ബിഷപ് ഴാങ്ങ് എവിടെ ? ചൈനയിലെ കത്തോലിക്കർ ചോദിച്ചുകൊണ്ടേയിരിക്കുന്നു...
ബീജിങ്ങ് : ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം അംഗീകരിച്ചിട്ടുള്ള കത്തോലിക്കാസഭയിൽ ചേരാത്തതിന്റെ പേരിൽ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത ഹീബെയ് പ്രവിശ്യയിലെ സിൻസിയാങ്ങ് രൂപതാമെത്രാൻ ബിഷപ്പ് ഴാങ്ങ് എവിടെയാണെന്നോ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ആർക്കും ഇപ്പോഴും വിവരമില്ല. 1 ലക്ഷം കത്തോലിക്കരാണ് ഈ രൂപതയിലുള്ളത്. കത്തോലിക്കാസഭ ബിഷപ് ഴാങ്ങിനെ അംഗീകരിക്കുമ്പോൾ ചൈനീസ് ഭരണകൂടം അദ്ദേഹത്തിന്റെ നിയമനം ഇനിയും അംഗീകരിച്ചിട്ടില്ല.
2021 മേയ് 20-21 തീയതികളിലാണ് ആറോളം പൊലീസുകാർ എത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. കാങ്‌ഴൂവിലെ ഒരു സെമിനാരിയിലും പൊലീസ് റെയിഡുണ്ടായി. 10 വൈദികരും 13 സെമിനാരി വിദ്യാർത്ഥികളും അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് സെമിനാരി വിദ്യാർത്ഥികളെ വീട്ടികാർക്ക് കൈമാറിയെങ്കിലും, അവരുടെ ദൈവശാസ്ത്ര പഠനം അനുവദിച്ചില്ല.
മതങ്ങളെ നിയന്ത്രിക്കുന്ന കർശന നിയന്ത്രണങ്ങൾ 2021 മേയ് മാസത്തിൽ നിലവിൽ വന്നതായി യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ഭരണകൂടത്തെ അനുകൂലിക്കുന്ന മെത്രാൻ സമിതി അംഗീകരിച്ചാലേ പുതിയ മെത്രാന്മാരെ മാർപ്പാപ്പയ്ക്ക് വാഴിക്കാനാകു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വൈദികർക്ക് അജപാലന പ്രവർത്തനങ്ങൾ നടത്താൻ അധികൃതരുടെ സർട്ടിഫിക്കറ്റ് വേണമെന്നു മാത്രമല്ല, അത് കൂടെക്കൂടെ പുതുക്കിക്കൊണ്ടിരിക്കണമെന്നുമുണ്ട്.
സിൻസിയാങ് രൂപതയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നതിൽ നിന്ന് ബിഷപ്പ് ഴാങ്ങിനെ അധികൃതർ വിലക്കിയിരുന്നു. 2010-ൽ രൂപതയുടെ ധനകാര്യങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ഒരു അഡ്മിനിസ്ട്രറ്ററെ ചൈനീസ് ഭരണകൂടം നിയമിക്കുകയുണ്ടായി. കഴിഞ്ഞവർഷം രൂപത നടത്തിവന്ന കിന്റർ ഗാർട്ടനുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണകൂടം അടച്ചു പൂട്ടി.
ജൂലൈ 22ന് ബിറ്റർ വിന്റർ റിപ്പോർട്ട് മനസ്സാക്ഷിക്ക് വിരുദ്ധമായ പ്രവർത്തനമെന്ന നിലയിൽ ബിഷപ്പിന്റെ അറസ്റ്റിനെ ചിത്രീകരിക്കുകയുണ്ടായി. ടൂറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്റ്റഡീസ് ന്യൂ റിലീജിയൻസ് ആണ് ബിറ്റർ വിന്റർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ചൈനയിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള സ്ഥിതിവിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.
ചൈനീസ് ഭരണകൂടവുമായി നയതന്ത്ര തലത്തിലുള്ള താത്കാലിക ഒത്തുതീർപ്പ് 2020ലാണ് വത്തിക്കാൻ പുതുക്കിയത്. എന്നാൽ ഈ നയതന്ത്ര നീക്കം ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള തുടക്കമായി കരുതിയാൽ മതിയെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു. 10 ദശലക്ഷം കത്തോലിക്കരാണ് ചൈനയിലുള്ളത്. അവരുടെ പ്രശ്‌നങ്ങൾ ഒരുമിച്ച് പരിഹരിക്കാനാവില്ല. ഈ ഒത്തുതീർപ്പിലൂടെ അനധികൃതമായി ബിഷപ്പുമാരെ ഭരണകൂടത്തിനു നിയമിക്കാനാവില്ല- വത്തിക്കാൻ പ്രതിനിധി പറഞ്ഞു. ഭരണകൂടത്തിന്റെ മതവിശ്വാസത്തെ സംബന്ധിക്കുന്ന നിയമങ്ങൾ അംഗീകരിക്കാത്ത കത്തോലിക്കർ ചൈനയിൽ ഏറെയുണ്ടെന്ന് യുസിഎ വാർത്തയിലുണ്ട്.
Comments