Foto

ഗ്രാന്‍ഡ് ആയത്തുള്ളയുമായി സൗഹൃദപാതകള്‍ തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

നജാഫിലെ ആയത്തുള്ള അല്‍-സിസ്താനിയുടെ
വസതിയില്‍ സ്‌നേഹ നിര്‍ഭരമായ കൂടിക്കാഴ്ച

ഷിയ ഇസ്ലാമിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതന്മാരില്‍ ഒരാളായ ഗ്രാന്‍ഡ് ആയത്തുള്ള അല്‍-സിസ്താനിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.കടുത്ത സുരക്ഷാ ഭീഷണികളെ തൃണവല്‍ഗണിച്ചും  കോവിഡ് വ്യാപനത്തെ കൂസാതെയും അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി തുടക്കം കുറിച്ച ഇറാക്ക് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചരിത്രമറങ്ങുന്ന നജാഫില്‍ ആയത്തുള്ള അല്‍-സിസ്താനിയുടെ വസതിയില്‍ ആയിരുന്നു സ്‌നേഹ സംഗമം.
 
ദീര്‍ഘ കാലമായുള്ള സമാധാനപരമായ സഹവര്‍ത്തിത്വം തുടരാന്‍ ഇറാഖിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോട് രചനാത്മകമായി രാജ്യത്തെ മുസ്ലിംകള്‍ സഹകരിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് സൗഹാര്‍ദ്ദപൂര്‍ണമായ കൂടിക്കാഴ്ചാ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആയത്തുള്ള അല്‍-സിസ്താനിയോട് അഭ്യര്‍ത്ഥിച്ചു.ആയത്തുള്ളയുടെ ഓഫീസും വത്തിക്കാനും സംയുക്തമായി എല്ലാ വിശദാംശങ്ങളും വിലയിരുത്തി മാസങ്ങളോളം നീണ്ട തയ്യാറെടുപ്പെടുത്തിരുന്നു ചരിത്ര സന്ദര്‍ശനത്തിന്.

നജാഫിന്റെ ഇടുങ്ങിയതും നിരകളുള്ളതുമായ റസൂല്‍ സ്ട്രീറ്റിലൂടെ കോണ്‍വോയ് എത്തിയ ശേഷം ഏതാനും മീറ്ററുകള്‍ നടന്നാണ് 84-കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വര്‍ണ്ണ താഴികക്കുടമുള്ള ഇമാം അലി ദേവാലയത്തിനു സമീപത്തെ സിസ്താനിയുടെ ലാളിത്യമാര്‍ന്ന വാടക വീട്ടിലേക്കു പ്രവേശിച്ചത്. പതിറ്റാണ്ടുകളായി സിസ്താനി ഇവിടെ താമസിക്കുന്നു. വശങ്ങള്‍ തുറന്ന പരമ്പരാഗത പോപ് മൊബൈലിനു പകരം, ഫ്രാന്‍സിസ് പാപ്പ ഒരു കവചിത കാറിലാണ് യാത്ര ചെയ്യുന്നത്.


ഷിയ ഭൂരിപക്ഷമുള്ള ഇറാഖില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് സിസ്താനി. മതപരവും മതേതരവുമായ കാര്യങ്ങളില്‍  അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ലോകമെമ്പാടുമുള്ള ഷിയ സമൂഹം തേടുന്നു.പരമ്പരാഗത വസ്ത്രം ധരിച്ച ഒരു കൂട്ടം ഇറാഖികള്‍ മാര്‍പാപ്പയെ വസതിക്കു മുന്നില്‍ സ്വാഗതം ചെയ്തു. മാസ്‌ക് ധരിച്ച പാപ്പ വാതില്‍ക്കല്‍ പ്രവേശിക്കവേ സമാധാനത്തിന്റെ അടയാളമായി അവര്‍ വെളുത്ത പ്രാവുകളെ പറത്തി. വാതില്‍ അടച്ചിട്ട് ഇരുവരും നടത്തിയ സംഭാഷണത്തില്‍ ഇറാഖിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളായിരുന്നു മുഖ്യം.

