പരിസ്ഥിതി പരിപോഷണ ശില്പശാല സംഘടിപ്പിച്ചു
ആത്മീയ ചിന്തയും പാരിസ്ഥിതിക പ്രവർത്തനങ്ങളും പരസ്പര പൂരകമായി നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാരിത്താസ് ഇന്ത്യ നാഷണൽ ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി അഭിപ്രായപ്പെട്ടു. ഫ്രാൻസീസ് മാർപാപ്പായുടെ ലൗദാത്തോ സി ചാക്രികലേഖനം അടിസ്ഥാനമാക്കി കെ.സി.ബി.സി യുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറം നടപ്പാക്കുന്ന പ്രകൃതി പരിപോഷണ പദ്ധതിയുടെ ഭാഗമായി മധ്യ കേരള മേഖലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതയ്ക്കുന്ന വിത്ത് വിളയുമ്പോൾ കൊയ്തെടുക്കാൻ ആളില്ലാതെ വരുന്ന അവസ്ഥയിലേക്ക് സമകാലിക പ്രകൃതി ദുരന്തങ്ങളും രോഗദുരിതങ്ങളും നമ്മെ എത്തിച്ചത് മുന്നറിയിപ്പായി കരുതിയുള്ള പ്രവർത്തനങ്ങൾക്ക് നാം നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നുരുന്നി സഹൃദയയിൽ സംഘടിപ്പിച്ച യോഗത്തിൽ കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ, സിസ്റ്റർ ജസീന, എന്നിവർ സംസാരിച്ചു. ഫാ.സ്റ്റാൻലി മാതിരപ്പള്ളി, ഡോ.വി.ആർ. ഹരിദാസ് എന്നിവർ ശില്പ ശാലക്ക് നേതൃത്വം നൽകി.
ഫോട്ടോ: കേരള സോഷ്യൽ സർവീസ് ഫോറം സഹൃദയയിൽ സംഘടിപ്പിച്ച പരിസ്ഥിതി പരിപോഷണ ശില്പശാല കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റർ ജസീന, ബിൻസി ജോർജ്, ഫാ.ജേക്കബ് മാവുങ്കൽ, ഫാ.ജോസ് കൊളുത്തുവെള്ളിൽ, ഫാ. ആൻസിൽ മൈപ്പാൻ എന്നിവർ സമീപം.
ജീസ് പി പോൾ
മീഡിയ മാനേജർ
Comments