ക്യൂബൻ ജനതയോട് ഐക്യദാർഢ്യം
പ്രഖ്യാപിച്ച് യു.എസ് മെത്രാൻ സമിതി
ന്യൂയോർക്ക്: കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ക്യൂബൻ ഭരണകൂടത്തിന് എതിരെ ജനരോഷം ആളിക്കത്തുകയാണ്. ജൂലൈ 11 മുതലാണ് ക്യൂബയിലെ തെരുവുകളിലാകെ പ്രതിഷേധം പടർന്നു തുടങ്ങിയത്. ഏതായാലും ദുരിതത്തിലായ ക്യൂബൻ ജനതയോടൊപ്പം നിലകൊള്ളുന്ന ക്യൂബയിലെ മെത്രാന്മാരോട് യു.എസ്. കത്തോലിക്കാ മെത്രാൻ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയാണ് യു.എസ്. മെത്രാൻ സമിതി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
1994-ൽ ക്യൂബയിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ വെല്ലുന്നതാണ് ക്യൂബൻ തെരുവുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധറാലികൾ. അവശ്യ സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയവയ്‌ക്കെല്ലാം ക്ഷാമമാണിവിടെ. പൗരാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കു നടപടികളാണ് ക്യൂബയിൽ അരങ്ങേറുന്നത്. പ്രക്ഷോഭകാരികളെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്ത് തടവിലാക്കുകയാണ്.
''പ്രക്ഷോഭം അടിച്ചമർത്തുകയല്ല വേണ്ടത്. പകരം പ്രക്ഷോഭകാരികളുടെ ആവശ്യങ്ങൾക്ക് ചെവിയോർക്കുകയാണ് വേണ്ട്ത.'' ഔദ്യോഗിക പത്രക്കുറിപ്പിൽ യു.എസ് മെത്രാൻ സമിതി അഭിപ്രായപ്പെട്ടു. ക്യൂബൻ നഗരമായ ഹാവനയിലും മറ്റ് 14 നഗരങ്ങളിലും ജൂലൈ 11 മുതൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി തെരുവീഥികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അമേരിക്ക, ചിലി, സ്‌പെയിൻ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ക്യൂബൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്. ക്യൂബൻ ഭരണകൂടം, ഇന്റർനെറ്റും ഫോൺ ശൃംഖലയുമെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. ഇടവക ദേവാലയങ്ങളിലെ വൈദിക മന്ദിരങ്ങളിൽ
കഴിഞ്ഞിരുന്ന വൈദികർ പോലും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. യു.എസ്. ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ക്യൂബയിലുള്ളതെന്നും അതിനെതിരെ യു.എസ്. പണം കൊടുത്ത് പ്രകടനക്കാരെ അണിനിരത്തുകയാണെന്നും ക്യൂബൻ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച പൊതുദർശന വേളയിൽ പാപ്പ ക്യൂബൻ ജനതയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായി അറിയിച്ചിരുന്നു. ക്യൂബയിൽ കോവിഡിന്റെ ഡെൽറ്റാ വകഭേദമാണ് പടർന്നിട്ടുള്ളത്. 10 ലക്ഷം പേരിൽ 4000 പേർ വീതം കോവിഡ് ബാധിതരാണ് ഇവിടെ. ലോകശരാശരിയുടെ ഒമ്പതിരട്ടി വരുമിത്. ഇതിനകം ക്യൂബയിൽ 3 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു.
ആന്റണി ചടയംമുറി


Comments