ഇറാക്കില്‍ കുറഞ്ഞുവരുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്, സിസ്താനിയില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം നിര്‍ണ്ണായകമാകും. തങ്ങള്‍ക്കെതിരെ  ഷിയ സൈനികരില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സമൂഹം ഏറെക്കാലമായി അഭ്യര്‍ഥിച്ചിരുന്നു. സന്ദര്‍ശനം ഇറാഖ് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തു.'നിരവധി വര്‍ഷങ്ങളായി രക്തസാക്ഷിത്വം വരിക്കുന്ന ഒരു ദേശത്തോടുള്ള കടമയാണ്' തന്റെ സന്ദര്‍ശനമെന്ന് സിസ്താനിയുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പാപ്പ പറഞ്ഞു.ദശകങ്ങളായി ഭയങ്കര ദുരിതമനുഭവിക്കുന്ന രാജ്യത്തോടുള്ള സ്‌നേഹപ്രവൃത്തിയാണ് ഈ യാത്ര - വത്തിക്കാന്‍ വക്താവ് പറഞ്ഞു.

സെന്‍ട്രല്‍ ബാഗ്ദാദില്‍ അസംഖ്യം ബാനറുകളും പോസ്റ്ററുകളും വിന്യസിച്ചാണ് ഇറാഖികള്‍ സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ചിത്രീകരിക്കുന്ന ബോര്‍ഡുകളില്‍ 'ഞങ്ങള്‍ എല്ലാവരും സഹോദരന്മാരാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രധാന പാത അലങ്കരിക്കുന്നു. മധ്യ തഹ്രിര്‍ സ്‌ക്വയറില്‍, വത്തിക്കാന്‍ ചിഹ്നം കൊണ്ട് അലങ്കരിച്ച ഒരു മോക്ക് ട്രീ സ്ഥാപിക്കപ്പെട്ടു. ഇറാഖി, വത്തിക്കാന്‍ പതാകകള്‍ തെരുവുകളില്‍ അണിനിരക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്നോട്ടുവയ്ക്കുന്ന 'സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ' സ്വാഗതം ചെയ്യാന്‍ ഇറാഖികള്‍ ഉത്സുകരാണെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്‍ പറഞ്ഞു. 'മിനാരവും ദേവാലയ മണികളും' തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍പാപ്പ നാളെ  നസിറിയയില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും ദിവ്യബലി അര്‍പ്പിക്കും. കനത്ത സുരക്ഷയാണ് ഇറാഖിലെങ്ങും ഒരുക്കിയിട്ടുള്ളത്. 10,000 സൈനികരെ വിവിധ മേഖലകളിലായി വിന്യസിച്ചതായി ഇറാഖിന്റെ സംയുക്ത സേനാ വക്താവ് തഹ്സിന്‍ അല്‍ ഖഫാജി പറഞ്ഞു.മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച മാര്‍പാപ്പ റോമിലേക്ക് മടങ്ങും.

ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹ് 2019 ജൂലൈയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. ഇറാഖിനെ, പ്രത്യേകിച്ച് രാജ്യത്തെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ ജനതയെ നിരാശപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന പരാമര്‍ശത്തോടെയാണ്് ഇറാഖ് പ്രസിഡന്റിന്റെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ സമുദായത്തെ പിന്തുണയ്ക്കാനും അവരുമായി അടുത്തിടപഴകാനുമുള്ള അവസരം പാപ്പ സസന്തോഷം സ്വീകരിച്ചു. 2014-2017 ലെ അക്രമാസക്തമായ ഇസ്ലാമിക് സ്റ്റേറ്റ് ഭരണകാലത്ത് ക്രിസ്തുവിന്റെ കാലം മുതലുള്ള വടക്കന്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം വര്‍ഷങ്ങളായുള്ള രാജ്യത്തെ കലാപ അന്തരീക്ഷങ്ങള്‍ക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്.

ബാബു കദളിക്കാട് ✍️

Foto

Comments

leave a reply

Related News