തത്സമയ സംപ്രേക്ഷണം പ്രാദേശിക സമയം രാവിലെ 10.30 ന്
ദെവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 11 ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ഫൗസ്റ്റീന കൊവാല്‍സ്‌കയുടെയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇന്‍ സാസിയ ദേവാലയത്തില്‍ ആയിരിക്കും ദിവ്യബലി അര്‍പ്പിക്കുന്നത്. പ്രാദേശിക സമയം രാവിലെ 10.30നു പൊതുജന പങ്കാളിത്തം ഒഴിവാക്കിയുള്ള ദിവ്യബലി ടെലിവിഷനിലൂടെയും തത്സമയ സ്ട്രീമിലൂടെയും പ്രക്ഷേപണം ചെയ്യും.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇന്‍ സാസിയ പള്ളിക്ക് ദൈവകരുണയുടെ ഔദ്യോഗിക ദേവാലയ പദവിയുണ്ട്.വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന 'ദി സിസ്റ്റേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സി' സന്യാസിനി സഭയിലെ അംഗങ്ങളാണ് ഇവിടെ അനുദിന പ്രാര്‍ത്ഥനകള്‍ക്കും, വിവിധ ശുശ്രൂഷകള്‍ക്കും ക്രമീകരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനം ഇവിടെയാണ് ദിവ്യബലി അര്‍പ്പിച്ചത്. കൊറോണ മഹാമാരിക്ക് മുന്‍പ് വരെ എല്ലാ ദിവസവും 3 മണിക്ക് കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയിരുന്നു.
ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായി വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പയാണ് സാന്തോ സ്പിരിത്തോ ഇന്‍ സാസിയ ദേവാലയത്തെ മാറ്റിയെടുത്തത്. 1995-ലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു. ആത്മീയവും, ഭൗതികവുമായ വിടുതല്‍ ലഭിക്കാനായി ദേവാലയത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പാപ്പ അന്ന് എടുത്തു പറഞ്ഞു. ദേവാലയത്തോട് ചേര്‍ന്ന് തന്നെ ഒരു ആശുപത്രിയുമുണ്ട്.
Comments