Foto

വിശ്വാസത്തിന് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതമേഖലകളിൽ സുപ്രധാന പങ്കുവഹിക്കാനുണ്ട്: ലിയോ പതിനാലാമൻ പാപ്പാ

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ "ഗൗദിയും എത് സ്‌പേസ്" എന്ന അജപാലന പ്രമാണരേഖയുടെ അറുപത്തിമൂന്ന് മുതൽ എഴുപത്തിയാറ് വരെയുള്ള ഖണ്ഡികകളെ അധികരിച്ച് “വിശ്വാസവും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതവും (GS, 63-76)” എന്ന പ്രമേയത്തെക്കുറിച്ചാണ് ഈ ബുധനാഴ്ച പരിശുദ്ധ പിതാവ് സംസാരിച്ചത്.

പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ട പ്രത്യേക വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് താൻ നടത്താനിരിക്കുന്ന അപ്പസ്തോലിക യാത്രയ്ക്കായി ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. ഈ അപ്പസ്തോലിക യാത്ര എല്ലാവരുടെയും വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്താനും പ്രത്യാശ പുതുക്കാനും ഉപവിയുടെ അഗ്നി വീണ്ടും ജ്വലിപ്പിക്കാനും സന്തോഷത്തോടെ സുവിശേഷം പ്രഘോഷിക്കുന്ന ദൗത്യം തുടരുന്നതിൽ ശക്തിപകരാനും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തുടർന്ന് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

Comments

leave a reply

Related News