Foto

കൊറിയന്‍ ഭാഷയെ സ്‌നേഹിക്കുന്ന യുവജനങ്ങള്‍ക്ക് ആവേശമായി വേള്‍ഡ് യൂത്ത് ഡേ തീം സോംഗ്

ദക്ഷിണകൊറിയയിലെ സോളില്‍ നടക്കുന്ന 2027 ലോകയുവജനദിനത്തിൻ്റെ തീം സോംഗ് പുറത്തിറിക്കി.  കൊറിയന്‍ സംഗീതജ്ഞന്‍ ഫ്രാന്‍സിസ് ജിയൂണ്‍ കിം സംഗീതം പകര്‍ന്ന ‘കോണ്‍ഫിഡിറ്റെ, എഗോ വിസി മുണ്ടം’ (ധൈര്യമായിരിക്കുവിന്‍! ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു) എന്ന പ്രമേയ ഗാനം, കൊറിയന്‍ ഭാഷയെ സ്‌നേഹിക്കുന്ന യുവജനങ്ങള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. 2027 ഓഗസ്റ്റ്  3 മുതല്‍ 8 വരെയാണ് ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന വേള്‍ഡ് യൂത്ത് ഡേ സോളില്‍ അരങ്ങേറുന്നത്.

കൊറിയന്‍ ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഭാഷകളും ഉള്‍പ്പെടുത്തിയ തീം സോംഗ് വിവിധ അഭിരുചികളുള്ള യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ രണ്ട് പതിപ്പായാണ് പുറത്തിറിക്കിയിരിക്കുന്നത്.  434 രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് കൊറിയന്‍ സംഗീതജ്ഞനായ ഫ്രാന്‍സിസ് ജിയൂണ്‍ കിം എഴുതിയ ഈ ഗാനം.  ഇതില്‍ 294 എണ്ണം വിദേശത്തുനിന്നുള്ളവയായിരുന്നു. 1995-ല്‍ ഫിലിപ്പിന്‍സിലെ  മനിലയില്‍ നടന്ന വേള്‍ഡ് യൂത്ത് ഡേയ്ക്ക് ശേഷം ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ലോക യുവജന ദിനമാണ് സോളിലേത്. കൂടാതെ, ക്രൈസ്തവര്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ലോക യുവജന ദിനം കൂടിയാണിത്. ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ 2026-ൻ്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Comments

leave a reply

Related News