരുന്നു.. കോവിഡ് ഭീതിയില്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കി ടിവിയിലൂടെ നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തിലാണ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ക്ഷമയുടെ അനുഭവം പങ്കുവച്ചത്. 'ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്കു സ്നേഹമാണു ഞങ്ങള്‍ നല്‍കിയത്. അവരോടു ക്ഷമിച്ചു കഴിഞ്ഞു' കര്‍ദിനാള്‍ പറഞ്ഞു.
ബാബു കദളിക്കാട്
Comments